കൊച്ചി: വിവിധ പരിപാടികളിൽ നടിമാർ പങ്ക് എടുക്കാൻ പോകുമ്പോൾ അവർ അറിയാതെ പ്രത്യേക 'ആംഗിളിൽ' വീഡിയോ ഷൂട്ട് ചെയ്യുന്നതിനെ കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾ നടക്കുകയാണ്. ഇതുമൂലം പല നടിമാർക്കും മോശം അനുഭവമാണ് ഉണ്ടാകുന്നത്. ഇത്തരം ഓൺലൈൻ ചാനലുകളെ വിമർശിച്ച് എസ്തർ അനിൽ അടക്കം രംഗത്ത് വന്നിരിന്നു. ഇപ്പോഴിതാ നടി മാളവിക മേനോനും മോശം ആംഗിളുകളിൽ വീഡിയോ പകർത്തുന്ന ചാനലുകളെ തുറന്നുകാട്ടിയിരിക്കുകയാണ്.

നടിമാരുടെ ദൃശ്യങ്ങൾ പകർത്തുന്നവരുടെ വീഡിയോ മാളവിക ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. പലരും ക്യാമറ കണ്ടപ്പോൾ ഓടിയെന്നും നിങ്ങൾ ആകാശത്തുനിന്ന് ദൃശ്യങ്ങൾ പകർത്തുമ്പോൾ ഞങ്ങളെന്താണ് ചെയ്യേണ്ടതെന്നും മാളവിക ചോദിച്ചു.

'ഗയ്‌സ് ഇതാണ് ഞാനാ പറഞ്ഞ ടീം. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങളല്ലേ എല്ലാവരെയും ഷൂട്ട് ചെയ്യുന്നത്. ഇന്ന് ഞാന്‍ ചെയ്യട്ടെ. എല്ലാവരെയും കിട്ടിയില്ല. ക്യാമറ ഓണ്‍ ചെയ്തപ്പോഴേക്കും പലരും ഓടി. ഞങ്ങളൊക്കെ അപ്പോ എന്താ ചെയ്യണ്ടെ നിങ്ങള്‍ ക്യാമറ വെച്ച് ആകാശത്തുനിന്ന് ഷൂട്ട് ചെയ്യുമ്പോള്‍.' മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അന്ന് ‘ശാന്തമീ രാത്രിയിൽ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയ തന്റെ ദൃശ്യങ്ങൾ മോശമായ ആം​ഗിളുകളിൽ പകർത്തിയ ഓൺലൈൻ ചാനൽ എൻ്റർടെയ്ൻമെൻ്റ്സിനെ നടി എസ്തർ അനിൽ പരിഹസിച്ചിരുന്നു. നടൻ ​ഗോകുലുമായി പരിപാടിയിൽ സംസാരിച്ചിരിക്കേ കൈ കൊടുക്കുന്ന എസ്തറിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. എന്നാൽ ​ഗോകുലിനെ വീഡിയോയിൽ മുഴുവനായി കാണാൻ സാധിക്കില്ല, എസ്തറും നടൻ ​ഗോ​കുലും ഒരുമിച്ചിരിക്കുന്ന വീഡിയോയിൽ മുഴുവനായി എസ്തറിനെ സൂം ചെയ്ത് തെറ്റായ ആം​ഗിളിൽ എടുത്തിരിക്കുന്ന വീഡിയോ ആണ് ഓൺലൈൻ ചാനൽ പുറത്തു വിട്ടത്. ഈ വീഡിയോയ്ക്ക് താഴെയാണ് പരിഹാസ കമന്റുമായി എസ്തർ എത്തിയത്. പിന്നാലെ നടൻ ​ഗോകുലും നടിക്ക് പിന്തുണയുമായി കമന്റ് ബോക്സിൽ എത്തിയിരുന്നു.

എവിടെ ക്യാമറ വയ്ക്കണമെന്നും ഏതൊക്കെ ആംഗിളുകളിൽ ചിത്രീകരിക്കണമെന്നും അറിയാം’ എന്നായിരുന്നു എസ്തറിന്റെ കമന്റ്. ‘ഒരു കഥ പറയാൻ തീർത്തും അപ്രതീക്ഷിതമായ കാഴ്ചപ്പാടുകൾ കണ്ടുപിടിക്കുന്നതാണ് ഇവരുടെ കലാവൈഭവം. സിനിമാമേഖലയിലെ അടുത്ത വലിയ സംഭവം ഈ സഹോദരനാണ്’ എന്നായിരുന്നു എസ്തറിന്റെ കമന്റിനെ അനുകൂലിച്ച് ഗോകുൽ കുറിച്ചത്.