കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതേ വിട്ട വിധിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറഞ്ഞ്. നടിയോട് ദിലീപിന് വൈരാഗ്യം ഉണ്ടായിരുന്നു എന്ന് ശരിവെക്കുന്ന വിധത്തിലായിരുന്നു മഞ്ജു കോടതിയില്‍ നല്‍കിയ മൊഴി. എന്നാല്‍, ഈ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണ രേഖകളില്‍ ഇല്ലെന്ന് കണ്ടെത്തിയാണ് കോടതി മൊഴി തള്ളിയത്.

ദിലീപും നടിയും ഏതാനും സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. കാവ്യ മാധവനുമായിട്ടുള്ള വിവാഹേതര ബന്ധം നടിക്ക് അറിയാമായിരുന്നു. അക്കാര്യം തന്നോട് പറഞ്ഞത് നടിയാണെന്ന വിചാരമാണ് വൈരാഗ്യത്തിന് കാരണമെന്നും വിചാരണക്കോടതിയില്‍ നല്‍കിയ മൊഴിയില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കി. 1998 ഒക്ടോബര്‍ 20 നാണ് ദിലീപുമായിട്ടുള്ള വിവാഹം നടക്കുന്നതെന്ന് മഞ്ജു പറഞ്ഞു. തുടര്‍ന്ന് ദിലീപിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.

2012 ഫെബ്രുവരി 12 ന് കാവ്യ മാധവനുമായുള്ള ചില സ്വകാര്യ സന്ദേശങ്ങള്‍ ദിലീപിന്റെ പഴയ മൊബൈല്‍ ഫോണില്‍ കണ്ടു. തുടര്‍ന്ന് ദിലീപിനെ വിളിച്ചെങ്കിലും കിട്ടിയില്ല. കാവ്യയെ വിളിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. അതിനുശേഷം കാവ്യയുടെ അമ്മയെ വിളിച്ചപ്പോള്‍, ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തില്‍ അവര്‍ ആശങ്കയും അസ്വസ്ഥതയും പ്രകടിപ്പിച്ചു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം ആക്രമണത്തിന് ഇരയായ നടിക്കും ഗായിക റിമി ടോമിക്കും അറിയാമെന്നും കാവ്യയുടെ അമ്മ പറഞ്ഞതായി മഞ്ജു വെളിപ്പെടുത്തി.

എന്നാല്‍ റിമി ടോമിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇക്കാര്യങ്ങളെല്ലാം മഞ്ജു സുഹൃത്തുക്കളായ നടിമാരായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ എന്നിവരുമായി പങ്കുവെച്ചു. മഞ്ജുവിന്റെ മൊഴിയെ ഉദ്ധരിച്ച് വിചാരണക്കോടതി വിധിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഫെബ്രുവരി 14 ന് മഞ്ജു അക്രമത്തിനിരയായ നടിയുടെ വീട്ടിലെത്തി ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെപ്പറ്റി അന്വേഷിച്ചു. സത്യം തുറന്നുപറയാന്‍ പിതാവ് നിര്‍ദേശിച്ച പ്രകാരം, യുവനടി തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മഞ്ജുവിനോട് പറഞ്ഞു. ഇതിനുശേഷം സംയുക്തയുടെ വീട്ടിലെത്തിയ മഞ്ജു വീണ്ടും കാവ്യയുടെ അമ്മയെ വിളിച്ചു. ഈ ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കിയതായി കാവ്യയുടെ അമ്മ അറിയിച്ചു. തൊട്ടടുത്ത ദിവസം മഞ്ജു ദിലീപിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. ഇക്കാര്യങ്ങളെല്ലാം ദിലീപിന്റെ സഹോദരങ്ങളോട് പറഞ്ഞു.

രണ്ടു ദിവസത്തിനുശേഷം ദിലീപ് എത്തിയപ്പോള്‍ കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. കാവ്യ കുട്ടിത്തമുള്ളയാളാണ്. അവള്‍ അയക്കുന്ന മെസേജുകള്‍ ഗൗരവമായി എടുക്കേണ്ടെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ വഷളായി എന്നാണ് മഞ്ജുവിന്റെ മൊഴിയെക്കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിജീവിതയായ നടി പക്വതയില്ലാത്ത പെണ്‍കുട്ടിയാണ്. അവള്‍ പറയുന്നതൊന്നും കണക്കിലെടുക്കേണ്ടെന്നും ദിലീപ് പറഞ്ഞു. ഈ വിവാഹേതര ബന്ധമാണ് ദിലീപുമായുള്ള തന്റെ ദാമ്പത്യബന്ധം തകര്‍ത്തത്. തുടര്‍ന്ന് താലിമാലയും വിവാഹമോതിരവും ആ വീട്ടില്‍ ഉപേക്ഷിച്ച് താന്‍ പോകുകയായിരുന്നു എന്നും മഞ്ജു കോടതിയില്‍ പറഞ്ഞു.

