- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയെ ക്ലീനാക്കിയ കമ്മീഷണര്‍; കണ്ണൂരിലും ഗുണ്ടകളെ തളച്ചു; തിരുവനന്തപുരത്തെ ലാത്തി ചാര്‍ജ്ജും പോലീസിന് വേണ്ടി; ക്രമസമാധാന ചുമതല ഏറ്റെടുക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്താല്‍; പോലീസിലെ ക്രൈസിസ് മാറ്റാന്‍ വീണ്ടും മനോജ് എബ്രഹാം
കേരള പൊലീസ് സൈബര്‍ ഡോമില്‍ നോഡല്‍ ഓഫീസര്‍ സ്ഥാനവും ഗംഭീരമായി നോക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി മനോജ് എബ്രഹാം നിയമിതനാകുന്നത് സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയില്‍. ഈ പദവി തനിക്ക് വേണ്ടെന്നും ഇന്റലിജന്‍സ് എഡിജിപിയായി തുടരാനാണ് താല്‍പ്പര്യമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ചുമതല ഏറ്റെടുക്കണമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമായിരുന്നു. ഇത് അനുസരിക്കുകയാണ് മനോജ് എബ്രാഹം.
പൊതുസമൂഹത്തിന് ഇടയിലും വലിയ സ്വീകാര്യതയുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. ജനകീയ പരിപാടികള്‍ സംഘടിപ്പിച്ചും മറ്റ് കാര്യങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കിയും യുവാക്കളുടെ പിന്തുണയും നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.എല്ലാവര്‍ക്കും സ്വീകാര്യനാണ് എന്നത് തന്നെയാണ് മനോജ് എബ്രഹാമിന്റെ ഏറ്റവും വലിയ പ്രത്യേകത. 1994 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സൈബര്‍ ഡോം പോലുള്ള പദ്ധതികളിലൂടേയും മനോജ് എബ്രഹാം ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിരുന്നു.
സാധാരണ പൊലിസുകാര്‍ മുതല്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വരെ ശക്തമായ സ്വാധീനമുള്ള ഐ.പി.എസ് ഓഫീസറായാണ് മനോജ് എബ്രഹാം. ഈ വര്‍ഷം അവസാനം മനോജ് എബ്രഹാമിന് ഡി.ജി.പിയായി ഉദ്യോഗ കയറ്റം ലഭിക്കും. അതുവരെ അദ്ദേഹം ക്രമസമാധന ചുമതലയില്‍ തുടരും. ഇതിനു ശേഷം നിലവിലെ സംസ്ഥാന പൊലീസ് മേധാവി ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ തന്ത്ര പ്രധാനമായ തസ്തികയിലേക്ക് മനോജ് എബ്രഹാമിനെ മാറ്റാനും സാധ്യതയുണ്ട്. സീനിയോറിറ്റി അടക്കം ഇതിന് അനുകൂലമാണ്. കണ്ണൂരില്‍ രാഷ്ട്രീയ കലാപം കത്തി നിന്ന കാലഘട്ടത്തില്‍ കണ്ണൂര്‍ എസ്.പിയായി പ്രത്യേകം നിയോഗിക്കപ്പെട്ട മനോജ് എബ്രഹാം ആ ആക്രമണങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചിരുന്നത്.
കൊച്ചി നഗരത്തില്‍ കമ്മീഷണറായിരിക്കെ സ്വീകരിച്ച നടപടികളും ഏറെ ശ്രദ്ധേയമാണ്. അക്രമികളോടും ഗുണ്ടകളോടും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത മനോജ് എബ്രഹാം തിരുവനന്തപുരം കമ്മീഷണറായിരിക്കെ നടത്തിയ പൊലീസ് ലാത്തിച്ചാര്‍ജ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എം.ജി കോളജില്‍ പൊട്ടി പുറപ്പെട്ട സംഘര്‍ഷം ഒടുവില്‍ പുറത്ത് നിന്നും വന്ന അക്രമികള്‍ പൊലീസിനു നേരെ ബോംബെറിയുന്ന സാഹചര്യം ഉണ്ടാവുകയും സി.ഐയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ, മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് ഇരച്ച് കയറിയാണ് അക്രമികളെ കൈകാര്യം ചെയ്തിരുന്നത്. അന്ന് സെന്‍കുമാറിന്റെ ഇടപെടല്‍ ഏറെ ചര്‍ച്ചയായി. ഇനിയും ഏഴ് വര്‍ഷം അദ്ദേഹത്തിന് സര്‍വ്വീസ് ബാക്കിയുണ്ട്.
അടൂര്‍, കാസര്‍കോട് സബ് ഡിവിഷനുകളില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ആയിരുന്നു. പിന്നീട് പ്രമോഷന്‍ നേടി 1998 -ല്‍ പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയിലും എസ് പിയായി അദ്ദേഹം സ്ഥാനമേറ്റു. പിന്നീട് നാല് വര്‍ഷത്തേയ്ക്ക് കണ്ണൂരിലേക്ക് മാറ്റി, തുടര്‍ന്ന് കേരള പൊലീസ് ഹെഡ്ക്വാട്ടേഴ്‌സ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലായി. തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളില്‍ ഏഴ് വര്‍ഷത്തോളം പൊലീസ് കമ്മീഷണറായി പ്രവര്‍ത്തിച്ചു. കേരള പൊലീസ് സൈബര്‍ ഡോമില്‍ നോഡല്‍ ഓഫീസര്‍ സ്ഥാനവും ഗംഭീരമായി നോക്കി. സാമൂഹിക നയപരിപാടികള്‍ക്കും ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്കും എബ്രഹാം അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
2009-ല്‍ റോട്ടറി ഇന്റര്‍നാഷണലില്‍ നിന്നും വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ലഭിക്കുകയുണ്ടായി,. 2011 ല്‍ കൊച്ചിയുടെ പീപ്പിള്‍സ് ഫോറത്തില്‍ അദ്ദേഹത്തെ ക്രിയാത്മകമായ കുറ്റകൃത്യ നിയന്ത്രണത്തിനും നിയമനിര്‍മ്മാണനിയമത്തിന്റെ വിജയകരമായ മാനേജ്‌മെന്റിനുമായി പതിറ്റാണ്ടിലെ വ്യക്തിയായി തിരഞ്ഞെടുത്തു. ഇദ്ദേഹത്തിന് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തിരുത്തുക സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും തടയുന്നതിനും കണ്ടുപിടിച്ചതിനു കേരള സ്റ്റേറ്റ് പൊലീസിന്റെ പേരില്‍ പല അവാര്‍ഡുകളും നേടി. തിരുവനന്തപുരം റേഞ്ച് ഐജി, പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജി, വിജിലന്‍സ് എ.ഡി.ജി.പി, സംസ്ഥാന ഇന്റലിജന്‍സ് മേധാവി തുടങ്ങിയ തസ്തകളിലും മികച്ച പ്രവര്‍ത്തനമാണ് മനോജ് എബ്രഹാം കാഴ്ചവച്ചിരുന്നത്.