കോട്ടയം/അടൂര്‍: നിയമനടപടികള്‍ നേരിടുന്നതിനിടെ, കോണ്‍ഗ്രസ് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രശസ്തമായ ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥന നടത്തി. കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കാന്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെന്ന വിശ്വാസമാണ് രാഹുലിനെ പൊന്‍കുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഈ കോവിലില്‍ എത്തിച്ചത്.

കോടതി നടപടികള്‍ കാത്തിരിക്കുന്നവരാണ് പൊതുവെ ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുള്ളത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപും നേരത്തെ ഈ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു. ഇന്ന് രാവിലെ പത്തനംതിട്ടയിലെ അടൂരില്‍ വീടിന് സമീപത്തെ ക്ഷേത്രത്തിലും രാഹുല്‍ സ്‌ക്കൂട്ടറില്‍ എത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു. രാഹുലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് പോലീസും അദ്ദേഹത്തിന് പിന്നാലെയുണ്ടായിരുന്നു. അടൂര്‍ നെല്ലിമുകളിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടും പോലീസ് നിരീക്ഷണത്തിലാണ്.

ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 18-ലേക്ക് മാറ്റിയിട്ടുണ്ട്. അതുവരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവും കോടതി നീട്ടിയിട്ടുണ്ട്. രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രണ്ടാഴ്ചയോളം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുവന്നത്. തുടര്‍ന്ന് അദ്ദേഹം കുന്നത്തൂര്‍മേട് എത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ദിലീപിന്റെ വഴിയേ രാഹുലും

നടി ആക്രമിക്കപ്പെട്ട കസില്‍ പ്രതിയായതിന് ശേഷം ദിലീപ് മൂന്ന് തവണയാണ് ഇവിടെ എത്തി വഴിപാട് നടത്തിയത്. ജഡ്ജിയമ്മാവന്‍ കോവിലില്‍ നിറകണ്ണുകളോടെയാണ് ദിലീപ് എത്തി വഴിപാടുകള്‍ നടത്തിയത്. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ച ദിവസം സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ കോവിലിലെത്തി വഴിപാടുകള്‍ നടത്തിയിരുന്നു. ജാമ്യം ലഭിച്ച ശേഷമാണ് ദിലീപും ഇവിടെയെത്തി വഴിപാട് നടത്തിയത്.



കേസുകളിലും കോടതി വ്യവഹാരങ്ങളില്‍പ്പെട്ടവര്‍ക്കും ആശ്രയമാണ് നീതിമാനായ ജഡ്ജിയമ്മാവന്‍ എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെത്തി ജഡ്ജിയമ്മാവന് പ്രത്യേക വഴിപാട് നടത്തണം. എന്നാല്‍ വഴിപാട് നടത്തി പ്രാര്‍ത്ഥിക്കുന്നവരുടെ ഭാഗത്തായിരിക്കണം നീതി. പ്രശസ്തരായ നിരവധിയാളുകളാണ് ജഡ്ജിയമ്മാവന് വഴിപാട് നടത്താനെത്തുന്നത്. ശ്രീശാന്ത്, ഐ. ജി. ശ്രീജിത്ത് എന്നിവര്‍ ഇവിടെയെത്തി വഴിപാട് നടത്തിയിട്ടുണ്ട്. നടന്‍ സിദ്ദിഖ് ആണ് ഒടുവിലെത്തിയ താരമെന്ന് സൂചന. ജയിലിലായ അണ്ണാ ഡിംഎം കെ നേതാവ് ശശികല നടരാജനു വേണ്ടി ജഡ്ജിയമ്മാവന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴിപാട് നടത്തിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാടിനു വേണ്ടി പ്രയാര്‍ ഗോപാലകൃഷ്ണനും ഇവിടെയെത്തി വാര്‍ത്താപ്രധാന്യം സൃഷ്ടിച്ചിരുന്നു. മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ആര്‍.ബാലകൃഷ്ണപിള്ളയും ജഡ്ജിയമ്മാവന് മുന്നില്‍ വഴിപാട് നടത്തിയ പ്രമുഖനാണ്.

ജാതിമത വ്യത്യാസമില്ലാതെയാണ് ഇവിടെയത്തി ആളുകള്‍ പ്രാര്‍ത്ഥിക്കുന്നത്. അതിനാല്‍ എത്തുന്നവരുടെ വിവരം അതീവ രഹസ്യമായി അധികൃതര്‍ സൂക്ഷിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഉപദേവത പ്രതിഷ്ടയാണ് ജഡ്ജിയമ്മാവന്‍. പണ്ട് കാലത്ത് ജഡ്ജിയമ്മാവന്‍ എന്നയാള്‍ ഇവിടെ ജീവിച്ചിരുന്നുവത്രേ. അദ്ദേഹത്തിന്റെ കാലശേഷം ബന്ധുക്കളാണ് ക്ഷേത്രത്തില്‍ കുടിയിരുത്തിയത്. പിന്നീട് കോവില്‍ പണിത് പൂജ നടത്തി വരികയായിരുന്നു. കേസുകളിലും കോടതി വ്യവഹാരങ്ങളിലും പെട്ടവര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ അനുകൂലമായ ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം. എന്നാല്‍ എത്തുന്നയാളുടെ ഭാഗത്തായിരിക്കണം ന്യായം. ഇപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കേസില്‍ വെറുതെ വിട്ടപ്പോള്‍ ജഡ്ജിയമ്മാവന്‍ കോവില്‍ കൂടി ചര്‍ച്ചയാകുകയാണ്.

