തിരുവനന്തപുരം: ബോളിവുഡിനെപ്പോലും വിസ്മയിപ്പിച്ച കുതിപ്പായിരുന്നു മലയാള സിനിമയ്ക്ക് ഈ വര്‍ഷത്തിന്റെ ആദ്യ പകുതി.ആകെ കലക്ഷന്‍ 1000 കോടിയെന്ന മാന്ത്രിക സംഖ്യ ആദ്യ പകുതിയില്‍ തന്നെ നേടാനായത് സിനിമ മേഖലയുടെ ആത്മവിശ്വാസം തന്നെ വര്‍ധിപ്പിച്ചിരുന്നു.എന്നാല്‍ രണ്ടാം പകുതിയിലേക്ക് കടന്നതോടെ ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റോടെ സിനിമ ശരാശരിയിലും താഴ്ന്ന നിലയിലേക്കെത്തിയിരിക്കുകയാണ്.ഇഡിയുടെ വരവോടെ ഒന്നു കിതച്ച മലയാള സിനിമയ്ക്ക് ഓര്‍ക്കപ്പുറത്തേറ്റ അടിയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടല്‍.

2024-ലെ ആദ്യ നാലുമാസം മലയാള സിനിമയ്ക്ക് വലിയനേട്ടങ്ങളാണ് ഉണ്ടായത്.70 ചിത്രങ്ങള്‍ ഇറങ്ങിയതില്‍ എട്ടെണ്ണം മികച്ചവിജയം നേടി.തിയേറ്റര്‍ കളക്ഷന്‍ മാത്രം 900 കോടി ആയിരുന്നു.ഇതില്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ നാലെണ്ണം.
എന്നാല്‍, തുടര്‍ന്നുള്ള നാലുമാസം കളക്ഷന്‍ ഗ്രാഫ് കുത്തനെ ഇടിഞ്ഞു.

ഈസമയത്ത് ഇറങ്ങിയ 71 ചിത്രങ്ങളില്‍ വലിയ വിജയമായത് മേയില്‍ റിലീസായ 'ഗുരുവായൂര്‍ അമ്പലനടയില്‍'മാത്രമാണ്.90 കോടിയാണ് ചിത്രത്തിന്റെ കലക്ഷന്‍.മേയില്‍ ഇറങ്ങിയ 'തലവനും' 'ടര്‍ബോയും' നന്നായിത്തുടങ്ങിയെങ്കിലും പ്രതീക്ഷ നേട്ടം ഉണ്ടാക്കിയില്ല.എങ്കിലും മോശമല്ലാത്ത കളക്ഷന്‍ രണ്ടുചിത്രവും നേടി. എന്നാല്‍ ആദ്യ നാലുമാസങ്ങളിലേതുപോലെ പിന്നീട് വിജയമുണ്ടായില്ലെന്ന് മാത്രമല്ല രണ്ടാം പകുതിയില്‍ വലിയ പരാജയങ്ങളും വന്നു.

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തികത്തട്ടിപ്പ് നടന്നുവെന്ന പരാതിയില്‍ ഇ.ഡി. അന്വേഷണം നടത്തിയിരുന്നു. ജൂണില്‍ ഇതുമായി ബന്ധപ്പെട്ട സിനിമയുടെ നിര്‍മാതാക്കളെ ചോദ്യംചെയ്തു. സിനിമാമേഖലയില്‍ കള്ളപ്പണം ഇടപാട് നടക്കുന്നുവെന്ന് ഇ.ഡി.ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാനിര്‍മാണക്കമ്പനികളെ കേന്ദ്രീകരിച്ച് ഇ.ഡി. അന്വേഷണം ശക്തമായിരുന്നു.

