- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശബരിമലയില്‍ 'മൗണ്ടന്‍ സൈറ്റ് സീയിങ്ങും സ്പായും കുട്ടികള്‍ക്കുള്ള കളിസ്ഥലവും; 1500 രൂപ മുതല്‍ 25,000 രൂപ വരെ വിവിധ പാക്കേജുകള്‍; സന്നിധാനത്തെ താമസസൗകര്യത്തിന്റെ പേരില്‍ വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; ഭക്തരെ കുടുക്കാന്‍ വ്യാജ വെബ്സൈറ്റുകള്‍; കേസെടുത്ത് പത്തനംതിട്ട സൈബര്‍ പോലീസ്
ശബരിമലയില്‍ ഭക്തരെ കുടുക്കാന്‍ വ്യാജ വെബ്സൈറ്റുകള്‍

പത്തനംതിട്ട: അയ്യപ്പഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ശബരിമല സന്നിധാനത്ത് ആഡംബര താമസസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വ്യാജ ഓണ്‍ലൈന്‍ സംഘങ്ങള്‍ക്കെതിരെ പത്തനംതിട്ട സൈബര്‍ പോലീസ് കേസെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക സൈറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. സന്നിധാനത്ത് ലഭ്യമല്ലാത്തതും ആചാ് വിരുദ്ധവുമായ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്താണ് സംഘം ഭക്തരെ വലയിലാക്കുന്നത്.
തട്ടിപ്പിന്റെ രീതി ഇങ്ങനെ:
സന്നിധാനത്ത് ഉന്നത നിലവാരത്തിലുള്ള മുറികള്‍ ലഭ്യമാണെന്ന് കാണിച്ച് ആകര്‍ഷകമായ വെബ്സൈറ്റുകളാണ് തട്ടിപ്പുകാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ശബരിമലയില്‍ ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത സ്പാ (Spa), കുട്ടികള്‍ക്കുള്ള കളിസ്ഥലം, മൗണ്ടന്‍ സൈറ്റ് സീയിങ് (Mountain Sightseeing) തുടങ്ങിയ സൗകര്യങ്ങളാണ് ഈ സൈറ്റുകളില്‍ വാഗ്ദാനം ചെയ്യുന്നത്.
1500 രൂപ മുതല്‍ 25,000 രൂപ വരെയാണ് വിവിധ പാക്കേജുകള്‍ക്കായി ഭക്തരില്‍ നിന്ന് ഈടാക്കുന്നത്. ഓണ്‍ലൈന്‍ വഴി പണമടച്ച് ബുക്കിംഗ് കണ്‍ഫര്‍മേഷന്‍ വാങ്ങി സന്നിധാനത്തെത്തി മുറിക്കായി ദേവസ്വം ഓഫീസില്‍ അന്വേഷിക്കുമ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഭക്തര്‍ തിരിച്ചറിയുന്നത്.
ഔദ്യോഗിക സംവിധാനം ഇങ്ങനെ:
ശബരിമലയില്‍ ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 12 കോംപ്ലക്സുകളിലായി 400-ലധികം മുറികളും 5 ഹാളുകളുമാണ് നിലവിലുള്ളത്. ഇതില്‍ കുറച്ച് മുറികള്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കുക. ഔദ്യോഗിക വെബ്സൈറ്റ്: ദേവസ്വം ബോര്‍ഡിന്റെ 'TDB Online' എന്ന ഔദ്യോഗിക സൈറ്റ് വഴി മാത്രമേ മുറികള്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. മറ്റ് സ്വകാര്യ സൈറ്റുകള്‍ക്കോ ട്രാവല്‍ ഏജന്‍സികള്‍ക്കോ സന്നിധാനത്തെ മുറികള്‍ ബുക്ക് ചെയ്യാന്‍ അധികാരമില്ല.
തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകളും ഐടി ആക്ടിലെ 66(C), 66(D) വകുപ്പുകളും പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യാജ വെബ്സൈറ്റുകള്‍ വഴി പണം നഷ്ടപ്പെട്ടവര്‍ ഉടന്‍ തന്നെ സൈബര്‍ പോലീസിനെ വിവരമറിയിക്കണമെന്നും, ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ അല്ലാത്ത ഒരിടത്തും പണമടയ്ക്കരുതെന്നും പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


