കോഴിക്കോട്: ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മലയാള സിനിമക്ക് ഒപ്പം പരസ്യ വിപണിക്കും കോടികളുടെ നഷ്ടം. ജയസൂര്യയും മുകേഷും സിദ്ദീഖും അടക്കമുള്ള ആരോപിതരായ താരങ്ങള്‍ വേഷമിട്ട പത്തിലേറെ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ബ്രാന്‍ഡുകള്‍ പരസ്യ ഏജന്‍സികളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോപണങ്ങളില്‍ ഉള്‍പ്പെട്ട താരങ്ങളെ ബ്രാന്‍ഡ് അംബാസിഡര്‍മാരായവരും, കേന്ദ്ര കഥാപാത്രമാക്കി പരസ്യം ചെയ്തവരും പ്രതിസന്ധിയിലാണ്. വിവാദ താരങ്ങളെവെച്ചുള്ള ഹോര്‍ഡിംഗ്സുകളും പലയിടത്തും അഴിച്ച് മാറ്റിയിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്സ്‌റ്റൈല്‍ ഗ്രൂപ്പ് കോടികള്‍ മുടക്കി ഒരുതാരത്തെ വച്ച് പരസ്യം ചെയ്ത് തുടങ്ങിയിരുന്നു. ഈ പരസ്യങ്ങള്‍ ടി.വി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വന്നു തുടങ്ങിയിരുന്നു. എന്നാല്‍ താരത്തിനെതിരേ ആരോപണവുമായി സഹപ്രവര്‍ത്തക രംഗത്തു വന്നതോടെ പരസ്യം പിന്‍വലിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ബ്രാന്‍ഡിന് സംഭവിച്ചത്.വിവാദ നായകര്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ആയാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് പരസ്യ ഏജന്‍സികള്‍ വിലയിരുത്തുന്നത്.

ഷോപ്പ് ഉദ്ഘാടനങ്ങളും കുറയുന്നു

അതുപോലെ മൊത്തത്തില്‍ താരങ്ങളുടെ വിലയിടിഞ്ഞതോടെ ഷോപ്പ് ഉദ്ഘാടനത്തിലുംകുറവ് വന്നിട്ടുണ്ട്. നടി ഹണി റോസാണ് കേരളത്തിലെ അനൗദ്യോഗിക വ്യവസായ മന്ത്രിയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോള്‍. അത്രകണ്ട് ഉദ്ഘാടനങ്ങളായിരുന്നു ഹണി റോസ്, നടത്തിയിരുന്നത്. ഇപ്പോള്‍ അവര്‍ക്കുപോലും ഉദ്ഘാടനമില്ലാക്കാലം വരികയാണ്. സിനിമാ താരങ്ങള്‍ക്ക് പകരം സഞ്ജുസാംസണെയും, സി കെ വിനോദിനെയും, ശ്രീജേഷിനെയുംപോലുള്ള പ്രമുഖ സ്പോര്‍ട്സ് താരങ്ങള്‍ക്കാണ് മലബാറിലടക്കം ലക്ഷ്യമിടുന്നത്.

കോളജുകളിലേക്ക് സിനിമാ നടന്‍മ്മാരെ കൊണ്ടുവരുന്നതിനും, സിനിമ അനുബന്ധ പ്രോഗ്രാമുകള്‍ ചിത്രീകരിക്കുന്നതിന് ഇപ്പോള്‍ അനൗദ്യോഗിക വിലക്കുണ്ട്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവാദം കഴിയുംവരെ ഇതിനൊന്നും, അനുമതി നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെടുത്തിരിക്കുന്നത്. സാധാരണ ഓണക്കാലം എന്നാണ് സിനിമാ പ്രോമോഷനുളുടെയും ചാകരക്കാലമായിരുന്നു. എന്നാല്‍ ഈ ഓണത്തിന് അത്തരം പ്രമോഷനുകള്‍ ഒന്നും ഇതുവരെ കൊച്ചിയില്‍ തുടങ്ങിയിട്ടില്ല. ഇതിനൊപ്പം പുതിയ സിനിമാനിര്‍മാണത്തിനുള്ള ടൈറ്റില്‍ രജിസ്ട്രേഷനും സാരമായി കുറഞ്ഞിട്ടുണ്ട്.ഷൂട്ടിങ്ങില്‍ നിന്ന് പ്രധാന താരങ്ങള്‍ വിട്ടുനില്‍ക്കുകയാണ്.

ടൊവിനോ നായകനായ 'അജയന്റെ രണ്ടാം മോഷണം', ആന്റണി വര്‍ഗീസിന്റെ 'കൊണ്ടല്‍', ആസിഫ് അലിയുടെ 'കിഷ്‌കിന്ധാകാണ്ഡം' തുടങ്ങിയവയാണ് പ്രധാന ഓണംറിലീസുകള്‍. വിജയ്യുടെ തമിഴ്ചിത്രം 'ഗോട്ട്' എത്തുന്നുണ്ട്. എന്നാല്‍, പ്രൊമോഷന്‍ പരിപാടികള്‍ തുടങ്ങാത്തതില്‍ തിയറ്റര്‍ ഉടമകള്‍ ആശങ്കയിലാണ്. പുതിയ സിനിമാ ടൈറ്റിലുകളുടെ രജിസ്ട്രേഷനില്‍ 25 ശതമാനം കുറവുവന്നതായി കേരള ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.

പുതിയ സിനിമകള്‍ക്കായുള്ള ചര്‍ച്ചപോലും നിലച്ച അവസ്ഥയിലാണെന്ന് തിയറ്റര്‍ ഉടമാ സംഘടനയായ ഫിയോക്കിന്റെ മുന്‍ ജനറല്‍ സെക്രട്ടറി കെ വിജയകുമാര്‍ പറഞ്ഞു. ഇത് തുടര്‍ന്നാല്‍ അടുത്തവര്‍ഷം കേരളത്തിലെ തിയേറ്ററുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇതരഭാഷാസിനിമകളെ ആശ്രയിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.