തിരുവനന്തപുരം: ദളിത് നടിയായതിനാല്‍ പികെ റോസി അഭിനയിച്ച വിഗതകുമാരന്റെ പ്രദര്‍ശനം സവര്‍ണര്‍ അലങ്കോലമാക്കിയെന്നത് നുണക്കഥയാണെന്ന വാദവുമായി മനോജ് ബ്രൈറ്റ്. പല തവണ ആവര്‍ത്തിച്ച് സത്യമായി തീര്‍ന്ന ഒരു നുണകഥയാണ് പി.കെ.റോസി എന്ന നടിയുടേതെന്നാണ് മനോജ് ബ്രൈറ്റ് സോഷയല്‍ മീഡിയാ പോസ്റ്റില്‍ പറയുന്നു. പികെ റോസിയ്ക്ക് നാടുവിടേണ്ടി വന്നുവെന്നതും കഥയാണെന്നും ഇതിനൊന്നും തെളിവുകളില്ലെന്നും മനോജ് ബ്രൈറ്റ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മലയാള സിനിമയുടെ ആദ്യ നായികയായി അഭിനയിച്ച പികെ റോസിയുടെ 123 മത് ജന്മദിന വാര്‍ഷികമായിരുന്നു ഇന്നലെ. മലയാള സിനിമയുടെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന ജെ.സി ഡാനിയേല്‍ സംവിധാനം നിര്‍വ്വഹിച്ച, മലയാള ത്തിലെ ആദ്യ സിനിമയായ 'വിഗതകുമാരന്‍' എന്ന സിനിമയിലെ നായികയായിരുന്നു റോസി.

അന്നൊക്കെ അവിടെ അവര്‍ണ്ണര്‍ അവിടെ സിനിമയും, നാടകങ്ങളും കണ്ടിട്ടുണ്ട്. അല്ലാതെ സവര്‍ണ്ണര്‍ മാത്രമല്ല അവിടത്തെ പേട്രണ്‍സ്. സവര്‍ണ്ണര്‍ മാത്രം വച്ച് തീയറ്റര്‍ നടത്തിക്കൊണ്ടു പോകാനാകുമോ? ടിക്കറ്റെടുക്കുന്ന ആര്‍ക്കും അകത്തുകയറാം. അതിനുള്ളില്‍ അയിത്തമൊന്നുമില്ല. മറ്റൊരു നങ്ങേലിക്കഥയാണ് പി.കെ. റോസി കഥയുമെന്നാണ് മനോജ്് ബ്രൈറ്റിന്റെ വാദം മനോജിന്റെ വാദത്തെ എതിര്‍ത്തു കൊണ്ടും നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

മനോജ് ബ്രൈറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പല തവണ ആവര്‍ത്തിച്ച് സത്യമായി തീര്‍ന്ന ഒരു നുണകഥയാണ് പി.കെ.റോസി എന്ന നടിയുടേത്. അവര്‍ണ്ണ നടിയായതുകൊണ്ട് 'സവര്‍ണ്ണര്‍' വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം തന്നെ അലങ്കോലപ്പെടുത്തി എന്നും, റോസിക്ക് അതു മൂലം അവിടെ ജീവിക്കാനാകാതെ ഒളിച്ചോടേണ്ടി വന്നു എന്നുമാണ് കഥ. കുറെ ''പറയപ്പെടുന്നു'' കഥകളല്ലാതെ കൊള്ളാവുന്ന ഒരു തെളിവും എവിടെയും കണ്ടിട്ടില്ല. 1930 കള്‍ എന്നു പറയുമ്പോള്‍ പത്രങ്ങളൊക്കെ ഉള്ള കാലമാണ്. ഈ പറയുന്ന സംഭവത്തിന്റെ ഒരു സമകാലിക റിപ്പോര്‍ട്ട് എങ്കിലും ആരെങ്കിലും കണ്ടിട്ടുണ്ടോ?

പ്രദര്‍ശനം തുടങ്ങിയതിന്റെ പിറ്റേ ദിവസത്തെ ഹിന്ദു പത്രം ഇവിടെ കാണാം. അതിലെവിടെയും പ്രദര്‍ശനം അലങ്കോലപ്പെട്ട വിവരമൊന്നും പറയുന്നില്ല.

