തിരുവനന്തപുരം: മണിയാര്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ കരാര്‍ കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡിന് തന്നെ നല്‍കും. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ എതിര്‍പ്പ് ഇക്കാര്യത്തില്‍ വകവയ്ക്കില്ല.കെ.എസ്.ഇ.ബി.യുടെ ആവശ്യം വൈദ്യുതിമന്ത്രി ഉന്നയിക്കുന്നത് തെറ്റായി കാണേണ്ടതില്ല. കാര്‍ബൊറാണ്ടം കമ്പനി സര്‍ക്കാരിനുനല്‍കിയ കത്തില്‍ ഏഴ് പുതിയ കമ്പനികള്‍ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മണിയാര്‍ അവര്‍ക്ക് തന്നെ നല്‍കുന്നത്. കേരളത്തിന് വ്യവസായ കരുത്ത് നല്‍കാന്‍ പുതിയ കമ്പനികളിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. കേരളത്തിന്റെ വ്യവസായമേഖലയില്‍ ഒട്ടേറെ സാധ്യതയുള്ളതാണ് ഗ്രഫീന്‍ എന്നതാണ് വ്യവസായവകുപ്പിന്റെ വിലയിരുത്തല്‍. നിക്ഷേപസംഗമത്തിലടക്കം കേരളത്തിലെ മൂലധനിക്ഷേപസാധ്യതയുള്ള മേഖലയായി ഇത് മാറും. ഇതു കൂടി മണിയാര്‍ അവര്‍ക്ക് തന്നെ നല്‍കാനുള്ള തീരുമാനം.

സംസ്ഥാനത്ത് സ്വകാര്യകമ്പനിക്ക് അനുവദിച്ച ആദ്യത്തെ ക്യാപ്റ്റീവ് പവര്‍ പ്രോജക്ട് ആണ് മണിയാര്‍. ബില്‍ഡ്, ഓണ്‍, ഓപ്പറേറ്റ്്, ട്രാന്‍സ്ഫര്‍ (ബൂട്ട്) സംവിധാനമാണ് 1990-ല്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഇതിനായി നിര്‍ദേശിച്ചിരിക്കുന്നത്. സ്വകാര്യസംരംഭകര്‍ക്ക് നിര്‍മിച്ച്, സ്വന്തം ഉടമസ്ഥതയില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കാവുന്ന ചെറുകിട ജലവൈദ്യുത പദ്ധതി 30 വര്‍ഷത്തിനുശേഷം വൈദ്യുതിബോര്‍ഡിന് കൈമാറണം എന്നായിരുന്നു വ്യവസ്ഥ. 1994 ഡിസംബറില്‍ വൈദ്യുതോത്പാദനം തുടങ്ങി. ഔദ്യോഗികമായി കമ്മിഷന്‍ ചെയ്തത് 1995-ലും. മുഴുവന്‍സമയവും ജലലഭ്യതയുള്ള പദ്ധതിയില്‍ വൈദ്യുതോത്പാദനം നിര്‍ത്തിവെക്കേണ്ടിവരില്ല. ഈ സാഹചര്യത്തിലാണ് മണിയാര്‍ തിരിച്ചു വേണമെന്ന് കെ എസ് ഇ ബി നിലപാട് എടുത്തത്. എന്നാല്‍ വ്യവസായ വകുപ്പ് കാര്‍ബൊറാണ്ടത്തിന് അനുകൂലമായി. നിക്ഷേപത്തിന് മണിയാര്‍ അവര്‍ക്കു തന്നെ കൊടുക്കണമെന്ന് നിലപാട് എടുത്തു.

25 വര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടിനല്‍കണമെന്നാണ് കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡ് ആവശ്യപ്പെടുന്നത്. ഇതനുവദിച്ചാല്‍ കേരളത്തിലെ മൂലധന നിക്ഷേപം കൂട്ടി, പുതിയ പദ്ധതികള്‍ നടപ്പാക്കും. ഗ്രഫ്രീന്‍ മാനുഫാക്ചറിങ് ഫെസിലിറ്റി, വൈറ്റ് ഫ്യൂസ്ഡ് അലൂംമിന ഫാക്ടറി, ഭോമൈറ്റ് ഫാക്ടറി എന്നിവ നിലവില്‍ കാര്‍ബൊറാണ്ടത്തിന് കേരളത്തിലുണ്ട്. എടപ്പള്ളിയിലെ അലൂംമിന ഫ്യൂഷന്‍ ഫെസിലിറ്റിയുടെ വിപുലീകരണം, കൊരട്ടിയിലെ എസ്.ഐ.സി. പ്രൊഡക്ഷന്‍ ഫെസിലിറ്റിയുടെ വിപുലീകരണം, എടപ്പള്ളിയില്‍ പുതിയ ഗ്രയിന്‍ പ്രോസസിങ് പ്ലാന്റ്, കളമശ്ശേരിയില്‍ സോളാര്‍പ്ലാന്റ്, ഹൈ പ്യൂരിറ്റി സിലിക്കോണ്‍ കാര്‍ബൈഡ്, ബോറോണ്‍ കാര്‍ബൈഡ്, ഗ്രാഫൈറ്റ് രംഗത്ത് പുതിയ കമ്പനി എന്നിവ തുടങ്ങുമെന്നാണ് കമ്പനിയുടെ നിലപാട്.

