- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലരില്‍ നിന്നായി പറവയുടെ അക്കൗണ്ടിലെത്തിയത് 28 കോടി; സിനിമയ്ക്കായി ചെലവാക്കിയത് 19 കോടി; ക്രൗഡ് ഫണ്ടിംഗ് മോഡലില്‍ ചിത്രീകരണം കഴിഞ്ഞപ്പോള്‍ തന്നെ 9 കോടി ലാഭം! 200 കോടി ക്ലബ്ബില്‍ കയറിയപ്പോള്‍ വലിയവീടനെ മറന്നത് വിനയായി; ആ കേസ് രാജിയായിട്ടും രക്ഷയില്ലാതെ സൗബിന്‍; മഞ്ഞുമ്മല്‍ ബോയ്സ് സമാനതകളില്ലാത്ത സിനിമാ മോഡല്‍
കൊച്ചി: കൈയ്യില്‍ കാശില്ലെങ്കിലും സിനിമ എടുക്കാമെന്നതായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് മോഡല്‍. ക്രൗഡ് ഫണ്ടിംഗിന് സമാനമായ രീതിയില്‍ കാശു സ്വരൂപിച്ചു. പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാണത്തിന് സൗബിനും പറവ ഫിലിംസിന്റെ മറ്റ് ഉടമകളും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയത്. പലരില്‍ നിന്നായി 28 കോടി രൂപയാണ് പറവയുടെ അക്കൗണ്ടിലേക്ക് എത്തിയത്. സിനിമയ്ക്കായി ചിലവായത് 19 കോടിയും. അതായത് സിനിമയുടെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ തന്നെ സൗബിന്‍ ഷാഹിറിനും കൂട്ടര്‍ക്കും ഒന്‍പത് കോടി ലാഭം കിട്ടി.
നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് ഈ കണ്ടെത്തല്‍ ഉള്ളത്. സിനിമ നിര്‍മ്മാണത്തിന്റെ ജി.എസ്.ടിയില്‍ നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്. ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോള്‍ സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നല്‍കിയത് സിറാജ് ഹമീദാണ്. സിനിമയുടെ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന കരാറാണ് ഉണ്ടായിരുന്നത്. ആ കരാര്‍ പിന്നീട് പാലിച്ചില്ല. ഇതാണ് പിന്നീട് പോലീസ് കേസായത്. ഹൈക്കോടതിയില്‍ കേസ് രാജിയായി. സൗബിനും കൂട്ടരും അറസ്‌റ്റൊഴിവാക്കി. എന്നാല്‍ ഈ കേസിലെ പോലീസ് റിപ്പോര്‍ട്ടില്‍ പിടിച്ച് ഇഡിയും ആദായ നികുതി വകുപ്പും എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞു. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് പറവ ഫിലിംസിന്റെ ഓഫീസിലും സൗബിന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടിലൂം റെയ്ഡ് ഇഡിയും ആദായ നികുതി വകുപ്പും റെയ്ഡ് നടത്തി. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മ്മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ എന്ന സിറാജ് ഹമീദ് പരാതി നല്‍കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
സിനിമയുടെ നിര്‍മ്മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതടക്കം ഇഡി പരിശോധിച്ചു. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത ഇ.ഡി, പറവ ഫിലിംസിന്റെ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ ചോദ്യം ചെയ്തു. സിനിമ മേഖലയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് ഇ.ഡി നേരത്തേതന്നെ നിര്‍മ്മാണക്കമ്പനികളിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നത്. സിനിമ വന്‍ വിജയം നേടിയെങ്കിലും സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ന്നു. സിറാജ് ഹമീദിന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കേസെടുത്തത്. ഈ കേസ് പിന്നീട് ഇല്ലാതായി.
ഇതിനിടെ പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍മ്മാതാക്കള്‍ കരുതിക്കൂട്ടിത്തന്നെ സിറാജിനെ വഞ്ചിക്കുകയായിരുന്നു എന്ന് പറയുന്നുണ്ട്. ഏഴു കോടി രൂപ നിക്ഷേപിച്ചാല്‍ 40% ലാഭവിഹിതം നല്‍കാമെന്നായിരുന്നു പരാതിക്കാരനുമായി നിര്‍മ്മാണ കമ്പനി ഉണ്ടാക്കിയ കരാര്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി എന്നായിരുന്നു 2022 നവംബര്‍ 30ന് കരാര്‍ ഒപ്പിടുമ്പോള്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ സമയം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ മാത്രമാണ് കഴിഞ്ഞിരുന്നത്. 26 തവണയായി 5.99 കോടി രൂപ അക്കൗണ്ട് വഴിയും ബാക്കി നേരിട്ടുമായി ആകെ 7 കോടി രൂപ പരാതിക്കാരന്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കി. വിതരണത്തിനും മാര്‍ക്കറ്റിങ്ങിനുമടക്കം 22 കോടി ചെലവായെന്നായിരുന്നു നിര്‍മ്മാതാക്കള്‍ അറിയിച്ചത്. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചതില്‍നിന്നും ജിഎസ്ടി അടക്കം 18 കോടി 65 ലക്ഷം രൂപ മാത്രമാണ് ചെലവായിട്ടുള്ളത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയ്ക്ക് 250 കോടി രൂപയെങ്കിലും കുറഞ്ഞത് കിട്ടിയിട്ടുണ്ടെന്നും നിര്‍മ്മാണച്ചെലവുകള്‍ കുറച്ചാല്‍ പോലും 100 കോടിയെങ്കിലും ലാഭമുണ്ടെന്നും കരാറനുസരിച്ച് തനിക്ക് 47 കോടിയെങ്കിലും ലഭിക്കേണ്ടതുണ്ടെന്നുമാണ് സിറാജിന്റെ വാദം. 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കളുടെ വക്കാലത്ത് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഒഴിഞ്ഞതും ചര്‍ച്ചയായിരുന്നു.