ലിമ: പെറുവിലെ പ്രശസ്തമായ മച്ചു പിച്ചുവിന് ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്ന് എന്ന പദവി നഷ്ടപ്പെടും. ഇവിടെ വിനോദസഞ്ചാരികള്‍ കുടുങ്ങിയതിനെത്തുടര്‍ന്നാണ് ഈ പദവി നഷ്ടമാകുന്നത്. ടൂറിസം കൈകാര്യം ചെയ്യുന്നതിലെ തുടര്‍ച്ചയായ പരാജയങ്ങള്‍, ഉയര്‍ന്ന ചെലവുകള്‍, സാംസ്‌കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തെ പ്രതികൂലമായി ബാധിക്കുക എന്നിവ കാരണം ചരിത്ര സ്ഥലമായ മച്ചു പിച്ചുവിന് ലഭിച്ച ബഹുമതി പിന്‍വലിക്കപ്പെടുമെന്ന് ന്യൂ സെവന്‍ വണ്ടേഴ്‌സ് എന്ന സംഘടന മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച പുരാതന മച്ചു പിച്ചുവിലെ കോട്ടയ്ക്ക് സമീപം ഒരു പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഉപേക്ഷിച്ചിരുന്നു. നാട്ടുകാര്‍ ട്രാക്കുകള്‍ കുഴിച്ച് പാറകള്‍ കൊണ്ട് ഗതാഗതം തടഞ്ഞതിനെത്തുടര്‍ന്ന് നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഇവിടെ ഒറ്റപ്പെട്ടുപോയിരുന്നു. ടൂറിസം മേഖലയിലെ ബസുകളുടെ കരാറുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടുത്തെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സ്മാരകത്തിന് സമീപം താമസിക്കുന്നവര്‍ക്ക് ഒരു ഗുണവും ഉണ്ടാകാത്ത തരത്തിലാണ് കരാറുകള്‍ നല്‍കിയതെന്നാണ് പരാതി. പ്രശ്നങ്ങളെ തുടര്‍ന്ന് ഇവിടെ സംഘര്‍ഷം വ്യാപകമാണ്.

പ്രശ്നം രൂക്ഷമായാല്‍ ലോകത്തിലെ പുതിയ അത്ഭുതങ്ങളില്‍ ഒന്നായ മച്ചു പിച്ചുവിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പെറു സര്‍ക്കാരിന് കത്ത് അയച്ചതായി ന്യൂ സെവന്‍ വണ്ടേഴ്‌സ് വ്യക്തമാക്കി. 2007 ല്‍ ഇവര്‍ സംഘടിപ്പിച്ച ഒരു ആഗോള വോട്ടെടുപ്പില്‍ ചൈനയിലെ വന്‍മതില്‍, ഇന്ത്യയിലെ താജ്മഹല്‍, മെക്സിക്കോയിലെ ചിചെന്‍ ഇറ്റ്സ എന്നിവയ്‌ക്കൊപ്പം മച്ചു പിച്ചുവും ഒരു ലോകാത്ഭുതമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍, മച്ചു പിച്ചുവിന്റെ മാനേജ്‌മെന്റ് വിനോദസഞ്ചാരികളുടെ വന്‍തോതിലുള്ള ഒഴുക്ക് കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നും വില വന്‍ വര്‍ധനവ് നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും പെറുവിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ സംഘടന പറഞ്ഞു. സാമൂഹിക സംഘര്‍ഷങ്ങള്‍, സ്ഥാപനങ്ങളും ടൂറിസം കമ്പനികളും തമ്മിലുള്ള ഏകോപനമില്ലായ്മ, സന്ദര്‍ശകരുടെ ആവര്‍ത്തിച്ചുള്ള പരാതികള്‍ എന്നിവയും ഉണ്ടായതായി സംഘടന കുറ്റപ്പെടുത്തി.

പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍, ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ മച്ചു പിച്ചുവിന്റെ വിശ്വാസ്യതയെ അത് ബാധിക്കുമെന്നും ന്യൂ സെവന്‍ വണ്ടേഴ്സ് കുറ്റപ്പെടുത്തി. ചരിത്രപരമായ സ്ഥലത്ത് കുറഞ്ഞത് 900 പേരെങ്കിലും കുടുങ്ങിക്കിടക്കുകയായിരുന്നു. തിങ്കളാഴ്ച 1,400 വിനോദസഞ്ചാരികളെ ഒഴിപ്പിച്ചെങ്കിലും രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സാംസ്‌കാരിക കേന്ദ്രമായ അഗ്വാസ് കാലിയന്റസില്‍ ഏകദേശം 900 പേര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ടൂറിസം മന്ത്രി ഡെസിലുവും സമ്മതിച്ചിട്ടുണ്ട്. പലരും മണിക്കൂറുകളോളം നടക്കേണ്ടിയും വന്നിരുന്നു. സംഘര്‍ഷം പരിഹരിക്കപ്പെടുന്നതുവരെ ഇങ്ങോട്ടുള്ള യാത്ര ഒഴിവാക്കാന്‍ സന്ദര്‍ശകരോട് യുഎസ് എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.