ദിലീപിന്റെ കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ മഞ്ജു കരഞ്ഞതായി, ഗീതു മോഹന്‍ദാസ് കോടതിയില്‍ പറഞ്ഞു. ഫോണില്‍ സന്ദേശങ്ങള്‍ കണ്ടകാര്യം അടക്കം പറഞ്ഞിരുന്നു. 2009 നുശേഷം കാവ്യയുമായുള്ള സുഹൃദ് ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നും ഗീതു മോഹന്‍ദാസ് കോടതിയെ അറിയിച്ചു. എന്നാല്‍ കാവ്യയുടെ അമ്മയുമായി മഞ്ജു സംസാരിച്ച വിവരം അന്വേഷണ രേഖകളില്‍ പരാമര്‍ശിച്ചിട്ടു പോലുമില്ലെന്നാണ് വിചാരണ കോടതി നിരീക്ഷിച്ചത്. സംയുക്തയുടെ വീട്ടില്‍ വെച്ച് ദിലീപ്, കാവ്യ, കാവ്യയുടെ അമ്മ എന്നിവരുമായി മഞ്ജു വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നത് പൊലീസ് രേഖകളില്‍ കാണാനില്ലെന്നും കോടതി പറയുന്നു.

അതേസമയം കേസില്‍ പോലീസ് ഉള്‍പ്പെടുത്തി സാക്ഷികളെല്ലാം മഞ്ജുവിന്റെ മൊഴികളെ തള്ളുകയാണ് ഉണ്ടായത്. ദിലീപും കാവ്യയും ആക്രമണത്തിന് ഇരയായ നടിയും തന്റെ സുഹൃത്തുക്കളാണെന്നും, മഞ്ജു വാര്യരെ അറിയാമെന്നും റിമി ടോമി കോടതിയില്‍ പറഞ്ഞു. 2010-11 കാലയളവില്‍ ഒരുമിച്ച് സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം അമേരിക്കയിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്. എന്നാല്‍ ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ല. ഇക്കാര്യം ചോദിച്ച് മഞ്ജു വിളിച്ചിരുന്നുവെന്നും റിമി ടോമി കോടതിയില്‍ മൊഴി നല്‍കി. കാവ്യയുടെ അമ്മയും മഞ്ജുവുമായുള്ള സംഭാഷണ വിവരങ്ങള്‍ കോടതിയില്‍ പറഞ്ഞില്ല. ദിലീപുമായി നിരന്തരം കാണാറുള്ള കാര്യം കാവ്യയും കോടതിയില്‍ നിഷേധിച്ചു. തനിക്കോ ദിലീപിനോ നടിയുമായി ശത്രുത ഇല്ലെന്നും കാവ്യ അറിയിച്ചു.

ദിലീപിന്റെ ഫോണില്‍ സന്ദേശങ്ങള്‍ കണ്ട കാര്യവും, പിന്നീട് ആക്രമണത്തിന് ഇരയായ നടിയുടെ വീട്ടില്‍ പോയ കാര്യവും മഞ്ജു വാര്യര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തിയിട്ടില്ലെന്നും, അന്വേഷണ രേഖകളില്‍ ഇക്കാര്യം ഇല്ലാത്തത് വൈരുധ്യത്തിന് തുല്യമായ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. ദിലീപിന് തന്നോട് ശത്രുതയുണ്ടെന്ന അതിജീവിതയുടെ വാക്കാലുള്ള മൊഴി അല്ലാതെ, ഇക്കാര്യം തെളിയിക്കുന്ന തെളിവുകള്‍ ഒന്നും ഇല്ലെന്നും വിചാരണക്കോടതി വിധിയില്‍ സൂചിപ്പിച്ചു.

അതസമയം വിധി വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മഞ്ജു വാര്യര്‍ ഗൂഢാലോചന ആരോപിച്ചു വീണ്ടും രംഗത്തുവന്നിരുന്നു. 'ഇത് ആസൂത്രണം ചെയ്തവര്‍, അവര്‍ ആരായാലും, ഇന്നും പുറത്ത് സ്വതന്ത്രരായി നടക്കുന്നു എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണെന്നാണ് അവര്‍ വെളിപ്പെടുത്തിയത്.