- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നടി ഉഷ ഹസീന അമ്മയിലെ സ്ത്രീകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തുന്നു; ഒരുപാട് സെലിബ്രിറ്റീകളുള്ള ഗ്രൂപ്പില്‍ നിന്ന് വാര്‍ത്തകള്‍ പുറത്ത് പോകുന്നത് ഡാറ്റാ ചോര്‍ച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ്'; മെമ്മറി കാര്‍ഡ് വിവാദം കൊഴുക്കുവേ ആരോപണവുമായ നടി മാലാ പാര്‍വതി
മെമ്മറി കാര്‍ഡ് വിവാദം കൊഴുക്കുവേ ആരോപണവുമായ നടി മാലാ പാര്‍വതി
തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ മെമ്മറി കാര്‍ഡ് വിവാദം കൊഴുക്കവേ നടി ഉഷ ഹസീനക്കെതിരെ ആരോപണവുമായി നടി മാല പാര്‍വതി. നടി ഉഷ അമ്മയിലെ വനിതകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാണ് ഉയരുന്ന ആരോപണം. ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകളടക്കം ഒരു യൂട്യൂബ് ചാനലിന് നല്‍കിയെന്നാണ് അവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. തുടരെയുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു മാലാ പാര്‍വതിയുടെ ആരോപണം.
യൂട്യൂബ് ചാനല്‍ അമ്മയിലെ എല്ലാ വിവാദങ്ങളും പിന്നീട് പ്രവചിക്കാന്‍ തുടങ്ങിയെന്നും മാലാ പാര്‍വതി കുറ്റപ്പെടുത്തി. ഗ്രൂപ്പിലെ പല നിയമങ്ങളില്‍ ഒന്ന് ഗ്രൂപ്പിലെ വാര്‍ത്തകള്‍ പുറത്ത് വിടരുതെന്നതായിരുന്നു. ഒരുപാട് സെലിബ്രിറ്റീസ് ഉള്ള ഗ്രൂപ്പില്‍ നിന്ന് വാര്‍ത്തകള്‍ പുറത്ത് പോകുന്നത് ഡാറ്റാ ചോര്‍ച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ് തന്നെയാണെന്നും എന്നാല്‍ യൂട്യൂബ് ചാനലില്‍ സ്‌ക്രീന്‍ ഷോട്ടടക്കം കണ്ടത് ഞെട്ടലുണ്ടാക്കിയെന്നും മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
'ജൂലൈ 16ന് ഒരു യൂട്യൂബ് ചാനലില്‍ താര സംഘടനയില്‍ ജാതിവല്‍ക്കരണവും, കാവിവല്‍ക്കരണവും എന്ന പേരില്‍ ഇറങ്ങിയ യൂട്യൂബ് വീഡിയോയില്‍ ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടു. പത്ത് മിനിറ്റ് 52 സെക്കന്റ് ഉള്ള വീഡിയോയില്‍ 6.05ല്‍ ഒരു സ്‌ക്രീന്‍ ഷോട്ട് പ്രത്യക്ഷമാവുന്നുണ്ട്. ഗ്രൂപ്പിന്റെ ആധികാരികത കാണിക്കാന്‍ ചെയ്തതാണ്. എന്നാല്‍ ആ സ്‌ക്രീന്‍ ഷോട്ടില്‍ നാലാമത്തെ നമ്പര്‍ 'മൈ നമ്പര്‍' എന്നാണ് കിടക്കുന്നത്. അപ്പോള്‍ ആ ഫോണില്‍ നിന്നാണ് ആ സ്‌ക്രീന്‍ ഷോട്ട് പോയിരിക്കുന്നത്', മാലാ പാര്‍വതി ചൂണ്ടിക്കാട്ടി.
ആ നമ്പര്‍ ഉഷ ഹസീനയുടെ രണ്ടാമത്തെ നമ്പറാണെന്നും മാലാ പാര്‍വതി ആരോപിക്കുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് മാലാ പാര്‍വതിയുടെ പോസ്റ്റ്. 'അമ്മയുടെ പെണ്‍മക്കള്‍' എന്ന ഗ്രൂപ്പ് തുടങ്ങുമ്പോള്‍ അമ്മ പറഞ്ഞിട്ട് തുടങ്ങുന്നതാണെന്ന് പറഞ്ഞിരുന്നുവെന്ന് മാലാ പാര്‍വതി പറയുന്നു. ഗ്രൂപ്പില്‍ ചിലര്‍ക്ക് ചില നിയമങ്ങളാണെന്നും അവര്‍ സൂചിപ്പിക്കുന്നു. ഭീഷണിയുടെ സ്വരം അംഗീകരിക്കാന്‍ പറ്റാത്തത് കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന് പറയുന്ന സന്ദേശവും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍, ഗ്രൂപ്പിന് അമ്മയുമായി യുമായി ബന്ധമില്ലെന്നാണ് സരയുവും അഡ്മിന്‍ പാനലിലെ ഒരു അഡ്മിനും മറുപടി നല്‍കിയതെന്ന് പറയുന്ന മാലാ പാര്‍വതി ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് ആര്‍ക്ക് വേണ്ടിയാണെന്നും ചോദിക്കുന്നു. അതേസമയം ഈ പോസ്റ്റുകള്‍ ഇട്ടതിന് പിന്നാലെ ഇത് ഫേസ്ബുക്ക് പേജില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ''ഈ കുറിപ്പുകള്‍ എഴുതുന്നത്, ഇലക്ഷന്‍ വരെ പാടില്ല എന്ന അറിയിപ്പ് വന്നിട്ടുണ്ട്. അത് കൊണ്ട് തല്ക്കാലം ഹൈഡ് ചെയ്യുന്നു. ആരോപണങ്ങളും, വലിയ ഭീഷണിയും ഉള്ളത് കൊണ്ട് ഡിലീറ്റ് ചെയ്യുന്നില്ല'' എന്നാണ് വിശദീകരണ കുറിപ്പായി മാല പാര്‍വതി വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം അമ്മയുടെ മെമ്മറി കാര്‍ഡ് വിവാദത്തിലും ഉഷ ഹസീനയ്ക്കെതിരെ മാലാ പാര്‍വതി രംഗത്തെത്തിയിരുന്നു. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ല. തെരഞ്ഞെടുപ്പില്‍ ബാബുരാജിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ തെരഞ്ഞെടുപ്പ് തന്ത്രമായാണ് താന്‍ കാണുന്നതെന്നും മാലാ പാര്‍വതി വ്യക്തമാക്കിയിരുന്നു.
നടിമാര്‍ പങ്കുവച്ച കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെ എന്ന ചോദ്യമാണ് പ്രിയങ്കയും പൊന്നമ്മ ബാബുവും ഉഷ ഹസീനയുമെല്ലാം ഉന്നയിച്ചത്. കുക്കു പരമേശ്വരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഇവരുടെ ചോദ്യങ്ങള്‍. ഒരുപാട് നടിമാര്‍ പങ്കുവച്ച സുപ്രധാന വിവരങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാണുന്നില്ല എന്ന് പറയുന്നത് വിശ്വസിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.