- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാലേ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കഴിയൂ എന്ന് മനോജ് എബ്രഹാം; ശരി സമ്മതിച്ചിരിക്കുന്നു... ഇനി ഒരു കൊലപാതകവും ഉണ്ടാകാതെ നോക്കണമെന്ന് 2001ലെ മുഖ്യമന്ത്രി; നായനാരുടെ ഉറപ്പ് പിണറായി നല്‍കുമോ? ക്രമസമാധാന എഡിജിപിക്ക് വേണ്ടത് എന്ത്?
തിരുവനന്തപുരത്ത് ഗുണ്ടകളെ അടിച്ചമര്‍ത്തിയതും മനോജ് എബ്രഹാമിന്റെ പോലീസ് നയമാണ്.
തിരുവനന്തപുരം: കേരളാ പൊലീസ് ഏറെ വിവാദങ്ങള്‍ നേരിടുന്ന നിര്‍ണായകഘട്ടത്തില്‍ ക്രമസമാധാനച്ചുമതലയിലേക്ക് എഡിജിപിയായി മനോജ് ഏബ്രഹാമിനെ എത്തുമ്പോള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് പോലീസിലെ ഏകോപനം കാര്യക്ഷമമാക്കാന്‍. മനോജ് ഏബ്രഹാമിന് പകരം ഇന്റലിജന്‍സ് തലപ്പത്തേക്ക് ആരെ നിയമിക്കുമെന്ന് വ്യക്തമല്ല. എസ് ശ്രീജിത്തിന് ഇന്റലിജന്‍സ് ചുമതല കൊടുക്കാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ തീരുമാനം എടുക്കൂ. അതിനിടെ കണ്ണൂരിലേക്ക് മനോജ് എബ്രഹാമിനെ ഇകെ നായനാര്‍ നിയോഗിച്ചതിന് സമാനമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും നീക്കമെന്ന വിലയിരുത്തല്‍ ശക്തമാണ്.
യുവമോര്‍ച്ചാ നേതാവ് കെടി ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടികൊലപ്പെടുത്തിയത് 1999ലാണ്. അതിന് ശേഷം കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം ഏവരേയും ഞെട്ടിക്കുന്ന തരത്തിലേക്ക് മാറി. മുഖ്യമന്ത്രി കസേരയില്‍ അന്നുണ്ടായിരുന്നത് ഇകെ നായനാരും. കണ്ണൂരില്‍ സമാധാനമെത്തിക്കാനായുള്ള നായനാരുടെ ആ അന്വേഷണം എത്തിയത് അന്ന് പത്തനംതിട്ടയിലായിരുന്നു. ചെങ്ങന്നൂരുകാരനായ ചെറുപ്പക്കാരന്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു പത്തനംതിട്ട എസ് പി. സാമാധാനം ഏറെയുണ്ടായിരുന്ന പത്തനംതിട്ടയില്‍ നിന്നും ആ യുവാവിനെ മുഖ്യമന്ത്രിയുടെ ഓഫീസ് തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി. ഉടന്‍ മുഖ്യമന്ത്രി ഇകെ നായനാരെ കാണണമെന്ന ഒറ്റവരി സന്ദേശമായിരുന്നു മനോജ് എബ്രഹാം ഐപിഎസിന് അന്ന് കിട്ടിയത്. അന്ന് നായനാരും മനോജ് എബ്രഹാമും തമ്മിലെ സംഭാഷണം വീണ്ടും ചര്‍ച്ചകളില്‍ എത്തുകയാണ്.
ഉടനെ മനോജ് എബ്രഹാം മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തി.. 'അന്നെ ഞാന്‍ കണ്ണൂര്‍ക്ക് അയക്കാന്‍ പോവുകയാ.. അവിടെ ആകെ കുഴപ്പമാ. നമ്മുടെ പാര്‍ട്ടിക്കാരും ആര്‍ എസ് എസു കാരുമായി എന്നും വെട്ടും കുത്തും. അതൊന്ന് അവസാനിപ്പിക്കണം. നിനക്ക് അതിന് കഴിയുമെന്ന് ചിലര്‍ എന്നോട് പറഞ്ഞു.'. ഒന്ന് നിര്‍ത്തിയിയിട്ട് നായനാര്‍ തുടര്‍ന്നു. 'എന്താ അന്റെ അഭിപ്രായം..'. നായനാര്‍ സംസാരം നിര്‍ത്തിയതും മനോജ് എബ്രഹാം മറുപടിയും നല്‍കി. ' സര്‍, പക്ഷേ അങ്ങയുടെ പാര്‍ട്ടിക്കാരോട് എന്റെ തീരുമാനങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നു പറയണം'.-ഇതായിരുന്നു മനോജ് എബ്രഹാമിന്റെ ആവശ്യം. നായനാര്‍ ഒന്ന് നോക്കി. 'അപ്പോള്‍ നമ്മുടെ പാര്‍ട്ടിക്കാരെ ഒതുക്കാനാണോ അന്റെ ഉദ്ദേശം..'-മുഖ്യമന്ത്രി തിരിച്ചും ചോദിച്ചു.
