- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോഴിക്കോട് വലിയങ്ങാടിയില്‍ വന്‍ അപകടം; 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നു വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു; ദുരന്തം തൊഴിലാളികള്‍ കെട്ടിടത്തിന് താഴെ വിശ്രമിക്കുന്നതിനിടെ; മൂന്നുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; കെട്ടിടം അപകടാവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍
കോഴിക്കോട് വലിയങ്ങാടിയില്‍ വന്‍ അപകടം

കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ വലിയങ്ങാടിയില്‍ പഴയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മൂന്ന് ലോഡിങ് തൊഴിലാളികള്‍ മരിച്ചു. കിനാശ്ശേരി സ്വദേശി ജബ്ബാര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.
ബീച്ചിന് സമീപം മുമ്പ് പാസ്പോര്‍ട്ട് ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നു വീണത്. നിലവില്‍ തൊട്ടടുത്തുള്ള ഒരു സ്ഥാപനത്തിന്റെ ഗോഡൗണായി പ്രവര്‍ത്തിക്കുകയായിരുന്നു ഈ കെട്ടിടം. ഗോഡൗണിലേക്ക് സാധനങ്ങള്‍ ഇറക്കിയ ശേഷം ഷട്ടറിനോട് ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു തൊഴിലാളികള്‍. ഈ സമയത്താണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ടണ്‍ കണക്കിന് ഭാരമുള്ള സ്ലാബ് ഇവര്‍ക്ക് മേലേക്ക് പതിച്ചത്.
ഏഴ് പേരായിരുന്നു അപകടസമയത്ത് അവിടെ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ സ്ലാബ് വീഴുന്നത് കണ്ട് പെട്ടെന്ന് ഓടിമാറി. എന്നാല്‍ ബാക്കിയുള്ള അഞ്ച് പേരും സ്ലാബിനടിയില്‍ പെട്ടുപോയി. ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സ്ലാബ് മുറിച്ചുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്. ദശാബ്ദങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിന് ഏകദേശം 60 വര്‍ഷത്തോളം പഴക്കമുണ്ട്. ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് പെട്ടെന്ന് അടര്‍ന്നു വീഴുകയായിരുന്നു.
വലിയങ്ങാടിയിലെ തൊഴിലാളികള്‍ സ്ഥിരമായി വിശ്രമിക്കാറുള്ള സ്ഥലത്താണ് അപകടം നടന്നത് എന്നതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചു. സ്ലാബുകള്‍ക്കടിയില്‍ ഒട്ടനവധി ഇരുചക്ര വാഹനങ്ങളും തകര്‍ന്നു കിടക്കുന്നുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ മറ്റ് തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പിന്നാലെ ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി.
സ്ലാബിനടിയില്‍ കുടുങ്ങിയ മൂന്ന് പേരെ ആദ്യഘട്ടത്തില്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ സ്ലാബ് മുറിച്ചുമാറ്റിയ ശേഷമാണ് അഗ്‌നിശമനസേനയ്ക്ക് പുറത്തെടുക്കാനായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
കെട്ടിടത്തിന്റെ സുരക്ഷാ ഭീഷണി
അപകടം നടന്ന കെട്ടിടം അത്യന്തം അപകടാവസ്ഥയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 60 വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടത്തില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. യാതൊരു സുരക്ഷാ പരിശോധനകളും നടത്താതെയാണ് ഇത്തരം പഴക്കമുള്ള കെട്ടിടങ്ങള്‍ ഗോഡൗണുകളായി ഉപയോഗിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.


