മംഗളൂരു: മാവോയിസ്റ്റുകളുടെ ദക്ഷിണേന്ത്യന്‍ ദളത്തിന് അന്ത്യമാകുന്നു. കര്‍ണാടകയില്‍ മാവോയിസറ്റ് നേതാക്കള്‍ കൂട്ടത്തോടെ കീഴടങ്ങുകയാണ്. മാവോയിസ്റ്റ് ശൃംഖലയിലെ അവസാന കണ്ണിയെന്ന് അവകാശപ്പെടുന്ന തോമ്പാട്ട് ലക്ഷ്മിയും കീഴടങ്ങി. കര്‍ണാടക സര്‍ക്കാറിന്റെ മാവോയിസ്റ്റ് കീഴടങ്ങല്‍-പുനരധിവാസ പാക്കേജ് പ്രകാരം ഞായറാഴ്ച ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ. വിദ്യാകുമാരി, ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുണ്‍ എന്നിവര്‍ മുമ്പാകെയാണ് കീഴടങ്ങി. ഇവര്‍ക്ക് 7.50 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം ലഭിക്കും.

പൊലീസ് സുരക്ഷ അകമ്പടിയോടെ ഭര്‍ത്താവ് സഞ്ജീവ, സഹോദരന്‍ വിട്ടല പൂജാരി, ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പമാണ് ലക്ഷ്മി എത്തിയത്. കെ.പി. ശ്രീപാല്‍ ഉള്‍പ്പെടെ മാവോയിസ്റ്റ് കീഴടങ്ങല്‍-പുനരധിവാസ സമിതി അംഗങ്ങള്‍, ജില്ല പഞ്ചായത്ത് സിഇഒ പ്രതീക് ബോയല്‍ തുടങ്ങിയവര്‍ കീഴടങ്ങല്‍ വേളയില്‍ സന്നിഹിതരായി. ടിവി വാര്‍ത്തകളില്‍ നിന്നാണ് സര്‍ക്കാറിന്റെ മാവോവാദി കീഴടങ്ങല്‍ പാക്കേജിനെക്കുറിച്ച് താന്‍ മനസ്സിലാക്കിയതെന്ന് ലക്ഷ്മി പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യക്കും അവര്‍ നന്ദി അറിയിച്ചു. സിദ്ധരാമയ്യ തങ്ങള്‍ക്ക് ഒരു അവസരം നല്‍കി, അതിനനുസരിച്ച് താന്‍ യാതൊരു സമ്മര്‍ദവുമില്ലാതെ സ്വമേധയാ കീഴടങ്ങുകയാണ്. തങ്ങളുടെ ഗ്രാമത്തില്‍ റോഡുകളും വെള്ളവും സ്‌കൂളുകളും ആശുപത്രികളും ഇല്ല. ഈ വിഷയത്തില്‍ സിദ്ധരാമയ്യ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

കീഴടങ്ങിയതിനെത്തുടര്‍ന്ന് ലക്ഷ്മിയെ വൈദ്യപരിശോധനക്ക് ശേഷം കുന്താപുരം കോടതിയില്‍ ഹാജരാക്കി. ലക്ഷ്മിക്കെതിരെ ബൈന്ദൂര്‍ താലൂക്കിലെ അമാസെബൈല്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ടെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ.അരുണ്‍ പറഞ്ഞു. ഇതില്‍ 2007 ലെ വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റങ്ങളും ആക്രമണവും ഭീഷണിപ്പെടുത്തലും ഉള്‍പ്പെടുന്നു.

കീഴടങ്ങല്‍ പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലക്ഷ്മിക്ക് ലഭിക്കുമെന്ന് ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ. വിദ്യാകുമാരി വിശദീകരിച്ചു. പാക്കേജിനെ മൂന്ന് തട്ടുകളായി തരംതിരിച്ചിരിക്കുന്നു: കീഴടങ്ങുന്ന കേസുകള്‍ തീര്‍പ്പാക്കാത്ത സംസ്ഥാനത്ത് നിന്നുള്ള വ്യക്തികള്‍ക്ക് കാറ്റഗറി എ 7.50 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നു. ഒന്നില്‍ കൂടുതല്‍ അംഗങ്ങളുമായി കീഴടങ്ങുന്ന സംസ്ഥാനത്തിന് പുറത്ത് സായുധരായ മാവോയിസ്റ്റുകള്‍ക്ക് കാറ്റഗറി ബി നാല് ലക്ഷം രൂപ നല്‍കുന്നു. മാവോയിസ്റ്റ് ഗ്രൂപ്പുകളുമായുള്ള ബന്ധത്തില്‍ കേസുള്ളവര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് കാറ്റഗറി സി വാഗ്ദാനം ചെയ്യുന്നത്. ലക്ഷ്മി എ കാറ്റഗറിയിലേക്ക് യോഗ്യത നേടി. അവരുടെ പുനരധിവാസം, പരിശീലനം, വിദ്യാഭ്യാസ അവസരങ്ങള്‍ എന്നിവക്കുള്ള ശുപാര്‍ശകള്‍ ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.

