തിരുവനന്തപുരം: മണിയാര്‍ ജലവൈദ്യുതി കരാര്‍ പ്രശ്‌നത്തില്‍ സംസ്ഥാന മന്ത്രിസഭയില്‍ ഭിന്നത. കരാര്‍ പ്രകാരം മണിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതി തിരിച്ചെടുക്കുമെന്ന നിലപാടിലാണ് കെഎസ്ഇബി. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പിന്തുണയും കെ എസ് ഇ ബിയ്ക്കുണ്ട്. അഴിമതി ആരോപണം തനിക്ക് മേല്‍ വീഴാതിരിക്കാനുള്ള കരുതലാണ് കൃഷ്ണന്‍ കുട്ടിയുടേത്. ജനതാദള്‍ എസ് മന്ത്രിയായ കൃഷ്ണന്‍ കുട്ടിയെ എതിര്‍ക്കുന്നത് വ്യവസായ മന്ത്രി പി രാജീവും. വ്യവസായം നിലനില്‍ക്കാന്‍ മണിയാര്‍ പദ്ധതി സ്വകാര്യ കമ്പനിയുടെ കൈവശം തുടരാന്‍ അനുവദിക്കണമെന്ന് വ്യവസായ വകുപ്പ് പറയുന്നു. കെഎസ്ഇബിക്ക് അധികച്ചെലവില്ലാതെ വര്‍ഷംതോറും കോടിക്കണക്കിനു രൂപയുടെ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതി കൈവിടാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലും തീര്‍പ്പായില്ല. ഒടുവില്‍, കരാറിന്റെ നിയമവശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്ന് കിട്ടിയത് വൈദ്യുതി വകുപ്പില്‍ നിന്നാണെന്ന അമര്‍ഷം മുഖ്യമന്ത്രിക്കുണ്ട്. രണ്ടാം പിണറായി ഭരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കിയവരെ കണ്ടെത്താനാണ് നീക്കം. ജെഡിഎസിന്റെ മന്ത്രിയായ കൃഷ്ണന്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വ്യവസായ വകുപ്പ് ശ്രമിക്കും. ഇല്ലാത്ത പക്ഷം മണിയാറില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കും. അത് എല്ലാവരും അംഗീകരിക്കേണ്ടി വരും. മണിയാര്‍ പദ്ധതി സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ സാധ്യത ഏറെയാണ്.

സ്വന്തം ചെലവില്‍ ജലവൈദ്യുത പദ്ധതി നിര്‍മിച്ച് കൈവശം വച്ച് പ്രവര്‍ത്തിപ്പിച്ച് കൈമാറുകയെന്ന (ബിഒഒടി) വ്യവസ്ഥയോടെ 1991 മേയ് 18ന് ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തില്‍ മണിയാര്‍ പദ്ധതി പൂര്‍ണമായി കെഎസ്ഇബിക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് കെഎസ്ഇബി നവംബര്‍ 12ന് കത്തു നല്‍കിയിരുന്നു. 2025 ജനുവരി ഒന്നിനു മുന്‍പ് കൈമാറ്റം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. കരാര്‍ ലംഘിച്ചാല്‍ മണിയാര്‍ പദ്ധതി എല്ലാ നിര്‍മിതികളും ഉള്‍പ്പെടെ പിടിച്ചെടുക്കാനുള്ള അവകാശം കെഎസ്ഇബിക്ക് ഉണ്ടായിരിക്കുമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ കെഎസ്ഇബിയുടെ സമ്മതമില്ലാതെ സര്‍ക്കാരിന് മണിയാര്‍ പദ്ധതിക്കായി പുതിയ കരാര്‍ ഒപ്പിടാന്‍ കഴിയില്ല.

ഒരു കമ്പനിക്കായി വ്യവസ്ഥകളില്‍ ഇളവ് നല്‍കിയാല്‍ ഉടന്‍ കാലാവധി അവസാനിക്കാനിരിക്കുന്ന മറ്റ് 8 ചെറുകിട ജലവൈദ്യുത പദ്ധതികളുടെ കരാറിലും സമാനമായ ഇളവ് നല്‍കേണ്ടി വരും. അത് തന്നെ വലിയ സാമ്പത്തിക ബാധ്യതകളിലൂടെ നീങ്ങുന്ന കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കുമെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായ സംരംഭം ലാഭകരമായ വിധം വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഫാക്ടറികള്‍ പൂട്ടിയാല്‍ അത് പ്രതിഛായയെ ബാധിക്കുമെന്നും കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വ്യവസായികള്‍ മടിക്കുമെന്നുമാണ് വ്യവസായ വകുപ്പിന്റെ വാദം.

മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് നീട്ടിനല്‍കിയത് മന്ത്രിസഭ പോലും അറിയാതെയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കരാര്‍ പുതുക്കണമെന്നത് പകരാര്‍ ഒപ്പിടുന്ന സമയത്ത് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. മണിയാര്‍ പദ്ധതിയില്‍ ബിഒടി അടിസ്ഥാനത്തില്‍ 30 വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. അത് നീട്ടിനല്‍കാനുള്ള തീരുമാനം അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.

