ലണ്ടന്‍: വിമാന യാത്രകളില്‍ കൈയ്യില്‍ കരുതാവുന്ന ദ്രാവകങ്ങളുടെ അളവുകളുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റര്‍ വിമാനത്താവളം യാത്രക്കാര്‍ക്കായി പുതിയ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ വേനല്‍ക്കാലത്ത് രാജ്യത്തെ വിമാനത്താവളങ്ങള്‍ എല്ലാം തന്നെ പുതിയ സെക്യൂരിറ്റി സ്‌കാനറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ പോകുന്നതിനിടയിലാണ്. പുതിയ സ്‌കാനറുകളിലെ സാങ്കേതിക വിദ്യ ലഗേജിനകത്ത് കൂടുതല്‍ കാര്യക്ഷമമായി സ്‌കാന്‍ ചെയ്യാന്‍ ഉതകുന്നതാണ്. അതുകൊണ്ടു തന്നെ യാത്രക്കാര്‍ക്ക്, ദ്രാവക വസ്തുക്കലോ, ലാപ്‌ടോപ്പ് പോലുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങളോ ബാഗിനകത്ത് ഉണ്ടെങ്കില്‍ സ്‌കാനിംഗ് ആവശ്യത്തിനായി അത് പുറത്തെടുക്കേണ്ടി വരില്ല.

അതുപോലെ യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ വരെ ദ്രാവക വസ്തുക്കള്‍ യാത്രകളില്‍ കൊണ്ടുപോകാന്‍ സാധിക്കും. നിലവില്‍ അത് 100 എം എല്‍ മാത്രമാണ്. ഗൃഹ നിര്‍മ്മിത ദ്രാവക ബോംബുകളുപയോഗിച്ച് വിമാനങ്ങള്‍ കത്തിക്കുവാനുള്ള ഒരു പദ്ധതി 2016 ല്‍ പരാജയപ്പെടുത്തിയിരുന്നു. അതിനെ തുടര്‍ന്നായിരുന്നു വിമാനയാത്രകളില്‍ കൂടെ കൊണ്ടുപോകാവുന്ന ദ്രാവക വസ്തുക്കളുടെ പരിധി 100 എം എല്‍ ആക്കിയത്. ഏറ്റവും അവസാനത്തേതായി, ഈയാഴ്ച എഡിന്‍ബര്‍ഗ്, ബിര്‍മ്മിംഗ്ഹാം വിമാനത്താവളങ്ങളിലാണ് പുതിയ സ്‌കാനറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിച്ചത്. അതോടെ ഇവിടെയും 100 എം എല്‍ പരിധി 2 ലിറ്റര്‍ ആയി ഉയര്‍ത്തി.

എന്നാല്‍, ഈ നിയമം ഒരു ആഗോള നിയമം അല്ലാത്തതിനാല്‍ യാത്രക്കാരില്‍ ചില ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നുള്ള മടക്കയാത്രയില്‍ ഇത് ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും ഇടയുണ്ട്. അതുകൊണ്ടു തന്നെ വിദേശങ്ങളിലെക്ക് യാത്ര ചെയ്യുന്നവര്‍, അവരുടെ വിമാനത്താവളങ്ങള്‍ മറ്റൊരു വിധത്തില്‍ നിര്‍ദ്ദേശിച്ചിട്ടില്ലെങ്കില്‍ 100 എം എല്‍ ലിക്വിഡ് നിയമത്തില്‍ തന്നെ ഉറച്ച് നില്‍ക്കണമെന്നാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്സാണ്ടര്‍ നിര്‍ദ്ദേശിക്കുന്നത്. ടൈംസ് റേഡിയോയിലൂടെയായിരുന്നു അദ്ദേഹം ഈ നിര്‍ദ്ദേശം നല്‍കിയത്.

നിങ്ങള്‍ യാത്ര ചെയ്യുന്ന എയര്‍ലൈനുമായും വിമാനത്താവളങ്ങളുമായും ബന്ധപ്പെട്ട്, ദ്രാവക ലഗേജുമായി ബന്ധപ്പെട്ട നിയമം പരിശോധിക്കണമെന്നും അലക്സാണ്ടര്‍ പറഞ്ഞു. അധികം വൈകാതെ ലോക്ത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ പുതിയ സാങ്കേതിക വിദ്യ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അപ്പോള്‍ മാത്രമെ ബ്രിട്ടന്‍ ഇപ്പോള്‍ പുതുക്കിയ നിയമത്തിന്റെ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഈ നിര്‍ദ്ദേശത്തെ പൂര്‍ണ്ണമായും പിന്താങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ വിമാനത്താവളം.

തങ്ങളുടെ മൂന്ന് ടെര്‍മിനലുകളിലും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും സ്‌കാനിംഗ് എന്ന് വിമാനത്താവള വക്താവ് അറിയിച്ചു. എന്നാല്‍, വിമാനത്താവളം ഇനിയൊരു നിര്‍ദ്ദേശം നല്‍കുന്നത് വരെ 100 എം എല്‍ നിയമം തന്നെ പിന്തുടരണമെന്നും വക്താവ് പറയുന്നു. പുതിയ സ്‌കാനറുകള്‍ ഉപയോഗിക്കുമ്പോഴും, ചില പഴയ സ്‌കാനറുകളും പ്രവര്‍ത്തനക്ഷമമാണെന്നും ഏത് സ്‌കാനറായിരിക്കും ഉപയോഗിക്കുക എന്നത് യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയില്ലെന്നും വക്താവ് ചൂണ്ടി കാണിച്ചു.