കൊച്ചി: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസുമായി ബന്ധ്‌പ്പെട്ട സ്വഭാവിക നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. കേസ് നടത്തിപ്പിലെ വീഴ്ച്ചകള്‍ അടക്കം വിശദമായി ഹൈക്കോടതി ഇനി പരിശോധിച്ചു. കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികളെ കുറ്റമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹരജി ഫയലില്‍ സ്വീകരിച്ചു.സുരേന്ദ്രന് നോട്ടീസ് അയക്കും. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം-ആര്‍എസ്എസ് ഡീലിന്റെ ഭാഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തിമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് ബിജെപി നേതാക്കളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തല്‍.

പകരമായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും സുന്ദരയ്ക്ക് നല്‍കി. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രനടക്കമുള്ളവര്‍ വിടുതല്‍ ഹരജി നല്‍കി. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ആറുപ്രതികളെയും കേസില്‍ നിന്ന് ഒഴിവാക്കിയത്.

അതേസമയം കേസില്‍ പൊലീസിന് വീഴ്ചയെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചത് സമയ പരിധി കഴിഞ്ഞ് ഒരു വര്‍ഷവും ഏഴു മാസവും പിന്നിട്ട ശേഷമാണെന്നും കാലതാമസം ഉണ്ടായതില്‍ പ്രത്യേക കാരണം ബോധിപ്പിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നിരിക്കെയാണ് പൊലീസിന് കാലതാമസം സംഭവിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്യും മുമ്പ് സുന്ദര പൊലീസിന് നല്‍കിയ മൊഴിയും പിന്നീട് നല്‍കിയ മൊഴിയും തമ്മില്‍ വൈരുധ്യങ്ങളുണ്ടെന്നും പാരിതോഷികങ്ങള്‍ സ്വമേധയാ സ്വീകരിച്ചതാണെന്ന് സംശയിക്കാന്‍ കാരണമുണ്ടെന്നും സെഷന്‍സ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്. കോടതി വ്യക്തമാക്കി. അധികാരപരിധി ലംഘിക്കുന്നതാണ് കോടതിയുടെ തീരുമാനമെന്നാണ് സര്‍ക്കാര്‍ വാദം. പ്രതികള്‍ നല്‍കിയ രേഖകള്‍ക്കാണ് പ്രോസിക്യൂഷന്‍ രേഖകളെക്കാള്‍ പ്രാധാന്യം നല്‍കിയത്. വിചാരണക്കുമുമ്പേ തീര്‍പ്പ് കല്‍പിക്കുന്ന പ്രവണതയുമുണ്ടായെന്നും പുനഃപരിശോധന ഹരജിയില്‍ പറയുന്നു.

രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കേസില്‍ പട്ടികജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകളടക്കം ചേര്‍ത്തിരുന്നെന്നും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് ഇതിനുള്ള അധികാരമില്ലായിരുന്നുവെന്നുമാണ് കെ. സുരേന്ദ്രന്റെ വാദം.