ടൂണിസ്: അഭിപ്രായ സ്വാതന്ത്ര്യത്തിന് പല രാജ്യങ്ങളിലും പല വിധ നയങ്ങളാണ്. രാജഭരണം നിലനില്‍ക്കുന്നിടങ്ങളില്‍ വിമര്‍ശനങ്ങളുടെ പേരില്‍ വധശിക്ഷ ലഭിക്കാറുണ്ട്. ടൂണീഷ്യയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത കേട്ട് ലോകം ഞെട്ടുന്ന അവസ്ഥയാണുള്ളത്. ടുണീഷ്യന്‍ പ്രസിഡന്റ് കൈസ് സഈദിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട 56-കാരനായ ദിവസക്കൂലിക്കാരന് വധശിക്ഷ വിധിച്ചിരിക്കയാണ്. നബേല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

ടുണീഷ്യയില്‍ ഇത്തരം ഒരു വിധി ആദ്യമായാണെന്ന് പ്രതിയുടെ അഭിഭാഷകന്‍ ഔസാമ ബൗത്തല്‍ജ പറഞ്ഞു. 2021-ല്‍ പ്രസിഡന്റ് കൈസ് സഈദ് രാജ്യത്തിന്റെ അധികാരം പൂര്‍ണ്ണമായും കയ്യിലെടുത്തതിന് ശേഷം ഇവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സബര്‍ ഷൂഷാന്‍ എന്ന പ്രതി, പ്രസിഡന്റിനെ വിമര്‍ശിച്ച് പോസ്റ്റുകള്‍ എഴുതുന്നതിന് മുമ്പ് സാധാരണക്കാരനും പരിമിതമായ വിദ്യാഭ്യാസം മാത്രമുള്ളയാളുമായിരുന്നുവെന്ന് ഔസാമ ബൗത്തല്‍ജ വിമര്‍ശിച്ചു.

'ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ ഒരു വ്യക്തിക്ക് വധശിക്ഷ നല്‍കുന്നത് ഞെട്ടിക്കുന്നതും അഭൂതപൂര്‍വ്വവുമാണ്. ഈ വിധിക്ക് എതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്,' ബൗത്തല്‍ജ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ടുണീഷ്യയില്‍ മരണശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അത് നടപ്പാക്കിയിട്ടില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തങ്ങളുടെ കുടുംബത്തിന് ദാരിദ്ര്യത്തോടൊപ്പം അനീതിയും അടിച്ചമര്‍ത്തലും ഏല്‍ക്കേണ്ടി വരുന്നതില്‍ ദുഃഖിതനാണെന്ന് പ്രതിയുടെ സഹോദരന്‍ ജമാല്‍ ഷൂഷാന്‍ പറഞ്ഞു.

അതേസമയം ഇപ്പോള്‍ പുറത്തുവന്ന ഈ വിധി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ വിമര്‍ശകരെ ഭയപ്പെടുത്താനുള്ള ശ്രമമാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ കൂടുതല്‍ ഞെരുക്കുമെന്നും രാഷ്ട്രീയ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ട് ഉത്തരവുകള്‍ വഴി ഭരണം തുടങ്ങിയതിന് ശേഷം, ടുണീഷ്യയിലെ നീതിന്യായ സ്വാതന്ത്ര്യം ദുര്‍ബലപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനം കടുപ്പിച്ചിട്ടുണ്ട്.