ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ട്. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായ മനു ഭാക്കര്‍, രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രം രചിച്ചുവെങ്കിലും, ഖേല്‍ രത്‌ന പുരസ്‌കാരത്തിനായുള്ള പരിഗണനയില്‍ താരം ഇടം നേടിയിട്ടില്ല. കേന്ദ്ര കായിക വകുപ്പിന്റെ മാനദണ്ഡങ്ങളില്‍, ഇരട്ട നേട്ടങ്ങള്‍ ലഭിച്ചവരെ പ്രാരംഭ അപേക്ഷയില്‍ പരിഗണിക്കാനില്ലെന്ന നിലപാട് ചോദ്യചിഹ്നമായി നിലകൊള്ളുന്നു.

അതേസമയം, ഹോക്കി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും പാരാ ഹൈജംപ് താരം പ്രവീണ്‍ കുമാറും മുന്‍നിരയിലെത്തിയതോടെ, ഖേല്‍ രത്‌ന അവാര്‍ഡ് വിതരണത്തിനായി പുതിയ വിവാദങ്ങള്‍ കൊഴുക്കുകയാണ്. ഖേല്‍ രത്‌ന പുരസ്‌കാരത്തിനായി മനു ഭാക്കര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര കായിക വകുപ്പിന്റെ മറുപടി. എന്നാല്‍ രണ്ട് മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യക്ക് അഭിമാനമായ താരത്തിനെ അപേക്ഷ നല്‍കിയാലേക കേന്ദ്ര കായിക വകുപ്പ് അറിയൂ എന്നാണ് ചോദ്യം ഉയരുന്നത്. ഇതില്‍ കേന്ദ്ര കായിക വകുപ്പിന്റെ പിന്‍വാതില്‍ നീക്കമുണ്ടോ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു.

12 അംഗങ്ങള്‍ അടങ്ങിയ സെലക്ഷന്‍ കമ്മിറ്റി അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത പട്ടികയില്‍ മനു ഭാക്കര്‍ ഇടം പിടിച്ചില്ല. റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലാണ് സെലക്ഷന്‍ കമ്മിറ്റി. അപേക്ഷ അയച്ചിട്ടില്ലെന്ന് കായിക വകുപ്പ് പറയുമ്പോഴും അപേക്ഷ അയച്ചുവെന്നാണ് മനു ഭാക്കറിന്റെ കുടുംബത്തോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ പറയുന്നു. ശുപാര്‍ശയില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്.

പാരീസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രം കുറിച്ച താരമാണ് മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലുമാണ് മെഡല്‍ നേട്ടം. മിക്സഡ് വിഭാഗത്തില്‍ സരബ്ജോത് സിങ്ങായിരുന്നു കൂട്ടാളി. ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമായി. 2012 ലണ്ടന്‍ ഒളിമ്പിക്‌സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്.

ഹരിയാണയിലെ ജജ്ജാര്‍ സ്വദേശിയായ 22-കാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018-ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സുവര്‍ണനേട്ടം സ്വന്തമാക്കുന്ന താരവുമായി. 2020-ല്‍ കായിരംഗത്തെ തിളക്കത്തിന് അര്‍ജുനഅവാര്‍ഡും തേടിയെത്തിയിരുന്നു.

പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനായിരുന്നു ഹര്‍മന്‍പ്രീത് സിങ്. ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് വെങ്കലമെഡല്‍ പോരാട്ടത്തിലെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. അതോടെ ടോക്യോ ഒളിമ്പിക്സിനു പിന്നാലെ പാരീസിലും വെങ്കല മെഡലുമായി ഇന്ത്യന്‍ ഹോക്കി ടീം ചരിത്രം രചിച്ചിരുന്നു.1972-ന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സുകളില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നത്.