തിരുവനന്തപുരം: മലയാളം സിനിമയെ സംബന്ധിച്ചിടത്തോളം 2024 വലിയ വിജയ ചിത്രങ്ങള്‍ ഇറങ്ങിയ വര്‍ഷായിരുന്നു. ആവേശവും, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, മാര്‍ക്കോ തുടങ്ങിയ സിനിമകള്‍ രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായി. എന്നാല്‍, 2025ലേക്ക് കടക്കുമ്പോള്‍ മലയാള സിനിമയെ സംബന്ധിച്ച് അത് വലിയ നഷ്ടങ്ങളിലേക്ക് കൂപ്പൂകുത്തുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. കടുത്ത നഷ്ടത്തിലേക്ക് മലയാള സിനിമ പോകാന്‍ കാരണം തീയറ്ററില്‍ ആളു കയറാത്ത സാഹചര്യത്തിലാണ്. കൂടാതെ സിനിമാ രംഗത്തെ മറ്റു ബിസിനസുകളും നടക്കാത്ത സാഹചര്യമുണ്ട്. സാറ്റലൈറ്റ് റേറ്റ്, ഒടിടി വിഹിതം തുടങ്ങിയ കാര്യങ്ങളില്‍ വലിയ ഇടിവാണ് ഉണ്ടയതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

ഇത്തരത്തില്‍ നിര്‍മാതാക്കള്‍ക്ക് നഷ്ടം പെരുകുന്ന സാഹചര്യത്തിലാണ് ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം പ്രഖ്യാപിച്ചത്. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടക്കുന്നത്. ഇതിനിടെ ജനുവരിയില്‍ മലയാള സിനിമയുടെ തിയറ്റര്‍ നഷ്ടം 101കോടിയെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തീയറ്ററില്‍ അമ്പേ തകര്‍ന്നടിഞ്ഞ സിനിമകളമുണ്ട്.

തിയറ്ററില്‍ റിലീസായ 28 ചിത്രങ്ങളില്‍ നേട്ടമുണ്ടാക്കിയത് ആസിഫ് അലിയുടെ രേഖാ ചിത്രം മാത്രമാണ്. ഈ സിനിമയാണ് ജനുവരിയില്‍ വിജയം നേടിയ ചിത്രങ്ങളുടെ കണക്കില്‍ പെടുന്നത്. മറ്റു സിനിമകളുടെ അവസ്ഥയെല്ലാം പരിതാപകരമാണ്. കണക്കുകള്‍ പുറത്തുവിട്ടാണ് നിര്‍മ്മാതാക്കളുടെ വിശദീകരണം. ടൊവിനോ ചിത്രം ഐഡിറ്റിന്റിയാണ് വന്‍തോല്‍വി നേരിട്ട ചിത്രം. 30 കോടി മുതല്‍ മുടക്കിയ ചിത്രത്തില്‍ നിര്‍മാതാവിന്റെ ഷെയര്‍ മൂന്ന് കോടി മാത്രമാണ്.

ബേസില്‍ ചിത്രം പ്രാവിന്‍ കൂട് ഷാപ്പ്, അര്‍ജുന്‍ അശോകന്‍ ചിത്രം അന്‍പോട് കണ്മണി, തുടങ്ങിയ ചിത്രങ്ങള്‍ ജനുവരിയിലെ വലിയ പരാജയങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. താരങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല. 50 ദിവസംകൊണ്ട് തീര്‍ക്കേണ്ട സിനിമകള്‍ 150 ദിവസംവരെ പോകുന്നു. താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ പത്ത് ശതമാനം പോലും തിയേറ്ററില്‍ സിനിമകള്‍ നേടുന്നില്ല. നിര്‍മാതാവിന് 100 കോടി കിട്ടിയ ഒരു സിനിമ പോലും മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

'സിനിമാനിര്‍മാണ ചെലവിന്റെ 60ശതമാനവും താരങ്ങള്‍ക്കുള്‍പ്പെടെ പ്രതിഫലം നല്‍കാനാണ് ചെലവിടുന്നത്. ഒരു രീതിയിലും ഒരു നിര്‍മാതാവിന് സിനിമ എടുക്കാന്‍ സാധിക്കുന്നില്ലെന്ന് നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. 'സാങ്കേതിക പ്രവര്‍ത്തകരില്‍ 60 ശതമാനവും പട്ടിണിയിലാണ്. സര്‍ക്കാര്‍ ഒരു സഹായവും ചെയ്യുന്നില്ല. ഒടിടി കച്ചവടം നടക്കുന്നില്ല. ഒടിടി ആര്‍ക്കും വേണ്ട. സിനിമ നന്നായാല്‍ ഒടിടി ഒരു തുക പറയും. അതില്‍ സിനിമ എടുക്കും. 6 മാസം കൊണ്ടും 10 മാസം കൊണ്ടുമാണ് അത് കിട്ടുന്നത്. ജൂണ്‍ ഒന്ന് മുതല്‍ പൂര്‍ണമായും സിനിമ നിര്‍ത്തുമെന്നുള്ളത് സംയുക്തമായ തീരുമാനമാണ്. നിര്‍മാണവും ഇല്ല പ്രദര്‍ശനവും ഇല്ല. പുതിയതാരങ്ങളും സംവിധായകരും കോടികളാണ് ചോദിക്കുന്നത്. 30 ശതമാനം നികുതി അടച്ച് ഏതെങ്കിലും വ്യവസായം മുന്നോട്ട് പോകാന്‍ സാധിക്കുമോ?

ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം പ്രഖ്യാപിച്ചരിക്കുന്നത്. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്സ് അസോസിയേഷന്‍ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ പിന്നീട് ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ നിന്നെല്ലാം മലയാള സിനിമ കരകയറി വരുമ്പോഴാണ് സംസ്ഥാനത്ത് വീണ്ടും സിനിമ സമരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.