കൊച്ചി: ചികിത്സയ്ക്കായി ഏഴു മാസത്തോളം സിനിമയില്‍നിന്നു വിട്ടുനിന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടി കേരളത്തിലേക്ക് എത്തുക ഒരു മാസം കൂടി കഴിഞ്ഞ്. ഒരു മാസം കൂടി മമ്മൂട്ടി ചെന്നൈയില്‍ തന്നെ തുടരും. ചെന്നൈയിലുള്ള താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വിവിധ മെഡിക്കല്‍ പരിശോധനകളുടെ ഫലങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ സിനിമാ സെറ്റിലേക്ക് അടക്കം എത്താന്‍ താരം തീരുമാനിച്ചു. ഓണം കഴിഞ്ഞ ശേഷമാകും മമ്മൂട്ടിയുടെ ഇടവളയ്ക്ക് ശേഷമുള്ള അഭിനയം. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് സെറ്റിലെത്തുകയും ചെയ്യും.

സെപ്റ്റംബറില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമാകുമെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഈ സിനിമയില്‍ മോഹന്‍ലാലും നിര്‍ണ്ണായക വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. രോഗമുക്തിയെക്കുറിച്ച് നിര്‍മാതാവ് ആന്റോ ജോസഫ് ഇന്നലെ രാവിലെ സമൂഹമാധ്യമത്തില്‍ കുറിച്ചതോടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള സൂചന ആദ്യം പുറത്തറിയുന്നത്. ''ലോകമെമ്പാടുമുള്ള ഒരുപാടുപേരുടെ പ്രാര്‍ഥന ഫലം കണ്ടു. ദൈവമേ നന്ദി, നന്ദി, നന്ദി''- ആന്റോ കുറിച്ചു. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവില്‍' എന്ന സിനിമയാണ് തിയേറ്ററുകളിലെത്തുന്ന അടുത്ത മമ്മൂട്ടിചിത്രം. ഇതിന്റെ പ്രെമോഷന്‍ പരിപാടികളിലും മമ്മൂട്ടി പങ്കെടുത്തേക്കും.

ചികിത്സയുടെ ആദ്യകാലങ്ങളില്‍ ഭക്ഷണത്തിന് രുചി തോന്നിയിരുന്നില്ല. മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറി. ആള്‍ക്കൂട്ടങ്ങളുടെ ഇടയിലേക്ക് വൈകാതെ മമ്മൂട്ടി മടങ്ങിവരുമെന്നും വി.കെ ശ്രീരാമന്‍ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ ഉഷാര്‍ വന്നിട്ടുണ്ട് എന്നാണ് സംസാരിക്കുമ്പോള്‍ തോന്നുന്നത്. വലിയ ഒരു എനര്‍ജി സംസാരത്തിലുണ്ട്. ഒരിക്കലും ഒരു രോഗിയുടെ എനര്‍ജി ഇല്ലായ്മയും ഒന്നും തോന്നിയിട്ടില്ല. പഴയ പോലത്തെ ശബ്ദവും എനര്‍ജിയും ഒക്കെയാണ് സംസാരിക്കുമ്പോള്‍ ഉള്ളതെന്നും വികെ ശ്രീരാമന്‍ പറഞ്ഞു.

മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് സഹോദരനും നടനുമായ ഇബ്രാഹിംകുട്ടിയും രംഗത്തു വന്നിരുന്നു. കാറും കോളം ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയ ആശ്വാസമാണിപ്പോഴെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു. ലോകം മുഴുവന്‍ ഒരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത് താന്‍ അറിഞ്ഞെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി.

ഇബ്രാഹിംകുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു. ഇനി മടങ്ങിവരവാണ്.

കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നു. സീരിയല്‍ ചിത്രീകണത്തിനായുള്ള യാത്രകളിലടക്കം റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകള്‍ വന്ന് ചോദിക്കും സ്നേഹത്തോടെ, മമ്മൂക്ക ഒക്കെയല്ലേ? എന്ന്. അതെയെന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്.

ലോകം മുഴുവന്‍ ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയോ. അതെ. ഞാന്‍ കണ്ട ലോകമെല്ലാം പ്രാര്‍ത്ഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു. അത്ര കാര്യമായ പ്രശ്‌നമൊന്നുമില്ലായിരുന്നു. എന്നാലും ഒരു വിങ്ങല്‍ ബാക്കി നിന്നിരുന്നു മനസ്സില്‍. ഓരോ ശ്വാസത്തിലും പ്രാര്‍ത്ഥിച്ചിരുന്നു.. കോടി കോടി മനുഷ്യര്‍ക്കൊപ്പം.

ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോള്‍ ഒരുകടല്‍ നീന്തിക്കടന്ന ആശ്വാസം. നന്ദി, ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്നേഹം കൊണ്ടുനടന്നവര്‍ക്ക്. പ്രാര്‍ത്ഥിച്ചവര്‍ക്ക്, തിരിച്ചുവരാന്‍ അദമ്യമായി ആഗ്രഹിച്ചവര്‍ക്ക്. പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി.