ടൊറന്റോ: മാനിറ്റോബ പ്രവിശ്യയില്‍ സ്‌റ്റെയിന്‍ബാക്കിന് സമീപം ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയെന്ന് കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. ഫ്‌ളൈറ്റ് സ്‌കൂളായ ഹാര്‍വ്‌സ് എയറിന്റെ റണ്‍വേയ്ക്ക് തെക്ക്ഭാഗത്തായാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് പരിശീലന പറക്കല്‍ നടത്തിയ രണ്ടുപൈലറ്റുമാര്‍ മരിച്ചത്. സാവന്ന മേയ് റോയ്‌സ് എന്ന 20 കാരിയാണ് അപകടത്തില്‍ മരിച്ച രണ്ടാമത്തെ പൈലറ്റ്.

ശ്രീഹരി പരിശീലനം ആരംഭിച്ച് ഏതാനും മാസങ്ങള്‍ പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. 2023 ലാണ് പഠനത്തിനായി യുവാവ് കാനഡയിലെത്തിയത്. ശ്രീഹരിയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി കോണ്‍സുലേറ്റ് ജനറല്‍ എക്‌സില്‍ കുറിച്ചു.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഹാനോവറിലെ റൂറല്‍ മുനിസിപ്പാലിറ്റിയിലായിരുന്നു വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് ചെറിയ, ഒറ്റ എഞ്ചിന്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇരു വിമാനങ്ങളിലെയും രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് മരിച്ചതായി ആര്‍സിഎംപി അറിയിച്ചു. രണ്ട് വിമാനങ്ങളിലും യാത്രക്കാരില്ലായിരുന്നു.

ആര്‍സിഎംപി, അഗ്‌നിശമന സേന, എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസുകള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ തിരച്ചിലില്‍ സംഭവസ്ഥലത്ത് നിന്നും വിമാനവശിഷ്ടങ്ങള്‍ കണ്ടെത്തി. കൂട്ടിയിടിയുടെ സമയത്ത് ഇരുപൈലറ്റുമാരും പതിവ് ടേക് ഓഫ്, ലാന്‍ഡിങ് പരിശീലനം നടത്തുകയായിരുന്നുവെന്ന് ഹാര്‍വ്‌സ് എയര്‍ ഉടമ ആഡം പെന്നര്‍ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. റണ്‍വേയെ സമീപിക്കുന്നതിനിടെ ആകാശമധ്യേ വിമാനങ്ങള്‍ കൂട്ടിയിടിച്ച് താഴെ വീഴുകയായിരുന്നു എന്ന് ടിഎസ്ബി അറിയിച്ചു.