ധാരണാപത്രത്തിലുള്ള കാര്യങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. പദ്ധതി 30 വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറേണ്ടതാണ്. ആ കാലാവധി ഈ ഡിസംബര്‍ 30ന് പൂര്‍ത്തിയാവും. അങ്ങനെ പൂര്‍ത്തിയാവുമ്പോള്‍ ഈ പദ്ധതി ഇലക്ട്രിസിറ്റി ബോര്‍ഡിന് കൈമാറണമെങ്കില്‍ 21 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ആ നോട്ടീസ് സര്‍ക്കാര്‍ ഇതുവരെ കൈമാറിയിട്ടില്ല. അത് കൊടുക്കാത്ത സന്ദര്‍ഭത്തിലാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. 30 വര്‍ഷം കഴിഞ്ഞിട്ടും ഈ കമ്പനിക്ക് 25 വര്‍ഷം കൂടി കൊടുക്കുന്നത് അഴിമതിയാണ്. ഈ കമ്പനിയെ വഴിവിട്ട് സഹായിക്കുകയാണ് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും ചെയ്യുന്നത്- ചെന്നിത്തല വ്യക്തമാക്കി.

കെഎസ്ഇബി ചെയര്‍മാന്റെയും ചീഫ് എഞ്ചിനീയര്‍ അടക്കമുള്ളവരുടെയും മുന്‍ ചെയര്‍മാന്റേയും കത്തുകളിലൊക്കെ ആവശ്യപ്പെട്ടിരിക്കുന്നത് കാലാവധി കഴിഞ്ഞതുകൊണ്ട് ഡിസംബര്‍ 30 മുതല്‍ ഈ ജലവൈദ്യുതി പദ്ധതി തിരിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡിന് കൊടുക്കണം എന്നാണ്. കാരണം കേരളം ഇന്ന് കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. അതു മൂലം ജനങ്ങളുടെ മേല്‍ കൂടുതല്‍ ചാര്‍ജ് അടിച്ചേല്‍പ്പിക്കേണ്ടിവരുന്നു. അതിനാല്‍ പ്രതിമാസം 12 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന ഈ പദ്ധതി തിരികെ നല്‍കണമെന്ന് കെഎസ്ഇബിയും മന്ത്രിയുമൊക്കെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി 25 വര്‍ഷം കൂടി കരാര്‍ നീട്ടിനല്‍കാന്‍ തീരുമാനമെടുത്തു. കോടികളുടെ അഴിമതി ഇതിനു പിന്നിലുണ്ട്. ഈ കമ്പനിക്ക് 30 വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി കൊടുക്കേണ്ട ഉത്തരവാദിത്തം നമുക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.

'ഇന്ന് നിയമവും വ്യവസ്ഥകളും മാറിയെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. എന്ത് വ്യവസ്ഥയാണ് മാറിയത്?. 1991ലെ കരാറില്‍ പുതുക്കിക്കൊടുക്കാമെന്ന് പറഞ്ഞിട്ടില്ല. കമ്പനിയുടെ ലെറ്റര്‍ തന്റെ കൈയിലുണ്ട്. 2019ലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായെന്നും അതിനാല്‍ കരാര്‍ നീട്ടിക്കൊടുക്കണം എന്നുമാണ് കമ്പനിയുടെ കത്തില്‍ പറയുന്നത്. അന്നത്തെ വെള്ളപ്പൊക്കത്തില്‍ ഈ കമ്പനിക്കൊരു നാശനഷ്ടവും ഉണ്ടായില്ല. ഇനി അങ്ങനെ ഉണ്ടായെങ്കില്‍ എന്തുകൊണ്ട് ബോര്‍ഡിനെയോ സര്‍ക്കാരിനെയോ അക്കാര്യം അറിയിച്ചില്ല. നാശനഷ്ടം തിട്ടപ്പെടുത്തിയില്ല. അപ്പോള്‍ നാശഷ്ടമുണ്ടായില്ലെന്നാണ് സത്യം. ഇനിയുണ്ടായെങ്കില്‍തന്നെ ഈ കമ്പനിക്ക് ഇന്‍ഷുറന്‍സ് ഉള്ളതല്ലേ. എന്നിട്ടുമെന്തുകൊണ്ട് അത് ഈടാക്കിയില്ല. അപ്പോള്‍ പ്രളയത്തെ മുന്‍നിര്‍ത്തി ഒരുകള്ളക്കഥ മെനയുകയാണ്. അങ്ങനെ കരാര്‍ 25 വര്‍ഷത്തേക്കു കൂടി നീട്ടണമെന്ന് പറയുന്നത് അഴിമതിയാണ്. മുഖ്യന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞുകൊണ്ട് ഈ സ്വകാര്യ വ്യക്തിക്ക് പ്രതിമാസം കേരളത്തിന് കിട്ടേണ്ട 12 മെഗാവാട്ട് കൊടുക്കുകയാണ്. ഇതൊരിക്കലും ന്യായമല്ല'- ചെന്നിത്തല വിശദമാക്കി.

വ്യവസായങ്ങള്‍ വരട്ടെയെന്നാണ് മന്ത്രി പറയുന്നത്. വരണം. വ്യവസായങ്ങള്‍ വരാത്തത് പി. രാജീവിന്റെ പാര്‍ട്ടി ഇക്കാലമത്രയും സ്വീകരിച്ചത് തെറ്റായ നയങ്ങള്‍ മൂലമായിരുന്നു. എല്‍ഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ മാത്രമാണ് വ്യവസായത്തെ കുറിച്ച് പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരെങ്കിലും നിക്ഷേപം നടത്താന്‍ വന്നാല്‍ അവരെ ഓടിച്ചുവിടുന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. യുഡിഎഫ് വ്യവസായങ്ങള്‍ക്ക് എതിരല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തിരുന്നു.