സിനിമ വിജയമാണെന്ന് കാണിക്കാന്‍ ഫ്രീയായി ടിക്കറ്റ് നല്‍കി ആളുകളെ തിയേറ്ററില്‍ കയറ്റിയത് അടുത്തിടെ വിവാദമായിരുന്നു.ഒ.ടി.ടി. കച്ചവടം ലക്ഷ്യമിട്ടും, സിനിമയെ ശരാശരിക്ക് മുകളില്‍ എത്തിക്കാനുമുള്ള ശ്രമമാണ്.എന്നാല്‍ എല്ലാത്തരത്തിലുള്ള അന്വേഷണവും ശക്തമായതോടെ ഈ ഏര്‍പ്പാടും പഴയതുപോലെ ഇല്ലെന്നാണ് വിവരം.ഇതോടെയാണ് ചിത്രങ്ങളുടെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍ വീണത്.

ജൂണ്‍ മുതല്‍ ഓഗസ്റ്റുവരെ ഇറങ്ങിയ മൊത്തം ചിത്രങ്ങളുടെ കളക്ഷന്‍ കൂട്ടിയാലും ആദ്യ നാലുമാസം നേടിയതിന്റെ മൂന്നിലൊന്നുപോ
ലും വരില്ല.ഇവിടെയാണ് റീ റിലീസുകള്‍ തിയേറ്ററുകള്‍ക്ക് ആശ്വാസം പകര്‍ന്നത്.പുതിയചിത്രങ്ങള്‍ പരാജയപ്പെട്ടിടത്ത് പഴയരണ്ടു സിനിമകള്‍ റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയത് പ്രേക്ഷകശ്രദ്ധ നേടി. ദേവദൂതനും, മണിച്ചിത്രത്താഴും രണ്ടാഴ്ചയുടെ വ്യത്യാസത്തിലാണ് റീ-റിലീസ് ചെയ്തത്. രണ്ട് സിനിമകള്‍ക്കും അത്യാവശ്യം പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കാനായി.

ഇതിനിടെ തെലുങ്കില്‍നിന്ന് മൊഴിമാറ്റിവന്ന കല്‍ക്കി (30 കോടി), തമിഴ് ചിത്രം മഹാരാജ (8 കോടി) എന്നിവയും കേരളത്തില്‍ നല്ല കളക്ഷന്‍ നേടി.പിന്നാലെയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.ഇതും ഇനി സിനിമയെ പ്രതികൂലമായി ബാധിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.ഇനി ബിഗ്ബജറ്റ് ചിത്രങ്ങളുമായി ഓണക്കാലത്തെ പ്രീക്ലൈമാസിലും ക്ലൈമാക്സിലുമാണ് മലയാള സിനിമയുടെ പ്രതീക്ഷ.ടോവിനോയുടെ അജയന്റെ രണ്ടാം മോഷണം, ആസിഫ് അലിയുടെ കിഷ്‌കിന്ധ കാണ്ഡം, ആന്റണി വര്‍ഗ്ഗിസ് പെപ്പയുടെ കൊണ്ടാല്‍,റഹ്മാന്‍ പ്രധാന കഥാപാത്രമായെത്തുന്ന ബാഡ്ബോയ്സ് തുടങ്ങിയ ചിത്രങ്ങളാണ് ഓണക്കാലത്ത് തിയേറ്ററിലെത്തുന്നത്.

മങ്ങിയപ്പോയ പ്രതിച്ഛായയും കലക്ഷന്‍ ഓണക്കാലത്തിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമ ലോകം.ഒപ്പം ഇതര ഭാഷകളില്‍ നിന്നും വലിയ റിലീസുകള്‍ ഉടന്‍ ഉണ്ട്.രജനികാന്തിന്റെ വേട്ടയ്യന്‍,സൂര്യയുടെ കങ്കുവ, വിജയിയുടെ ഗോട്ട്, അജിത്തിന്റെ വിടാമുയര്‍ച്ചി തുടങ്ങി വലിയ റിലീസുകള്‍ തമിഴില്‍ നിന്നും ഉണ്ട്.ഇതിനെയൊക്കെ അതിജീവിച്ച് വേണം ഇ വര്‍ഷം ഇനി മലയാള സിനിമയ്ക്ക് പൂര്‍ത്തിയാക്കാന്‍.