കൊച്ചി: മലയാള സിനിമാ സംഘടനകള്‍ക്കിടയില്‍ നിലനിന്നിരുന്ന തര്‍ക്കത്തിന് ഒടുവില്‍ അവസാനമാകുന്നു. പ്രശ്‌നങ്ങള്‍ ഒടുവില്‍ സംഘടനാ നേതാക്കള്‍ തമ്മില്‍ സംസാരിച്ചു തീര്‍ക്കുകയാണ്. ഫിലിം ചേംബര്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ രംഗത്തുവന്നതോടെ കൂടുതല്‍ വഷളായിരുന്നു തര്‍ക്കം. എന്നാല്‍, ഈ തര്‍ക്കം ആന്റണി തന്നെ മുന്‍കൈയെടുത്ത് തീര്‍ക്കുന്ന അവസ്ഥാണ് ഉണ്ടായത്. ഫിലിം ചേംബര്‍ പ്രസിഡണ്ട് ബി ആര്‍ ജേക്കബ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചു. ഇതിന് പിന്നാലെ നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു.

മാര്‍ച്ച് മാസത്തില്‍ ഫിലിം ചേംബര്‍ ഒരു പണിമുടക്കിനും തീരുമാനിച്ചിട്ടില്ലെന്നും തിയറ്റര്‍ ഉടമകള്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍ എന്നും ചേംബര്‍ പ്രസിഡന്റ് പറഞ്ഞു. സിനിമാ സമരത്തിന്റെ കാര്യം പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിയ ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ ഉണ്ടായ സാഹചര്യം ആന്റണി പെരുമ്പാവൂര്‍ ബി ആര്‍ ജേക്കബിനോട് വിശദീകരിച്ചിരുന്നു. എമ്പുരാന്റെ ബജറ്റിനെ കുറിച്ചുള്ള പരാമര്‍ശം ആണ് തന്നെ വേദനിപ്പിച്ചതെന്ന് ആന്റണി അറിയിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ചതിന് ശേഷമായിരുന്നു തന്റെ പോസ്റ്റ് എന്നും ആന്റണി പറഞ്ഞിരുന്നു.

എമ്പുരാന്‍ ബജറ്റിനെക്കുറിച്ചുള്ള പരാമര്‍ശം സുരേഷ് കുമാര്‍ തിരുത്തിയത് ചൂണ്ടിക്കാട്ടിയ ചേംബര്‍ പ്രസിഡന്റിനോട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാനുള്ള സന്നദ്ധതയും ആന്റണി അറിയിക്കുകയായിരുന്നു. തര്‍ക്കം ഉടന്‍ തീരുമെന്നാണ് ചേംബര്‍ പ്രസിഡന്റ് വ്യക്തമാക്കിയത്. മലയാള സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന ഭയം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുരഞ്ജന ചര്‍ച്ചകള്‍ നടന്നതും.

അതേസമയം ഒരാഴ്ചക്കകം എല്ലാം പരിഹരിക്കുമെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്. വിഷയം സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ എല്ലാ സംഘടനകളും ഒരുമിച്ച് സമീപിക്കും. നേരത്തെ ഇതിന് പിന്നാലെ ഫിലിം ചേമ്പര്‍ പുതിയ തീരുമാനങ്ങളിലേക്ക് എത്തിയതോടെ എമ്പൂരാന്‍ ടീമിന് വലിയ പ്രതിസന്ധി ഉടലെടുത്തിരുന്നു. മാര്‍ച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ ഫിലിം ചേംബറിന്റെ അനുമതി വാങ്ങിവേണം തിയേറ്ററുകളുമായി കരാര്‍ ഒപ്പിടാനെന്നാണ് നിര്‍ദേശം ഉയര്‍ന്നത്. ഇതോടെ എമ്പുരാന് ഭീഷണിയായി. ഇതോടെയാണ് അനുരഞ്ജന നീക്കം അതിവേഗം നടന്നത്.

ഫിലിം ചേംബറിന്റെ നീക്കങ്ങള്‍ക്ക് ഫിയോക്കിന്റെ പൂര്‍ണപിന്തുണയും ഉണ്ടായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ ആന്റണി പെരുമ്പാവൂരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഹേമാ കമ്മറ്റിയില്‍ താര സംഘടനയിലെ പ്രമുഖര്‍ക്ക് എതിരെ പരാമര്‍ശമുണ്ട്. ചില നടന്മാര്‍ക്കെതിരെ എഫ് ഐ ആറും വന്നു. ഈ സാഹചര്യത്തില്‍ താര സംഘടനയെ തള്ളി മുമ്പോട്ട് പോകാനാണ് ഫിലിം ചേമ്പറിന്റെ തീരുമാനിച്ചത്.

ആന്റണി പെരുമ്പാവൂരിന് അച്ചടക്ക ലംഘനത്തില്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ഇ- മെയിലിലും രജിസ്റ്റേഡ് തപാലിലുമായാണ് വിശദീകരണം തേടിയിരുന്നു. ഇതോടെയാണ് ആന്റണി വീശദീകരണവുമായി ചേംബര്‍ അധികൃതര്‍ക്ക് മുന്നിലെത്തിയത്. ആന്റണി പെരുമ്പാവൂരുമായി ഇനിയൊരു സമവായ ചര്‍ച്ചയ്ക്കില്ലെന്ന് നേരത്തെ സുരേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ആന്റണിയെ ചൊടിപ്പിച്ചത് കലക്ഷന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നുള്ള തീരുമാനമാണെന്നും അത് ഇനിയും പുറത്തു വിടുമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

അതിനു പിന്നാലെയാണ് ഫിലിം ചേംബറിന്റെ കടുത്ത നീക്കവുമുണ്ടായത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. മഞ്ജുവാര്യര്‍ അടക്കമുള്ള മുന്‍നിര താരങ്ങള്‍ അണി നിരക്കുന്ന ചിത്രം വലിയ ബജറ്റിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മലയാളത്തിലെ നിലവിലെ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കാന്‍ കെല്‍പ്പുള്ള സിനിമയാണ് മോഹന്‍ലാല്‍ നായകനായി എത്തുന്ന എമ്പുരാന്‍ എന്ന് വിലയിരുത്തലുണ്ടായിരുന്നു. സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.