- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മലേഗാവ് സ്‌ഫോടന കേസിലെ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു; ബി.ജെ.പി മുന്‍ എം.പിയുമായ സാധ്വി പ്രഗ്യാസിങ് താക്കൂറും കുറ്റവിമുക്ത; ഗൂഢാലോചനക്ക് തെളിവില്ലെന്ന് എന്‍ഐഎ കോടതി; അന്വേഷണ ഏജന്‍സികള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതിയും വിമര്‍ശനം; കേസിലെ വിചാരണാ കാലത്ത് കൂറുമാറിയത് 40 സാക്ഷികള്‍; ആറ് പേര് കൊല്ലപ്പെട്ട സ്‌ഫോടന കേസ് എങ്ങുമെത്താതെ പോകുമ്പോള്‍..
മലേഗാവ് സ്‌ഫോടന കേസിലെ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു
മുംബൈ: തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള മലേഗാവ് സ്ഫോടനക്കേസില്‍ വിധി പുറപ്പെടുവിച്ചു. മലേഗാവ് സ്‌ഫോടന കേസിലെ മുഴുവന്‍ പ്രതികളെയും പ്രത്യേക എന്‍ഐഎ കോടതി വെറുതേ വിട്ടു. പ്രതികള്‍ക്ക് എതിരായ ഗൂഢാലോചനാ കുറ്റത്തിന് തെളിവില്ലെന്ന് കോടതി കണ്ടെത്തി. ബി.ജെ.പി മുന്‍ എം.പിയുമായ സാധ്വി പ്രഗ്യാസിങ് താക്കൂറും കുറ്റവിമുക്തയാണ്.
അന്വേഷണ ഏജന്‍സി കേസില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതി വിമര്‍ശിച്ചു. മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എ.കെ ലഹോതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ 40 സാക്ഷികളാണ് കൂറുമാറിയത്. വിചാരണ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കേസ് വിധി പറയാനായി ഒന്നിലധികം തവണ മാറ്റിവച്ചതിനൊടുവിലാണ് കേസ് ഇന്നേക്ക് വിധിപറയാന്‍ തീരുമാനിച്ചത്.
കേസില്‍ നിരവധി രേഖകളുണ്ടെന്നും വിധി പറയാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഒന്നിലധികംതവണ മാറ്റിവച്ചത്. പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വിചാരണയ്ക്കിടെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ സാധ്വി പ്രഗ്യാസിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ട മലേഗാവ് ഭീകരാക്രമണം, രാജ്യത്തെ തീവ്രഹിന്ദുത്വസംഘടനകള്‍ ആസൂത്രണംചെയ്ത് നടപ്പാക്കിയ സ്ഫോടനങ്ങളിലേക്ക് വെളിച്ചംവീശിയ കേസെന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഏകദേശം 1,500 പേജുകളുള്ള റിപ്പോര്‍ട്ടാണ് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്. 323 സാക്ഷികളെയാണ് വിസ്തരിച്ചത്. അതില്‍ 34 പേരാണ് കൂറുമാറിയത്. പ്രഗ്യാസിങ്ങിനെ കൂടാതെ ലെഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത്, മേജര്‍ രമേശ് ഉപാധ്യായ (റിട്ട.), സമിര്‍ കുല്‍ക്കര്‍ണി, അജയ് ഏകനാഥ് റാഹിര്‍ക്കര്‍, രാകേഷ് ദത്താത്രയ ധവാദേ റാവു, ജഗദീഷ് ചിന്താമന്‍ മാത്രെ, സുധാകര്‍ ദ്വിവേദി, ദയാനന്ദ് പാണ്ഡ്യെ, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് പ്രതികള്‍. എല്ലാവരും ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ളവരാണ്.
ഐ.പി.സിയിലെ വിവിധ വകുപ്പുകളും സ്ഫോടകവസ്തു നിയമം, ആയുധനിയമം, എന്നിവയിലെ വിവിധ വകുപ്പുകളും യു.എ.പി.എയും ആണ് ഇവര്‍ക്കെതിരേ ചുമത്തിയത്. യു.എ.പി.എയിലെ 16 (ഭീകരപ്രവര്‍ത്തനം ചെയ്യല്‍), 18 (ഭീകരപ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തല്‍), ഐ.പി.സിയിലെ 120 ബി (ഗൂഢാലോചന), 302 കൊലപാതകം, 307 (കൊലപാതക ശ്രമം), 324 (മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍), 153എ (ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്തല്‍) എന്നീ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ കൂടുതലായി ഷോപ്പിങ് നടത്തുന്ന ഭിക്കു ചൗക്ക്, അഞ്ജുമാന്‍ ചൗക്ക് എന്നിവിടങ്ങളില്‍ ഡനിരവധി സ്ത്രീകളും കുട്ടികളുമായിരുന്നു ഈ സമയത്ത് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ അഞ്ചുവയസ്സുള്ള പെണ്‍കുട്ടി ഫര്‍ഹീനും ഉള്‍പ്പെടും.
ആദ്യം മുസ്ലിം യുവാക്കള്‍ ജയിലിലടക്കപ്പെട്ട കേസില്‍ മഹാരാഷ്ട്ര എ.ടി.എസ് ഏറ്റെടുത്തതോടെയാണ്, സംഘ്പരിവാര്‍ കേന്ദ്രങ്ങളിലേക്ക് അന്വേഷണം എത്തിയത്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആണ് ഇരകള്‍ക്കായി കേസ് നടത്തിയത്. 2018 ഡിസംബറിലാണ് വിചാരണ തുടങ്ങിയത്. അങ്ങനെയൊരു സ്ഫോടനമേ നടന്നിട്ടില്ലെന്നാണ് പ്രതിയായ സുധാകര്‍ ധ്വാര്‍വിവേദി വാദിച്ചത്. കേസില്‍ 323 സാക്ഷികളെ കോടതി വിസ്തരിച്ചു. ഗൂഡാലോചന സംബന്ധിച്ച നിര്‍ണായക മൊഴികളാണ് ഇവരെല്ലാം മാറ്റിയത്.