- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേസ് എടുക്കുന്നതിനു മുന്നോടിയായി വിവരങ്ങള്‍ തേടി വാട്‌സാപ്പ് അധികൃതര്‍ക്കു പോലീസ് കത്ത് നല്‍കി; ഹാക്കിംഗ് ആരോപണം തെളിഞ്ഞില്ലെങ്കില്‍ ഐഎഎസുകാരനെതിരെ നടപടി വരും; ' മല്ലു ഹിന്ദു ഓഫീസേഴ്‌സ്' ഗ്രൂപ്പിനെ ഗൗരവത്തില്‍ കാണാന്‍ സര്‍ക്കാര്‍ തീരുമാനം; വ്യവസായ വകുപ്പു ഡയറക്ടറുടെ വാദങ്ങളില്‍ അതിവേഗ അന്വേഷണം
തിരുവനന്തപുരം: ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കിയത് ഗൗരവമായി പരിശോധിക്കാന്‍ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. തിരുവവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എസ് സ്പര്‍ജന്‍ കുമാര്‍ നേരിട്ട് അന്വേഷിക്കും. വ്യവസായവകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ് സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തും. അതിനിടെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ വകുപ്പു തല അന്വേഷണവും നടത്തും. സസ്‌പെഷന്‍ അടക്കമുള്ള നടപടികള്‍ക്കും സാധ്യതയുണ്ട്. ഗുരുതരമായ തെറ്റ് സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍.
കേസ് എടുക്കുന്നതിനു മുന്നോടിയായി വിവരങ്ങള്‍ തേടി വാട്‌സാപ്പ് അധികൃതര്‍ക്കു പോലീസ് കത്ത് നല്‍കി. ഗോപാലകൃഷ്ണന്റെ വാട്‌സ് ആപ് ഹാക്ക് ചെയ്തതില്‍ തെളിവു തേടിയാണ് കത്ത് നല്‍കിയത്. മറുപടി ലഭിച്ചശേഷം തീരുമാനമെടുക്കുന്നതിനാണ് പോലീസ് തയാറെടുക്കുന്നത്. സംഭവത്തില്‍ ഗോപാലകൃഷ്ണന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും. നിലവില്‍ കേസെടുക്കാന്‍ കൃത്യമായ തെളിവില്ലെന്നും പ്രാഥമിക അന്വേഷണത്തിനു ശേഷമായിരിക്കും കേസെടുക്കുക.
കഴിഞ്ഞമാസം 30നു മല്ലു ഹിന്ദു ഓഫ് എന്ന പേരില്‍ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അഡ്മിനായി ഗ്രൂപ്പ് രൂപം കൊണ്ടതില്‍നിന്നാണു തുടക്കം. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നും മല്ലു മുസ്ലീം ഓഫ് എന്ന പേരില്‍ തന്റെ പേരില്‍ തന്നെ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയതായും ഗോപാലകൃഷ്ണന്‍ പറയുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഗുരുതര വീഴ്ച ഇക്കാര്യത്തില്‍ സംഭവിച്ചുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഗോപാലകൃഷ്ണനെതിരെ വകുപ്പു തല നടപടിയ്ക്ക് സാധ്യത ഏറെയാണ്.
മല്ലു ഹിന്ദു ഓഫ് എന്ന ഗ്രൂപ്പില്‍ ഹിന്ദു വിഭാഗക്കാരായ ഉദ്യോഗസ്ഥരായിരുന്നു അംഗങ്ങള്‍. ഇത്തരമൊരു ഗ്രൂപ്പിനെക്കുറിച്ച് ചിലര്‍ തന്നെ ആശങ്ക പങ്കുവച്ചു. ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്ത ഗോപാലകൃഷ്ണന്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായി അറിയിച്ച് ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കപ്പെട്ടവര്‍ക്കു സന്ദേശമയച്ചു. ഫോണ്‍ ഹാക്ക് ചെയ്തവര്‍, ഫോണിലെ കോണ്‍ടാക്ട് പട്ടികയിലുള്ള എല്ലാവരെയും 11 വാട്സാപ് ഗ്രൂപ്പുകളിലായി ചേര്‍ത്തുവെന്നും ഗ്രൂപ്പുകള്‍ താന്‍ സ്വയം നീക്കംചെയ്തുവെന്നുമായിരുന്നു സന്ദേശം. ഇതിന് ശേഷമാണ് മല്ലു മുസ്ലീം ഓഫ് എന്ന ഗ്രൂപ്പുണ്ടാക്കിയത് എന്നതടക്കം പോലീസ് പരിശോധിക്കും. വിഷയത്തില്‍ സൈബര്‍ പോലീസ് എല്ലാ സാങ്കേതികത്വവും പരിശോധിക്കും. ഐഎഎസ് ഉദ്യോഗസ്ഥന്‍ സംശയ നിഴലിലായതു കൊണ്ടാണ് ഐജി റാങ്കിലുള്ള കമ്മീഷണറോട് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്.
ഉന്നത ഉദ്യോഗസ്ഥന്‍ര ഫോണ്‍ ഹാക്ക് ചെയ്ത് സാമുദായിക സ്പര്‍ധഉണ്ടാക്കും വിധത്തില്‍ ഗ്രൂപ്പുകളുണ്ടാക്കിയെന്ന തരത്തിലാകും ഈ വിവാദത്തില്‍ അന്വേഷണം തുടങ്ങുക. അതിന് ശേഷം എല്ലാ തലങ്ങളും പരിശോധിക്കും. അതേസമയം, മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സാപ്പ് ഗ്രൂപ്പിനു ശേഷം താന്‍ അഡ്മിനായി മല്ലു മുസ്ലിം ഓഫീസേഴ്‌സ് എന്ന പേരിലും ഒരു ഗ്രൂപ്പ് ആരോ ഉണ്ടാക്കിയതായും ഗോപാലകൃഷ്ണന്‍ വിശദീകരിക്കുന്നു. സുപ്രധാന വിഷയമായതിനാല്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിനായി കാത്തിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. അതിന് ശേഷമാകും നടപടികള്‍.
മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ കെ. ഗോപാലകൃഷ്ണന്‍ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റാക്കിയതു വിവാദമായിരുന്നു.തന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന പരാതിയില്‍ ഗോപാലകൃഷ്ണന്‍ ഉറച്ചുനില്‍ക്കുകയാണ്. ഫോണ്‍ ഹാക്ക് ചെയ്ത് 11 വാട്‌സാപ് ഗ്രൂപ്പുകള്‍ ആരോ ഒറ്റയടിക്ക് ഉണ്ടാക്കിയെന്നാണ് വിശദീകരണം.