നീതിയുടെ നടക്കാവ്: ചെറുവള്ളിയിലെ ജഡ്ജിയമ്മാവനും അത്താഴപ്പൂജയിലെ അത്ഭുതങ്ങളും

കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തിനടുത്ത് പ്രകൃതിരമണീയമായ കാഞ്ഞിരപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന ചെറുവള്ളി ദേവി ക്ഷേത്രം, കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. സത്യത്തിന്റെയും നീതിയുടെയും കാവലാളായി ഇവിടെ കുടികൊള്ളുന്ന 'ജഡ്ജിയമ്മാവന്‍' വിശ്വാസികള്‍ക്ക് വെറുമൊരു സങ്കല്‍പ്പമല്ല, മറിച്ച് കോടതി വ്യവഹാരങ്ങളില്‍ തുണയാകുന്ന അഭയസ്ഥാനമാണ്.



രക്തം പൊടിഞ്ഞ കല്ലും ഊഞ്ഞാലാടുന്ന ദേവിയും

ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ പേരിനു പിന്നില്‍ മനോഹരമായ ഒരു കഥയുണ്ട്. പണ്ട് വന്യമായ കാടായിരുന്ന ഈ പ്രദേശത്ത് പുല്ലരിയാന്‍ എത്തിയ ഒരു സ്ത്രീ അരിവാളിന് മൂര്‍ച്ച കൂട്ടാന്‍ കല്ലില്‍ ഉരച്ചപ്പോള്‍ അവിടെ നിന്ന് രക്തം പ്രവഹിച്ചുവത്രേ. ഈ ചൈതന്യം കുളത്തില്‍ വ്യാപിക്കുകയും ദേവി ഒരു ചെറിയ വള്ളിയില്‍ ഊഞ്ഞാലാടുന്ന രൂപത്തില്‍ ബ്രാഹ്‌മണന് ദര്‍ശനം നല്‍കുകയും ചെയ്തു. വള്ളിയില്‍ ദര്‍ശനം നല്‍കിയ ദേവി വസിക്കുന്ന ഇടമായതിനാല്‍ ഇവിടം 'ചെറുവള്ളി' എന്നറിയപ്പെട്ടു.

ജഡ്ജിയമ്മാവന്‍: ആരാണ് ഈ അപൂര്‍വ്വ പ്രതിഷ്ഠ?

തിരുവിതാംകൂര്‍ രാജാവായിരുന്ന ധര്‍മ്മരാജാ കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയുടെ കോടതിയിലെ നീതിമാനായ ജഡ്ജിയായിരുന്നു തിരുവല്ല രാമപുരത്തുമഠത്തിലെ ഗോവിന്ദപ്പിള്ള. ഒരിക്കല്‍ തെറ്റിദ്ധാരണയുടെ പുറത്ത് സ്വന്തം അനന്തരവന് അദ്ദേഹം വധശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കിക്കഴിഞ്ഞാണ് വിധി തെറ്റായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.

പശ്ചാത്താപത്താല്‍ നീറിപ്പുകഞ്ഞ ഗോവിന്ദപ്പിള്ള, രാജാവിനോട് തനിക്ക് ശിക്ഷ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. സ്വയം തീരുമാനിച്ച ശിക്ഷ പ്രകാരം തന്റെ പാദങ്ങള്‍ മുറിച്ച ശേഷം മരണം വരെ തൂക്കിലിടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ദുര്‍മ്മരണം സംഭവിച്ച അദ്ദേഹത്തിന്റെ ആത്മാവിനെ പിന്നീട് ചെറുവള്ളി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. നീതിയുടെ ഭാഗത്ത് നില്‍ക്കുന്ന ദൈവമായി പിള്ള അന്ന് മുതല്‍ 'ജഡ്ജിയമ്മാവന്‍' എന്ന് വിളിക്കപ്പെട്ടു.




അപൂര്‍വ്വ ആചാരങ്ങള്‍: രാത്രിയിലെ പ്രാര്‍ത്ഥനകള്‍

മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജഡ്ജിയമ്മാവന്‍ കോവില്‍ രാത്രിയില്‍ മാത്രമാണ് തുറക്കുന്നത്. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് നടയടച്ച ശേഷം രാത്രി 8:00 മുതല്‍ 8:45 വരെയാണ് ജഡ്ജിയമ്മാവനെ തൊഴാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുക.

കരിക്കഭിഷേകവും അടനിവേദ്യവുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍. കേസുകളില്‍ വിജയവും നീതിയും ലഭിക്കാനായി ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഈ സമയം ഇവിടെ എത്തിച്ചേരുന്നു. 1978-ലാണ് ഇപ്പോള്‍ കാണുന്ന രീതിയിലുള്ള ശ്രീകോവില്‍ നിര്‍മ്മിച്ച് അദ്ദേഹത്തെ കുടിയിരുത്തിയത്.


കോട്ടയത്തുനിന്നും ഏകദേശം 35 കിലോമീറ്റര്‍ അകലെ ചിറക്കടവ്-മണിമല റൂട്ടിലാണ് ഈ ക്ഷേത്രം. പൊന്‍കുന്നത്തുനിന്നും 7 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വിശ്വാസവും ചരിത്രവും ലയിക്കുന്ന ഈ പുണ്യഭൂമിയിലെത്താം.

-