കരാര്‍ അവസാനിപ്പിച്ച് മണിയാര്‍ പദ്ധതി കെ.എസ്.ഇ.ബി.ക്ക് നല്‍കിയാല്‍ സാമ്പത്തികനേട്ടം ഉണ്ടാകുമോയെന്നതാണ് പരിശോധിച്ചത്. സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ വൈദ്യുതി ഉപഭോഗം ശരാശരി 30,000 മില്യണ്‍ യൂണിറ്റാണ്. മണിയാര്‍ പദ്ധതിയില്‍നിന്ന് ഉത്പാദിപ്പിക്കുന്നതാകട്ടെ 30 മില്യണ്‍ യൂണിറ്റും. പ്രസരണവിതരണ നഷ്ടം കിഴിച്ചാല്‍ ഇത് 27 മില്യണ്‍ യൂണിറ്റായി കുറയും. ഈ വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് ലഭിച്ചാലും വലിയമാറ്റമുണ്ടാകില്ല. വാട്ടര്‍ റോയല്‍റ്റി, നികുതി, വിതരണച്ചെലവ് തുടങ്ങിയ ഇനങ്ങളിലൂടെ 4.55 കോടി രൂപവരെ കെ.എസ്.ഇ.ബി.ക്ക് മണിയാറില്‍നിന്നു ലഭിക്കുന്നുണ്ട്. പുതിയ കരാറില്‍ ഇത് കൂട്ടാനും ശ്രമിക്കും. അതുകൊണ്ട് തന്നെ കെ എസ് ഇ ബിയ്ക്കും വരുമാന കൂടുതല്‍ ഉണ്ടാകും.

അതിനിടെ മണിയാര്‍ ജലവൈദ്യുത പദ്ധതിയില്‍ 30 വര്‍ഷംകൊണ്ട് സ്വകാര്യകമ്പനിക്കുണ്ടായ ലാഭം 300 കോടി രൂപയിലേറെ എന്നാണ് കെ എസ് ഇ ബി വിലയിരുത്തല്‍. ഓരോ വര്‍ഷത്തെയും വൈദ്യുതിനിരക്ക് കണക്കാക്കിയാല്‍ ശരാശരി 332 കോടി രൂപയുടെ വൈദ്യുതിലാഭം കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡിനുണ്ടായിട്ടുണ്ടാകുമെന്നാണ് വൈദ്യുതി ബോര്‍ഡ് കണക്കുകൂട്ടുന്നത്. പദ്ധതിനിര്‍മാണത്തിനായി 22 കോടി രൂപ മാത്രമാണ് ചെലവുവന്നത്. മണിയാര്‍ ക്യാപ്റ്റീവ് ജലവൈദ്യുതപദ്ധതിയിലെ ഉത്പാദനത്തിന് യൂണിറ്റിന് 50 പൈസമാത്രമാണ് നിലവിലെ നിരക്ക്. അതേസമയം വൈദ്യുതിബോര്‍ഡില്‍നിന്ന് നിലവില്‍ ഒരു യൂണിറ്റ് വൈദ്യുതി മറ്റുകമ്പനികള്‍ വാങ്ങുമ്പോള്‍ 6.20 രൂപ നല്‍കണം.

പദ്ധതി തുടങ്ങിയപ്പോള്‍ ഉത്പാദനച്ചെലവ് 10 പൈസയായിരുന്നു. അക്കാലത്ത് വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതിനിരക്ക് 90 പൈസയും. പത്തുവര്‍ഷത്തിനുശേഷം ഇത് 30 പൈസയും മൂന്ന് രൂപയുമായിമാറി. നിലവില്‍ 50 പൈസയും 6.20 രൂപയുമാണ്. ഉത്പാദനച്ചെലവ് ഒഴിവാക്കിയാല്‍പ്പോലും ഒരുവര്‍ഷം ഏറ്റവും ചുരുങ്ങിയത് 11.07 കോടി രൂപ കമ്പനിക്ക് വൈദ്യുതിനിരക്കില്‍ ലാഭമുണ്ടായിട്ടുണ്ടാകുമെന്നാണ് വൈദ്യുതിബോര്‍ഡ് കണക്കുകൂട്ടുന്നത്. ഇതാണ് പദ്ധതി ലഭിക്കണമെന്ന് ബോര്‍ഡ് നിലപാടെടുക്കുന്നതിന്റെ പ്രധാനകാരണം. അടുത്തസാമ്പത്തികവര്‍ഷം വൈദ്യുതിനിരക്കില്‍ വരുത്തുന്ന വര്‍ധന കുറയ്ക്കാനാകുമെന്ന് ബോര്‍ഡ് കണക്കുകൂട്ടുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് അതിന് എതിരാകുമ്പോള്‍ കെ എസ് ഇ ബിയുടെ മോഹവും പൊലിയും.