'സര്‍..എനിക്ക് സ്വാതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാലേ സര്‍ വിചാരിക്കുന്നതുപോലെ അവിടെ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കഴിയൂ.-ഇതായിരുന്നു എസ് പിയുടെ മറുപടി. ' ശരി സമ്മതിച്ചിരിക്കുന്നു. പക്ഷേ ഇനി ഒരു കൊലപാതകവും അവിടെ ഉണ്ടാകാതെ നോക്കണം. '-നായനാരും സമ്മതിച്ചു. നായനാരുടെ ആ ഉറപ്പിലാണ് കണ്ണൂരിനെ മനോജ് എബ്രഹാം നേരെയാക്കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായ മനോജ് എബ്രഹാം ഇനി മുഖ്യമന്ത്രി പിണറായി വിജയനുമായും വിശദ ചര്‍ച്ച നടത്തും. അപ്പോഴും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം മനോജ് എബ്രഹാം ഉയര്‍ത്തും.
2001ല്‍ നായനാര്‍ എന്ന കണ്ണൂര്‍കാരന്‍ സിപിഎം മുഖ്യമന്ത്രിയില്‍ നിന്നും ഉറപ്പും വാങ്ങി കണ്ണൂര്‍ക്ക് മനോജ് എബ്രഹാം വണ്ടി കയറി. 2001 ജനുവരി ഒന്നു മുതല്‍ 2004 ജൂണ്‍ 24 വരെ കണ്ണൂര്‍ പോലീസ് സൂപ്രണ്ടിന്റെ ചുമതലയില്‍ മനോജ് എബ്രഹാം തിളങ്ങി. അങ്ങനെ കണ്ണൂര്‍ പഴയ കണ്ണൂര്‍ അല്ലാതെയായി. 20 കൊല്ലത്തിന് ശേഷം കണ്ണൂരില്‍ നിന്നുള്ള മറ്റൊരു മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കേരളത്തിന്റെ ക്രമസമാധാനം അതേ മനോജ് എബ്രഹാമിനെ ഏല്‍പ്പിക്കുന്നുവെന്നത് മറ്റൊരു അപൂര്‍വ്വതയാകുന്നു. എന്നാല്‍ നായനാര്‍ നല്‍കിയ സ്വാതന്ത്ര്യം പിണറായി നല്‍കുമോ എന്നതാണ് നിര്‍ണ്ണായകം.
പോലീസിംഗില്‍ ആധുനികതയുടെ വഴിയേ പോയ ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. 1994 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്. സൈബര്‍ ഡോം പോലുള്ള പദ്ധതികളിലൂടെ കേരളാ പോലീസിനെ സൈബര്‍ സുരക്ഷയില്‍ ബഹുദൂരം മുന്നിലെത്തിച്ചതും മനോജ് എബ്രഹാമാണ്. സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്ന കാലത്ത് കണ്ണൂരില്‍ സമാധാനമെത്തിച്ച മനോജ് എബ്രഹാം പോലീസില താക്കോല്‍ സ്ഥാനത്ത് എത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം അവസാനം മനോജ് എബ്രഹാമിന് ഡി.ജി.പിയായി ഉദ്യോഗ കയറ്റം ലഭിക്കും. അതുവരെ അദ്ദേഹം ക്രമസമാധന ചുമതലയില്‍ തുടരാനണ് സാധ്യത. നിലവിലെ സംസ്ഥാന പൊലീസ് മേധാവി ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ ആ പദവിയിലും മനോജ് എബ്രഹാം എത്തുമെന്നാണ് വിലയിരുത്തല്‍.
