തിരുവല്ല: ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രളയ പ്രതികരണ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ പാലത്തിങ്കൽ ബിനു സോമൻ (34) മുങ്ങി മരിച്ച സംഭവത്തിന് ഉത്തരവാദികൾ ജില്ലാ ഭരണകൂടവും സർക്കാരും തന്നെ. 20 മിനുട്ടോളം ചെളിയിൽ പുതഞ്ഞു പോയ ബിനുവിന്റെ മൃതദേഹമാണ് പുറത്തെടുത്തത്.

 

ജനരോഷം ഭയന്ന് ഈ വിവരം മറച്ചു വച്ച് ചികിൽസാ നാടകം നടത്തുകയാണ് ജില്ലാ ഭരണകൂടം ചെയ്തതെന്ന് ബിനുവിനൊപ്പം ആറ്റിൽ ചാടിയവർ പറയുന്നു. മൃതദേഹം വച്ച് നടത്തിയ നാടകത്തിനൊടുവിൽ രാത്രി ഏഴു മണിയോടെയാണ് മരണ വിവരം സ്ഥിരീകരിച്ചത്. എൻഐഎയുടെ റെയ്ഡിന് പിന്നാലെ പോയ മാധ്യമങ്ങൾ പിന്നീടാണ് മണിമലയാറ്റിലേത് മനുഷ്യ കുരുതിയാണെന്ന് തിരിച്ചറിഞ്ഞത്. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെയാണ് മണിമലയാറ്റിൽ പടുതോട്ടിൽ

ദേശീയ ദുരന്ത നിവാരണ അഥോറിറ്റി നേതൃത്വത്തിൽ പ്രളയ പ്രതികരണ മോക്ക് ഡ്രിൽ നടത്തിയത്. വെള്ളപ്പൊക്കമുണ്ടായാൽ എങ്ങനെ നേരിടാമെന്നതായിരുന്നു മോക്ഡ്രില്ലിൽ പരീക്ഷിച്ചത്. ഇതിനായി കൊണ്ടു വന്ന സാധനങ്ങൾ ഫയർഫോഴ്സിന്റെ ഡിങ്കികളും ഒരു മോട്ടോർ ബോട്ടുമായിരുന്നു. യമഹ എൻജിൻ ഉപയോഗിച്ച് നീങ്ങുന്ന ഡിങ്കികളും മോട്ടോർ ബോട്ടിന്റെയും എൻജിനുകൾ തകരാറിലായിരുന്നു. ആറ്റിലുണ്ടായിരുന്ന ഫയർഫോഴ്സ് ഡിങ്കിയുടെ മുന്നിലാണ് ബിനു ചെളിയിൽ മുങ്ങിത്താഴ്ന്നത്.

20 മിനുട്ടോളം സമയമെടുത്തു ചെളിയിൽ നിന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ. റബർ ഡിങ്കിയും ബോട്ടുമൊക്കെ ഈ സ്ഥലത്തേക്ക് നീങ്ങിയതും സാവധാനമായിരുന്നു. ചെളിയിൽ പുതഞ്ഞു പോയ ബിനുവിനെ പുറത്തെടുത്ത് അവിടെ വച്ച് തന്നെ ആറു തവണ സിപിആർ നൽകിയിരുന്നുവെന്ന് മോക്ഡ്രില്ലിനായി ഒപ്പം നദിയിലേക്ക് ചാടിയ നാട്ടുകാരനായ മോൻസി പറഞ്ഞു. ഇദ്ദേഹം നാവികസേനയിൽ പ്രവർത്തിച്ച് പരിചയമുള്ളയാളാണ്. സിപിആറും പ്രഥമ ശുശ്രൂഷയുമൊക്കെ നൽകാൻ ഇദ്ദേഹത്തിനും അറിയാം. പുറത്തെടുത്തപ്പോൾ തന്നെ ബിനു മരണപ്പെട്ടിരുന്നു. നദിയിൽ നിന്ന് മുങ്ങിയെടുത്ത ബിനുവിനെ കയറ്റിയ ഡിങ്കി വടം കെട്ടി വലിച്ചാണ് കരയിലേക്ക് അടുപ്പിച്ചത്. ഇതിൽ നിന്ന് തന്നെ അനാസ്ഥ എത്രമാത്രം ഭീകരമായിരുന്നുവെന്ന് വ്യക്തമാണ്.

ജനരോഷമൊഴിവാക്കാനുള്ള നാടകങ്ങളാണ് പിന്നീട് നടന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ബിനു മരിച്ചുവെന്ന വിവരം മറച്ചു വച്ച് പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റി. പിആർഡി മുഖേനെ ഇയാൾ ജീവിച്ചിരിക്കുന്നുവെന്ന് വാർത്താക്കുറിപ്പും നൽകി. മോക്ഡ്രില്ലിലെ പിഴവല്ല, വെള്ളത്തിൽ വച്ച് അസ്വസ്ഥത വന്നതു കാരണമാണ് ബിനു മുങ്ങിപ്പോയതെന്നുമുള്ള തരത്തിലായിരുന്നു വാർത്താക്കുറിപ്പ്.

അതിങ്ങനെ: പ്രദേശത്തെ സന്നദ്ധ പ്രവർത്തകനായ ബിനു വെള്ളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തനം അനുകരിക്കുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും വെള്ളത്തിൽ മുങ്ങുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ദേശീയ ദുരന്ത പ്രതികരണ സേനാ അംഗങ്ങൾ ഉടൻ തന്നെ രക്ഷപ്പെടുത്തുകയും, ഡോക്ടർ അടിയന്തിര സഹായം നല്കുകയും ചെയ്തു. ഉടൻ തന്നെ പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചു. ബിനു സോമന്റെ സ്ഥിതി നിലവിൽ ഗുരുതരമാണ്. എം.ഐ.സി.യുവിൽ ചികിൽസയിലാണ്.

ഒന്നാം പ്രതി ജില്ലാ ഭരണകൂടം..

ബിനുവിന്റെ ദാരുണ മരണത്തിൽ ഒന്നാം പ്രതി ജില്ലാ ഭരണകൂടമാണ്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ ഇതുവരെ തയാറായിട്ടില്ല. ദുരന്ത നിവാരണ അഥോറിറ്റിയുടെ ജില്ലാ ചെയർമാൻ കൂടിയാണ് കലക്ടർ. അഥോറിറ്റിയുടെ അനാസ്ഥ ഒന്നു കൊണ്ടു മാത്രമാണ് ബിനുവിന്റെ ജീവൻ നഷ്ടമായത്. യാതൊരു വിധ ജീവൻ രക്ഷാ ഉപകരണങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് മോക്ഡ്രിൽ നടത്തിയത്. ദുരന്തമുണ്ടായാൽ എങ്ങനെ രക്ഷിക്കാമെന്ന് കാണിക്കുന്നതിനായിരുന്നു മോക്ഡ്രിൽ.

പക്ഷേ, ശരിക്കും ദുരന്തമുണ്ടായപ്പോൾ രക്ഷിക്കാൻ കഴിയാതെ പോയത് വൻ വീഴ്ച തന്നെയാണ്. അതിലും ദുരന്തമാണ് മരണ വിവരം അറിയിക്കുന്നത് വൈകിപ്പിച്ചു കൊണ്ട് നടത്തിയ നാടകം. ഗുരുതരമായ രണ്ടു വീഴ്ചകളാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ജില്ലാ കലക്ടർക്കെതിരേ ജനരോഷം ശക്തമാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതിന് അപ്പുറം കലക്ടർ വൻ പരാജയമാണെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.

തുടർച്ചയായി നിരവധി വിവാദങ്ങളാണ് കലക്ടറുടെ പേരിൽ ഉണ്ടായിരിക്കുന്നത്. ഭരണ കർത്താവെന്ന നിലയിൽ കലക്ടറുടെ പരാജയം വിളിച്ചു പറയുന്നതാണ് ഇന്നലെ നടന്ന സംഭവങ്ങൾ.

ദുരന്ത കഥയിലെ നായകനായി ബിനു.. നിസഹായതയോടെ മോൻസി

ബിനു സോമന്റെ ജീവിതം ദുരന്തങ്ങൾ നിറഞ്ഞതാണ്. വിദേശത്തുള്ള ഒരു സഹോദരി മാത്രമാണ് ബിനുവിന് ഉണ്ടായിരുന്നത്. മാതാപിതാക്കൾ നേരത്തേ മരിച്ചു. ഒരു സഹോദരൻ ബൈക്ക് അപകടത്തിലും മരിച്ചു. നാട്ടിൽ സജീവ സന്നദ്ധ പ്രവർത്തകനായിരുന്നു ബിനു. ഒപ്പം നീന്താനിറങ്ങിയ ആൾ വെള്ളത്തിൽ മുങ്ങി മരിച്ചത് നിസഹായതതോടെ നോക്കി നിൽക്കേണ്ടി വന്നയാളാണ് മോൻസി. അതുകൊണ്ടു തന്നെ അധികൃതരുടെ വീഴ്ചയ്ക്ക് എതിരേ അദ്ദേഹം ആഞ്ഞടിച്ചത്.

ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ദേശീയ ദുരന്ത നിവാരണ അഥോറിറ്റി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുമായി സഹകരിച്ച് സംസ്ഥാനം മുഴുവൻ മോക്ഡ്രിൽ നടത്തി വരികയാണ്. ഏഴിടങ്ങളിൽ പ്രകൃതിക്ഷോഭം വന്നാൽ എങ്ങനെ നേരിടാമെന്നും ബാക്കിയുള്ളിടത്ത് വെള്ളപ്പൊക്കത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടുമാണ് മോക്ഡ്രിൽ നടക്കുന്നത്. രണ്ടു ദിവസമായി വെണ്ണിക്കുളം പടുതോട് പാലത്തിൽ ഇതു സംബന്ധിച്ച് ഒരുക്കങ്ങൾ നടക്കുകയായിരുന്നു.

കേന്ദ്രസേന, കേരളാ പൊലീസ്, റവന്യൂ, ഫയർ ഫോഴ്സ് തുടങ്ങി സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും ഇതിൽ പങ്കാളിയാകുന്നുണ്ട്. 2018 ലേതിന് സമാനമായി മണിമലയാറ്റിൽ വെള്ളപ്പൊക്കമുണ്ടായാൽ എങ്ങനെ നേരിടും എന്നതാണ് ഇവിടെ നടത്താൻ ഉദ്ദേശിച്ചിരുന്ന മോക്ഡ്രിൽ.