ലക്ഷ്മിയുടെയും കീഴടങ്ങിയ മറ്റു മാവോയിസ്റ്റുകള്‍ക്ക് സാമൂഹിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് പുനരധിവാസ സമിതി അംഗം കെപി ശ്രീപാല്‍ അറിയിച്ചു. പുനരധിവാസ പാക്കേജിനെക്കുറിച്ച് ആശയവിനിമയം നടത്തുന്നതില്‍ ഇദ്ദേഹത്തിന്റെ സേവനം മികച്ചതായിരുന്നു.

തോമ്പാട്ടിലെ പഞ്ചു പൂജാരിയുടെ ഏഴ് മക്കളില്‍ ഏക പെണ്‍കുട്ടിയായ ലക്ഷ്മി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഗ്രാമത്തിലെ വിവിധ സാമൂഹിക പ്രസ്ഥാനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. അക്കാലത്ത് പശ്ചിമഘട്ടത്തില്‍ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന മാവോവാദി പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. മദ്യശാലകള്‍ക്കെതിരായ പ്രതിഷേധങ്ങളിലെ പങ്കാളിത്തമാണ് ഈ പോരാളിയെ ശ്രദ്ധേയയാക്കിയത്. മാവോവാദി ഗ്രൂപ്പില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ലക്ഷ്മി പ്രസ്ഥാനത്തില്‍ കൂടുതല്‍ സജീവമായി. 2008-2010 ഓടെ മറ്റൊരു മാവോവാദി സഞ്ജീവയെ വിവാഹം കഴിക്കുകയും പിന്നീട് ആന്ധ്രാപ്രദേശിലേക്ക് താമസം മാറ്റുകയും ചെയ്തു.

.

സിപിഐ (മാവോയിസ്റ്റ്) സംഘടനയ്‌ക്കൊപ്പം 18 വര്‍ഷം പ്രവര്‍ത്തിച്ച 44കാരനായ കൊട്ടേഹോണ്ട രവീന്ദ്ര വെള്ളിയാഴ്ച്ച കീഴടങ്ങിയിരുന്നു. 2007 മുതല്‍ കേരള, കര്‍ണാടക, തമിഴ്‌നാട് ഭാഗങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിവരികയായിരുന്നു രവീന്ദ്ര. കര്‍ണാടകത്തിലെ ശൃംഗേരി താലൂക്കില്‍ ഉള്‍പ്പെടുന്ന കൊട്ടേഹോണ്ട ആണ് സ്വദേശം. ഇയാള്‍ക്കെതിരെ 27 കേസുകള്‍ നിലവിലുണ്ട്. ഇതില്‍ 13 കേസുകളും ചിക്കമംഗളൂരു പോലീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്തതാണ്.

2024 മാര്‍ച്ച് 14ന് നിലവില്‍ വന്ന പുതിയ കീഴടങ്ങല്‍ നയം പ്രകാരം, കാറ്റഗറി 'എ'യില്‍ ഉള്‍പ്പെടുന്ന മാവോയിസ്റ്റ് ആണ് രവീന്ദ്ര. കീഴടങ്ങല്‍ പാക്കേജ് അനുസരിച്ച് ഇയാള്‍ക്ക് 7.5 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറും. താല്‍പര്യമെങ്കില്‍ നൈപുണ്യ പരിശീലനവും സര്‍ക്കാര്‍ നല്‍കും. കര്‍ണാടകത്തില്‍ ഇതുവരെ 22 മാവോയിസ്റ്റുകളാണ് പോലീസിന് മുന്‍പാകെ കീഴടങ്ങിയത്.

ജനുവരിയില്‍ ആറ് മാവോയിസ്റ്റുകള്‍ ബെംഗളൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുന്‍പാകെ കീഴടങ്ങി. ലത മുണ്ടഗാരു ഉള്‍പ്പെടെ ഉള്ളവരാണ് മുഖ്യമന്ത്രിക്ക് മുന്‍പാകെ കീഴടങ്ങിയത്. ഇവര്‍ തന്റെ യൂണിഫോമിനൊപ്പം നിവേദനവും മുഖ്യമന്ത്രിക്ക് കൈമാറി. റോസാപ്പൂവും ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പുകളും നല്‍കിയാണ് പൊതുസമൂഹത്തിന്റെ ഭാഗമാകാനായി ആയുധം താഴെവെച്ച് എത്തിയ മാവോയിസ്റ്റുകളെ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വീകരിച്ചത്.