സര്‍ക്കാരിന്റെ വിശ്വസ്തന്‍ എന്നതിനപ്പുറം താഴേത്തട്ടിലുള്ള പൊലീസുകാര്‍ മുതല്‍ ഐപിഎസ് തലത്തില്‍ വരെ ഒരേപോലെ സ്വാധീനമുള്ള ഐപിഎസ് ഓഫിസര്‍ എന്ന നിലയിലാണ് മനോജ് ഏബ്രഹാമിനെ നിര്‍ണ്ണായക ചുമതല പിണറായി ഏല്‍പ്പിക്കുന്നത്. സര്‍ക്കാരുകള്‍ മാറിവരുമ്പോഴും പ്രധാനചുമതലകളില്‍ മനോജ് ഏബ്രഹാമിനെ നിയോഗിക്കുന്നത് രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമാണ്. മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപി സഞ്ജീവ് കുമാര്‍ പട്‌ജോഷി ഈ ഡിസംബറില്‍ വിരമിക്കുമ്പോള്‍ ഒഴിവുവരുന്ന പദവിയില്‍ മനോജ് ഏബ്രഹാം ഡിജിപിയാകാനുള്ള സാധ്യതയും ഏറെയാണ്. എന്നാല്‍ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഡിജിപി നിഥിന്‍ അഗര്‍വാള്‍ തിരിച്ചെത്തിയാല്‍ മനോജ് ഏബ്രഹാമിന്റെ സ്ഥാനക്കയറ്റം 2025 ഏപ്രിലില്‍ ഫയര്‍ഫോഴ്സ് ഡിജിപി കെ. പത്മകുമാര്‍ വിരമിക്കുന്നതു വരെ വൈകും.
കൊച്ചി നഗരത്തില്‍ കമ്മീഷണറായിരിക്കെ സ്വീകരിച്ച നടപടികളും ഏറെ ശ്രദ്ധേയമാണ്. അക്രമികളോടും ഗുണ്ടകളോടും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത മനോജ് എബ്രഹാം തിരുവനന്തപുരം കമ്മീഷണറായിരിക്കെ നടത്തിയ പൊലീസ് ലാത്തിച്ചാര്‍ജ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എം.ജി കോളജില്‍ പൊട്ടി പുറപ്പെട്ട സംഘര്‍ഷം ഒടുവില്‍ പുറത്ത് നിന്നും വന്ന അക്രമികള്‍ പൊലീസിനു നേരെ ബോംബെറിയുന്ന സാഹചര്യം ഉണ്ടാവുകയും സി.ഐയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ, മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് ഇരച്ച് കയറി. ഇതില്‍ സെന്‍കുമാര്‍ നടത്തിയ ഇടപെടലും ചര്‍ച്ചകള്‍ക്ക് പല മാനം നല്‍കി. തിരുവനന്തപുരത്ത് ഗുണ്ടകളെ അടിച്ചമര്‍ത്തിയതും മനോജ് എബ്രഹാമിന്റെ പോലീസ് നയമാണ്.
രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തിരുത്തുക സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും തടയുന്നതിനും കണ്ടുപിടിച്ചതിനു കേരള സ്റ്റേറ്റ് പൊലീസിന്റെ പേരില്‍ പല അവാര്‍ഡുകളും നേടി. തിരുവനന്തപുരം റേഞ്ച് ഐജി, പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജി, വിജിലന്‍സ് എ.ഡി.ജി.പി, സംസ്ഥാന ഇന്റലിജന്‍സ് മേധാവി തുടങ്ങിയ തസ്തകളിലും മനോജ് എബ്രഹാം തിളങ്ങി. രാജ്യത്തെ സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയുള്ള മികച്ച പ്രവര്‍ത്തനം നടത്തുന്നവരുടെ പട്ടികയില്‍ സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ കൂടിയായ മനോജ് ഏബ്രഹാം ഇടംപിടിച്ചിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദി 420 ആണ് 100 പേരുടെ പട്ടിക പുറത്തുവിട്ടത്.
സൈബര്‍ ഡോം വഴി നടത്തുന്ന സൈബര്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് മനോജ് എബ്രഹാം പട്ടികയില്‍ വന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കൊക്കൂണ്‍ രാജ്യാന്തര കോണ്‍ഫറന്‍സും സൈബര്‍ സുരക്ഷാ രംഗത്തെ ലോകത്തിലെ പ്രമുഖമായ സമ്മേളനമാണ്.