കോട്ടയം: തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തു നല്‍കിയെന്നു എഡിജിപി എം.ആര്‍. അജിത്കുമാര്‍. ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് അവര്‍ അന്വേഷിക്കട്ടെയെന്ന് എഡിജിപി പറഞ്ഞു. പൊലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ എഡിജിപി തയാറായില്ല.

പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ സംസാരിച്ചപ്പോള്‍ എഡിജിപി മുഖ്യമന്ത്രിയെ പ്രശംസിക്കുകയും തന്റെ നേട്ടങ്ങള്‍ എണ്ണിപറയുകയും ചെയ്തു. കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി മുഖ്യമന്ത്രി പോലീസ് സേനയോട് അനുഭാവപൂര്‍വ്വമാണ് പെരുമാറയിട്ടുള്ളതെന്ന് പറഞ്ഞ എഡിജിപി, തനിക്കിനി ഇത് പറയാന്‍ അവസരം ലഭിക്കുമോയെന്ന് അറിയില്ലെന്നും കൂട്ടിചേര്‍ത്തു.

യുഡിഎഫിന്റെ ഭരണകാലത്ത് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫാമിലിയുടെ വാഹനം ബ്രേക്ക് ഗ്രൗണ്ട് ആയി. അവിടെ ചെന്ന് ടയര്‍ മാറ്റി കൊടുത്തു. കൂടാതെ തിരിച്ച് എത്തുന്നവരെ മുഴുനീളെ അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു. ഇതെല്ലാം താന്‍ ഇപ്പോഴും ഓര്‍ക്കുന്നു അങ്ങനെ എത്രയെത്ര അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ല ദൈനം ദിനം പോലീസ് സേനയിലെ ഓരോ ഉദ്യോഗസ്ഥരും ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.

പോലീസുകരുടെ എണ്ണത്തില്‍ കുറവുണ്ട്. ജോലിഭാരം കൂടിയിട്ടുണ്ട്. സേനയിലെ പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ ഉതകുന്ന പ്രപ്പോസലുകളും എഡിജിപി മുന്നോട്ടുവച്ചു. പോലീസുകാര്‍ക്ക് സ്വന്തം ഹോം സ്റ്റേഷനില്‍ ജോലിനല്‍കാന്‍ സാധിക്കുമെങ്കില്‍ അതും വേണമെന്നും എംആര്‍ അജിത് കുമാര്‍ പറഞ്ഞു.

പലമാറ്റങ്ങള്‍ക്കും താന്‍ കാരണമായിട്ടുണ്ട്. ജീവന്‍കൊടുത്തും പൊതുജനത്തെ സംരക്ഷിക്കാന്‍ പോലീസിന് ഉത്തരവാദിത്വമുണ്ട്. എന്ത് ആവശ്യപ്പെട്ടാലും അതിവേഗത്തില്‍ നടപടി ലഭിക്കുന്നെന്ന വിശ്വസത്തിലാണ് എല്ലാവരും പോലീസിനെ സമീപിക്കുന്നത്. പോലീസ് ശരിയാണെന്നും സഹായിക്കുമെന്നും ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്. ആ വിശ്വാസത്തിനനുസരിച്ച് ഉയരാനും നിങ്ങള്‍ക്കും എനിക്കും സാധിക്കട്ടെയെന്ന് പറഞ്ഞുകൊണ്ടായിരുന്നു എഡിജിപി പ്രസംഗം അവസാനിപ്പിച്ചത്.

അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതിസന്ധിയിലായതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിലേയ്ക്ക് നീങ്ങിയത്. എഡിജിപി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ ഡിജിപി തല അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.