- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജയിലിലടച്ച മന്ത്രിമാരെ പുറത്താക്കുന്ന ബില്ലില്‍ യാതൊരു പ്രശ്നവുമില്ല; കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമ്പോഴും വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂര്‍; പാര്‍ലമെന്റില്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷ അംഗങ്ങള്‍; ബില്‍ കീറിയെറിഞ്ഞ് തൃണമൂല്‍ എംപിമാര്‍; ജെപിസിക്ക് വിടാമെന്ന് കേന്ദ്രമന്ത്രി അമിത്ഷാ
ന്യൂഡല്‍ഹി: ഒരു മാസം ജയിലിച്ചിലിടച്ച മന്ത്രിമാരെ പുറത്താക്കാനുള്ള ബില്‍ കേന്ദ്രം അവതരിപ്പിക്കും മുമ്പ് ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തരൂരിന്റെ ഈ നിലപാട്. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലായി മുപ്പത് ദിവസത്തിന് മുകളില്‍ തടവില്‍ കഴിയുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള മന്ത്രിമാരെ നീക്കം ചെയ്യുന്ന ബില്ലാണിത്. ബില്‍ ഉടന്‍തന്നെ (ബുധന്‍) ലോക് സഭയില്‍ ബില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ എന്നിവരെയടക്കം നീക്കം ചെയ്യാന്‍ പുതിയ ബില്ലിലൂടെ കഴിയും.
ഈ ബില്‍ അനുസരിച്ച് അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, സഹമന്ത്രി എന്നിവരുള്‍പ്പെടെ ഏതൊരു മന്ത്രിയെയും അറസ്റ്റ് ചെയ്ത് 30 ദിവസം തുടര്‍ച്ചയായി തടങ്കലില്‍ വെച്ചാല്‍ അവരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാം.
ഭരണഘടനാപരമായ ധാര്‍മികത സംരക്ഷിക്കുക, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ പൊതുജന വിശ്വാസം ഉറപ്പാക്കുക എന്നിവയാണ് ബില്ലിന്റെ ലക്ഷ്യങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ബി.ജെ.പി സര്‍ക്കാര്‍ തങ്ങളുടെ താത്പര്യത്തിനനുസരിച്ച് സംസ്ഥാനങ്ങളില്‍ കൈകടത്താനും ഭീഷണിപ്പെടുത്താനും വേണ്ടി ഈ നിയമം ഉപയോഗിക്കുമെന്നാണ് വിമര്‍ശനം. മുന്‍ ദല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും ഈ നിയമവുമായി കൂട്ടിവായിക്കാവുന്നതാണ്. ഇതിനിടയിലാണ് ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ പരാമര്‍ശം.
ജനാധിപത്യത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് പുതിയ ബില്‍ എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ബില്ലിന്റെ യാഥാര്‍ത്ഥ്യ ഉദ്ദേശം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുകയാണ്. കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍തന്നെ പ്രതിപക്ഷങ്ങളെ വേട്ടയാടാന്‍ തുനിഞ്ഞിറങ്ങിയ കാലഘട്ടമാണ്. ഈ ഭേദഗതി ബില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഭേദഗതിയെ അതിശക്തമായി പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷത്തിന്റെ പ്രതിഷേധം മറികടന്ന് ബില്ലുമായി മുന്നോട്ട് പോവാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ബില്ലാണെന്ന് അവതരണത്തെ എതിര്‍ത്ത എന്‍ കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ബില്‍ വലിച്ചു കീറിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. ഗുജറാത്തില്‍ അമിത്ഷാ അറസ്റ്റിലായ കാര്യം ചൂണ്ടിക്കാട്ടിയാണ് കെ സി വേണുഗോപാല്‍ ബില്ലിനെ എതിര്‍ത്തത്.
പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കാനായില്ല. ബഹളത്തിനിടെ ഓണ്‍ ലൈന്‍ ഗെയിമിങ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു. തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടമാകുന്ന ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ലമെന്റില്‍ ഉയര്‍ന്നത്. രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ ഒന്നടങ്കം തീരുമാനിച്ചു. രാവിലെ മുതല്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റില്‍ പുതിയ ബില്ലിനെതിരെയും, വോട്ടര്‍പട്ടിക ക്രമക്കേടിനെതിരെയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പല കുറി ചേരുകയും പിരിയുകയും ചെയ്യുന്നതിനിടെ മന്ത്രി അശ്വിനി വൈഷ്ണവ് ഓണ്‍ ലൈന്‍ ഗെയിമിംഗ് ബില്ല് അവതരിപ്പിച്ചു.
ബെറ്റിംഗ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന ബില്ലിന് ഇന്നലെ കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കിയിരുന്നു. ബഹളം തുടരുന്ന പ്രതിപക്ഷത്തിന് നേരെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഉച്ചക്ക് ശേഷം വിവാദ ബില്ല് അവതരിപ്പിച്ചേക്കും. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിഞ്ഞാല്‍ സ്ഥാനം നഷ്ടമാകുമെന്നതാണ് ബില്ലിലെ വ്യവസ്ഥ. അഴിമതി ഇല്ലാതാക്കാനെന്ന പേരിലാണ് ബില്ല് കൊണ്ടുവരുന്നതെങ്കിലും പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിമാരേയും, മന്ത്രിമാരേയും ഉന്നമിട്ടുള്ള ബില്ലിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ നീക്കാനുള്ള നിയന്ത്രണവും കേന്ദ്രത്തിലേക്ക് എത്തുകയാണ്.