തലശേരി: കൂത്തുപറമ്പ് സമരത്തിലെ നായകനായിരുന്നു സഖാവ് പുഷ്പ്പന് (54) വിട നല്‍കി നാട്. പുഷ്പന്റെ മൃതദേഹം വൈകുന്നേരം അഞ്ചിന് ചൊക്ലി മേനപ്രത്തെ വീട്ടുപരിസരത്ത് സംസ്‌കരിച്ചു. വെടിയുണ്ടയെ തോല്‍പ്പിച്ച മനക്കരുത്തോടെ മൂന്നുപതിറ്റാണ്ട് ജീവിതത്തോട് പൊരുതിയ പുഷ്പന്റെ മൃതദേഹം കോഴിക്കോട് നിന്നും വിലാപയാത്രയായാണ് ജന്മനാടായ ചൊക്ലിയിലെത്തിച്ചത്. ആയിരങ്ങള്‍ അദ്ദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ ധീരസഖാവിന് അന്ത്യാജ്ഞലി അര്‍പ്പിച്ചു. ഡല്‍ഹിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. അതേസമയം എം വി രാഘവന്റെ മകനായ എം വി നികേഷ് കുമാര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയിലെ പ്രത്യേക ക്ഷണിതവാണ് നികേഷ് കുമാര്‍.

കോഴിക്കോട്ടും കണ്ണൂരിലുമായി നടത്തിയ പൊതുദര്‍ശനങ്ങളില്‍ പ്രിയനേതാവിന് അന്ത്യാഭിവാദ്യമര്‍പ്പിക്കായി ആയിരങ്ങളാണ് അണിനിരന്നത്. ജനനേതാക്കള്‍, ജനപ്രതിനിധികള്‍, ബഹുജന സംഘടനാ നേതാക്കള്‍ തുടങ്ങിവരെല്ലാം ആദരാഞ്ജലി നേര്‍ന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍നിന്ന് ഏറ്റുവാങ്ങിയ പുഷ്പന്റെ ചേതനയറ്റ ശരീരം ശനിയാഴ്ച സന്ധ്യക്കാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിലെത്തിച്ചത്.

ഞായറാഴ്ച രാവിലെ എട്ടിന് കോഴിക്കോടുനിന്നും വിലാപയാത്ര പുറപ്പെട്ടു. എലത്തൂര്‍, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ്, മാഹി, മാഹിപാലം, പുന്നോല്‍ എന്നിവടങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷം പത്തരയോടെ കണ്ണൂരിലെത്തി. തുടര്‍ന്ന് തലശേരി ടൗണ്‍ ഹാള്‍, കൂത്തുപറമ്പ്, പാനൂര്‍, പൂക്കോം, രജിസ്ട്രാപ്പീസ്, ചൊക്ലി രാമവിലാസം സ്‌കൂളില്‍ എന്നിവടങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് പുഷ്പന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. പ്രിയപ്പെട്ടവനെ അവസാനമായി കാണാന്‍ ജനമൊഴുകിയെത്തി.

മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ പുഷ്പ്പന് അന്ത്യയാത്രയേകിയത്. രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ വിരളമായിരുന്നു. പുഷ്പന്റെ ചരിത്രം പാര്‍ട്ടിക്കാര്‍ക്ക് ആവേശമായെങ്കിലും ആ രണഗാഥയ്ക്കാധാരമായ വിഷയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകുന്നതിനും പഷ്പന്‍ സാക്ഷിയായി. അപ്പോഴും ഒരു എതിര്‍ശബ്ദവും ഉയര്‍ത്താതെ പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു പുഷ്പന്‍.

കര്‍ഷക തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാം ക്‌ളാസ് വരെ മാത്രമായിരുന്നു ഔപചാരിക വിദ്യാഭ്യാസം. നാട്ടില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പുഷ്പന്‍, കുടുംബം പുലര്‍ത്താനായി ബംഗലൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്ക് കടയിലായിരുന്നു ജോലി. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തില്‍ ആളിക്കത്തുകയാണ്. പുഷ്പനും അതിന്റെ ഭാഗമായി. അങ്ങനെയാണ് 1994 നവംബര്‍25 വെളളിയാഴ്ച കൂത്തുപറന്പില്‍ എംവി രാഘവനെ തടയാനുളള സമരത്തിന്റെ ഭാഗമാകുന്നത്.

കൂത്തുപറമ്പില്‍ അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സഹകരണ മന്ത്രിയായിരുന്ന എംവി രാഘവന്‍. ചടങ്ങില്‍ അധ്യക്ഷന വഹിക്കേണ്ടിയിരുന്ന മന്ത്രി എന്‍ രാമകൃഷ്ണന്‍, സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ചടങ്ങില്‍ നിന്ന് പിന്‍മാറിയെങ്കിലും രാഘവന്‍ ഉറച്ച് നിന്നു. രാഘവനെ തടയാനായി കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലുമായി രണ്ടായിരത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഒടുവില്‍ മന്ത്രി രാഘവനെത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ഇരച്ചെത്തി. പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ കല്ലേറ് തുടങ്ങി. ഇതോടെയാണ് പൊലീസ് വെടിവയ്പ്പ് ഉണ്ടായി.

പൊലീസ് നടത്തിയ രണ്ട് ഘട്ടമായി നടത്തിയ വെടവയ്പ്പില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് കെകെ രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി റോഷന്‍, പ്രവര്‍ത്തകരായ ഷിബുലാല്‍, മധു, ബാബു എന്നിവര്‍ മരിച്ചു വീണു. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്‌ന നാഡിയിലാണ് പ്രഹരമേല്‍പ്പിച്ചത്. കഴുത്തിന് താഴേക്ക് തളര്‍ന്ന പുഷ്പന്‍ അന്ന് മുതല്‍ കിടപ്പിലായിരുന്നു പാര്‍ട്ടിയുടെ വിലയത്തിലായിരുന്നു പിന്നിടുളള ജീവിതം.

കൂത്തുപറമ്പ് വെടിവയ്പ്പില്‍ പാര്‍ട്ടി പ്രതി സ്ഥാനത്ത് നിര്‍ത്തിയ എംവിആറിനെ രണ്ടു പതിറ്റാണ്ടിനു ശേഷം രാഷ്ട്രീയ ആലിംഗനം ചെയ്യുന്നതും കേരളം കണ്ടു. എംവിആറിന്റെ മകന് നിയമസഭാ സീറ്റും പിന്നീട് പാര്‍ട്ടി പദവിയും നല്‍കി. എന്നാല്‍ പാര്‍ട്ടിക്കപ്പുറം ഒരു വാക്കില്ലാത്ത പുഷ്പന്‍ ഒരു എതിര്‍ശബ്ദവും ഉയര്‍ത്തിയില്ല. വെടിവയ്പ്പിന് കാരണമായ സ്വാശ്രയ കോളകളുടെ കാര്യത്തില്‍ സിപിഎം നിലപാട് മാറ്റുന്നതും പുഷ്പന്‍ കണ്ടു. അപ്പോഴും ഒരു എതിര്‍ ശബ്ദവും ഉയര്‍ത്താതെ പുഷ്പന്‍ അടിയുറച്ച പാര്‍ട്ടിക്കാരനായി തന്നെ തുടര്‍ന്നു. 3 പതിറ്റാണ്ട് കാലത്തെ ചെറുത്തു നില്‍പ്പിന് ശേഷം പുഷ്പന്‍ വിടപറഞ്ഞു. കര്‍ഷകത്തൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി).