ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവതിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ അധികൃതരോട് ആവശ്യപ്പെടുമെന്ന് യുവതിയുടെ ബന്ധുക്കള്‍. കൊല്ലം കേരളപുരം സ്വദേശി നിതീഷിന്റെ ഭാര്യയായ ചന്ദനത്തോപ്പ് സ്വദേശിനി വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ കയറില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മകളെ കൊന്ന് അമ്മ ജീവനൊടുക്കി എന്നതാണ് പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റിലായിരുന്നു സംഭവം. സ്വകാര്യ കമ്പനിയിലെ എച്ച്.ആര്‍ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് നിതീഷും യുഎഇയിലുണ്ട്. ഭര്‍ത്താവ് നിധീഷുമായി അകന്ന് കഴിയുകയായിരുന്നു വിപഞ്ചിക. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഫോറന്‍സിക് ലാബോറട്ടറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സൂചന. യുവതിയുടെ കഴുത്തില്‍ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങള്‍ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. അമ്മയാണ് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.

സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാല്‍ താന്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറയുമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിയന്തര സേനാംഗങ്ങള്‍ ഉടന്‍തന്നെ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്കും പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി ഫൊറന്‍സിക് ലാബിലേയ്ക്കും മാറ്റി. അല്‍ ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

നിലവില്‍ മൃതദേഹം ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് ഉള്ളത്. നാട്ടിലേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം. എന്നാല്‍ മകളുടെ മൃതദേഹം ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പായ ശേഷമേ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയുള്ളൂ. ഷൈലജയാണ് വിപഞ്ചികയുടെ മാതാവ്. പിതാവ് മണിയന്‍ നേരത്തെ മരിച്ചിരുന്നു.