ഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ പൊതുപരിപാടിക്കിടെ ആക്രമിച്ചയാൾ ഗുജറാത്ത് സ്വദേശിയായ രാജേഷ് സക്രിയയാണെന്ന് ഡൽഹി പോലീസ് തിരിച്ചറിഞ്ഞു. രാജ്‌കോട്ട് സ്വദേശിയായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അതേസമയം, തെരുവുനായ്ക്കൾക്ക് ഷെൽറ്റർ ഒരുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ തുടർന്ന് അസ്വസ്ഥനായിരുന്നുവെന്ന് പ്രതിയുടെ അമ്മ വെളിപ്പെടുത്തി.

ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന 'ജൻസുൻവായ്' പരിപാടിക്കിടെയാണ് സംഭവം നടന്നത്. മുഖ്യമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനിടെ രാജേഷ് സക്രിയ രേഖാ ഗുപ്തയെ സമീപിക്കുകയും സംസാരിക്കുന്നതിനിടെ ആക്രമിക്കുകയുമായിരുന്നു. ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, രാജേഷ് ചില രേഖകളുമായി മുഖ്യമന്ത്രിയെ സമീപിക്കുകയും തുടർന്ന് ബഹളം വെച്ച് ആക്രമണത്തിന് മുതിരുകയുമായിരുന്നു. പ്രതി മദ്യപിച്ചിരുന്നതായി ചില ദൃക്സാക്ഷികൾ അവകാശപ്പെട്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

"എൻ്റെ മകന് നായ്ക്കളെ വളരെ ഇഷ്ടമാണ്. ഡൽഹി എൻസിആറിലെ തെരുവുനായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം അവൻ ദേഷ്യത്തിലായിരുന്നു. അധികം വൈകാതെ ഡൽഹിയിലേക്ക് പോയി. അതിൽ കൂടുതൽ ഞങ്ങൾക്ക് ഒന്നും അറിയില്ല," സക്രിയയുടെ അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുവിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ സഹായം തേടിയാണ് 41-കാരനായ സക്രിയ പൊതുയോഗത്തിനെത്തിയതെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ രാജേഷ് സക്രിയയെ ഉടൻ തന്നെ പിടികൂടിയിരുന്നു. ഡൽഹി പോലീസ് കമ്മീഷണർ എസ്.ബി.കെ. സിംഗിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആക്രമണത്തിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.

അതേസമയം, ഡൽഹി -എന്‍.സി.ആറിലെ തെരുവുനായകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം. കുട്ടികളും യുവാക്കളും ഉള്‍പ്പെടെ ഏകദേശം 500 പേരോളം വരുന്ന മൃഗ സ്‌നേഹികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയത്. ‘ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് നമ്മള്‍’, ‘കൊലപാതകം ഒരു പരിഹാരമല്ല’, ‘ഡൽഹിയിലെ തെരുവ് നായ്ക്കള്‍ക്കെതിരായ അനീതി അവസാനിപ്പിക്കുക,’ എന്നീ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ആക്ടിവിസ്റ്റും ആള്‍മൈറ്റി അനിമല്‍ കെയര്‍ ട്രസ്റ്റിന്റെ സ്ഥാപകനുമായ സായ് വിഘ്നേഷാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. സുപ്രീം കോടതി വിധി തികച്ചും അശാസ്ത്രീയവും അധാര്‍മികവുമാണ് എന്ന് അദ്ദേഹം വിമര്‍ശിച്ചു.