ഒക്ടോബര്‍ ഇരുപത്തെട്ടാം തീയ്യതിയിലെ നസ്രാണി ദീപികയിലെ ആസ്വാദന കുറിപ്പില്‍ ആളുകള്‍ പടം നന്നായി ആസ്വദിക്കുന്നതായാണ് പറയുന്നത്. ആളുകല്‍ സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കാതെ സിനിമ അഭിനയം മുതലായ നൂതന ജോലി സാധ്യതകള്‍ ഉപയോഗപ്പെടുത്തണം എന്നാണ് അതില്‍ പറയുന്നത്. അതിനായി ജെ.സി ഡാനിയല്‍ ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ് എന്നൊരു കമ്പനി തുടങ്ങിയതായും പറയുന്നുണ്ട്. ഇതിലും സവര്‍ണ്ണര്‍ പ്രദര്‍ശനം അലങ്കോലപ്പെടുത്തുകയോ റോസിയെ കല്ലെറിയുകയോ ചെയ്തതായി പറയുന്നില്ല.

1930 നവംബര്‍ ഒന്നാം തീയ്യതിയിലെ മാതൃഭൂമിയില്‍ (അതായത് ഒരാഴ്ചയോളം കഴിഞ്ഞ്) സിനിമ കാണാന്‍ ആളുകള്‍ ഹാള്‍ നിറയെ കൂടിയിരുന്നു എന്നാണ്പറയുന്നത്. ഇവിടെയും നോ അലങ്കോല വാര്‍ത്ത. അലങ്കോല വാര്‍ത്ത ഇല്ലെന്നു മാത്രമല്ല, സിനിമ ഒരാഴ്ചക്കു ശേഷവും പ്രദര്‍ശിപ്പിക്കപ്പെടുന്നതായും മനസ്സിലാക്കാം. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ സ്‌ക്രീന്‍ കുത്തിക്കീറിയെങ്കില്‍ പിന്നെങ്ങിനെ തുടര്‍ന്നും സിനിമ പ്രദര്‍ശിപ്പിക്കും? പിന്നെ ഈ കാപിറ്റോള്‍ തീയറ്റര്‍ ഈയൊരു സിനിമ കളിയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയ സ്ഥാപനമല്ലല്ലോ. വിഗതകുമാരന് മുന്‍പും, ശേഷവും അവിടെ സിനിമകളും, നാടകങ്ങളും കളിച്ചിട്ടുണ്ട്.

അന്നൊക്കെ അവിടെ അവര്‍ണ്ണര്‍ അവിടെ സിനിമയും, നാടകങ്ങളും കണ്ടിട്ടുണ്ട്. അല്ലാതെ സവര്‍ണ്ണര്‍ മാത്രമല്ല അവിടത്തെ പേട്രണ്‍സ്. സവര്‍ണ്ണര്‍ മാത്രം വച്ച് തീയറ്റര്‍ നടത്തിക്കൊണ്ടു പോകാനാകുമോ? ടിക്കറ്റെടുക്കുന്ന ആര്‍ക്കും അകത്തുകയറാം. അതിനുള്ളില്‍ അയിത്തമൊന്നുമില്ല. മറ്റൊരു നങ്ങേലിക്കഥയാണ് പി.കെ. റോസി കഥയും.


ബ്രൈറ്റിന്റെ വാദത്തിനെതിരെ സോഷ്യല്‍ മീഡിയ

അതേസമയം മനോജ് ബ്രൈറ്റിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ രംഗത്തുവന്നു. 'കോളോണിയല്‍ എവിഡന്‍സ് ബേസ്ഡ് കാപ്പിരി സായിപ്പ് സയന്‍സ് ഊളത്തരം അത്രേ വളരേ ലളിതമായി പറയാന്‍ ഉള്ളൂ. ഇടക്ക് ഇടക്ക് ഇടുന്നതിന്റെ പൊളിറ്റിക്കല്‍ ടാര്‍ഗറ്റ് വെരി സിമ്പിള്‍ ആണ്. ദളിത് രാഷ്ട്രീയം സ്വതന്ത്രമായി പൊങ്ങി വരരുത്. പൊന്നു മോനെ ഇതൊക്കെ എത്ര കണ്ടതാ. കിലോമീറ്റര്‍ ദൂരെ നിന്നും അജണ്ടകള്‍ മനസിലാവും' എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

മേനോനും നായന്മാരും മാമന്‍ മാപ്പിളയും ഒക്കെ കാശ് ഉള്ളവര്‍ക്ക് വേണ്ടി മാത്രം അച്ചടിച്ചിറക്കിയ പത്രത്തില്‍ അവന്മാര്‍ക്കെതിരെ തന്നെ വാര്‍ത്ത കൊടുക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇച്ചിരി കടന്ന കയ്യായിപ്പോകും. അന്ന് പത്രങ്ങളില്‍ ഒന്നും ഇത് റിപ്പോര്‍ട്ട് ചെയ്തില്ല എന്നതുകൊണ്ട് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് പറയാന്‍ കഴിയില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.