കണ്ണൂര്‍: മാടായി കോളേജ് നിയമന വിവാദത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഖാദി ലേബര്‍ യൂണിയന്‍ സംഘടിപ്പിച്ച കെ.പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിക്ക് എത്തിയപ്പോഴായിരുന്ന ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ജയരാജനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൈയ്യേറ്റ ശ്രമം നടത്തിയത്.

അതേസമയം ബുധനാഴ്ച വൈകിട്ട് പഴയങ്ങാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ബുധനാഴ്ച്ച വൈകുന്നേരം സംഘര്‍ഷമുണ്ടായി. എം.കെ രാഘവന്‍ എം പി യെ അനുകൂലിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനം നടത്താന്‍ ഒരുങ്ങിയതാണ് സംഘര്‍ഷത്തിന് കാരണം. എതിര്‍പ്പും പ്രതിഷേധവുമായി എതിര്‍വിഭാഗം രംഗത്തെത്തിയതോടെ ഉന്തും തള്ളും വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി വിവരമറിഞ്ഞെത്തിയ പഴയങ്ങാടി പൊലീസാണ് സ്ഥിതി ശാന്തമാക്കിയത്.

ഇതിനിടെ, മാടായി കോളേജില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എം.കെ രാഘവന്‍ ചെയര്‍മാനായ പ്രിയദര്‍ശിനി ട്രസ്റ്റ് നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടികാഴ്ച നടത്തി. മാടായി കോളേജ് നിയമന തര്‍ക്കത്തില്‍ കഴിഞ്ഞ ദിവസം എം.കെ രാഘവനെ വഴിയില്‍ തടഞ്ഞതിന് ഡി.സി.സി സസ്‌പെന്‍ഡ് ചെയ്ത ബ്‌ളോക്ക് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരാണ് ബുധനാഴ്ച രാവിലെ കണ്ണൂര്‍ പയ്യാമ്പലത്തെ ഗസ്റ്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കാണാനെത്തിയത്.

കോണ്‍ഗ്രസ് കുഞ്ഞിമംഗലം മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി സതീഷ് കുമാര്‍, കെ.പി.ശശി വി.വി പ്രകാശന്‍,നിധിഷ് ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാവിനെ കണ്ടത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് വി.ഡി സതീശന്‍ ഉറപ്പു നല്‍കിയതായി പുറത്താക്കിയവര്‍ അറിയിച്ചു. എം.കെ രാഘവനെതിരെ നടപടിയാവശ്യപ്പെട്ട് കണ്ണൂര്‍ ഡി.സി.സിയും രംഗത്തുവന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് ഡി.സി.സി നേതൃത്വം കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന് കത്തുനല്‍കി.

കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ കെ. സുധാകരനോട് മാടായിയിലെ നിയമനവിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ബോധ്യപ്പെടുത്തിയതായാണ് വിവരം. മാടായി കോളേജിന്റെ ഭരണം നടത്തുന്ന പ്രിയദര്‍ശിനി ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എം.കെ രാഘവനെ നീക്കിയില്ലെങ്കില്‍ പ്രവര്‍ത്തകരുടെ രോഷം തണുപ്പിക്കാനാവില്ലെന്നാണ് ഡി.സി.സിയുടെ നിലപാട്. കഴിഞ്ഞ ദിവസം എം.കെ രാഘവന്റെ കുഞ്ഞിമംഗലം മുശാരി കൊവ്വലിലുള്ള വീട്ടിലേക്ക് കുഞ്ഞിമംഗലം ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നിരുന്നു. എം.കെ രാഘവനെ അധിക്ഷേപിച്ചു കൊണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു.