- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പുരില്‍ ആളിക്കത്തി വിദ്യാര്‍ഥി പ്രക്ഷോഭം; രാജ്ഭവനിലേക്ക് പ്രതിഷേധമാര്‍ച്ച്; ഗവര്‍ണര്‍ ഇംഫാല്‍ വിട്ട് ഗുവാഹത്തിയിലെത്തി; കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു
സംസ്ഥാനത്ത് സംഘര്‍ഷഭീതി തുടരുന്നു
ഇംഫാല്‍: മണിപ്പുരില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആളിക്കത്തിയതോടെ ഇംഫാല്‍ താഴ്വരയില്‍ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു. ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ രാജ്ഭവന്‍ മാര്‍ച്ചിന് പിന്നാലെ മണിപ്പുരിന്റെ അധിക ചുമതല വഹിക്കുന്ന അസം ഗവര്‍ണര്‍ ഇംഫാല്‍ വിട്ട് ഗുവാഹത്തിയിലേക്ക് പോയതായി റിപ്പോര്‍ട്ട്. ഇംഫാലില്‍ രാജ്ഭവന് നേരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ മണിപ്പൂര്‍ വിട്ടത്. നിലവില്‍ അദ്ദേഹം ഗുവാഹാട്ടിയിലാണ് ഉള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ രാജ്ഭവന്‍ വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
മണിപ്പുര്‍ സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും ഡി.ജി.പി.യെയും നീക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ രാജ്ഭവനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്. അസം ഗവര്‍ണറായ ലക്ഷ്മണ്‍ പ്രസാദിന് നിലവില്‍ മണിപ്പുരിന്റെ അധികചുമതലയാണ്. അദ്ദേഹം ബുധനാഴ്ച രാവിലെ ഗുവാഹാട്ടിയിലേക്ക് പോയതായി അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി വിദ്യാര്‍ഥിപ്രതിനിധികള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി രാജ്ഭവന്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെയും ജനങ്ങളുടെയും താത്പര്യം മുന്‍നിര്‍ത്തി ഉചിതനടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയെങ്കിലും സംസ്ഥാനത്ത് സംഘര്‍ഷഭീതി തുടരുകയാണ്. ഇംഫാലില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ബുധനാഴ്ചയും തുടര്‍ന്നു. സംഘര്‍ഷസാധ്യത മുന്നില്‍ക്കണ്ട് പ്രദേശത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കിയിട്ടുണ്ട്. മണിപ്പുര്‍ സര്‍വകലാശാലയിലെ എല്ലാ ബിരുദ പരീക്ഷകളും മാറ്റിവെച്ചു. രാജ്ഭവന് സമീപം ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ 55-ലധികം വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.
ഇംഫാല്‍ ഈസ്റ്റിലും വെസ്റ്റിലും ആളുകള്‍ വീടിനു പുറത്തിറങ്ങുന്നതു തടഞ്ഞ് കലക്ടര്‍മാര്‍ ഉത്തരവിട്ടു. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ മെയ്‌തെയ് വിദ്യാര്‍ഥികള്‍ ഇന്നലെയും സുരക്ഷാസേനയുമായി ഏറ്റുമുട്ടിയിരുന്നു. 40 പേര്‍ക്ക് പരുക്കേറ്റു.
മണിപ്പുരിലെ സുരക്ഷാ ഉപദേഷ്ടാവിനെയും ഡിജിപിയെയും മാറ്റണമെന്നും യൂണിഫൈഡ് കമാന്‍ഡിന്റെ ചുമതല മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന് നല്‍കണമെന്നും ആവശ്യപ്പെട്ടു രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്ത സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനു വിദ്യാര്‍ഥികളെ പൊലീസും സുരക്ഷാ സേനയും തടഞ്ഞു. സമരക്കാര്‍ കല്ലേറു തുടങ്ങിയതോടെ കണ്ണീര്‍വാതക ഷെല്ലുകളും മോക് ബോംബുകളും ഉപയോഗിച്ചാണു നേരിട്ടത്. ഇംഫാല്‍ വെസ്റ്റിലും മണിപ്പുര്‍ സര്‍വകലാശാലയിലെ മെയ്‌തെയ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വന്റാലി നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. സെക്രട്ടേറിയറ്റിലേക്ക് നീങ്ങിയ വിദ്യാര്‍ഥികളെ പൊലീസ് തടഞ്ഞു.
വ്യാജ വാര്‍ത്തകളും വിഡിയോകളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ്, തൗബാല്‍, ബിഷ്ണുപുര്‍, കാക്ചിങ് തുടങ്ങിയ മെയ്‌തെയ് ഭൂരിപക്ഷ ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.