തൃശൂര്‍: കേരളത്തിലെ ക്രൈസ്തവസഭകള്‍ വിവേചനകള്‍ക്ക് നടുവിലാണെന്ന് തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും നല്‍കാതെ ക്രൈസ്തവരെ തഴയരുത്. അങ്ങനെയുണ്ടായാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ നിലപാട് ശക്തമാക്കുമെന്നും ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി. ഇനിയും വിവേചനങ്ങള്‍ തുടര്‍ന്നാല്‍ രണ്ടാം വിമോചന സമരം നടത്തേണ്ടി വരുമെന്നും തൃശൂര്‍ അതിരൂപത മുന്നറിയിപ്പ് നല്‍കി.

വിവേചനങ്ങള്‍ നേരിട്ടപ്പോഴെല്ലാം സഭ ശക്തമായി പോരാടിയിട്ടുണ്ട്. വീണ്ടും അത്തരമൊരു സമരത്തിന് ഇറങ്ങേണ്ട സമയമാണ്. വേണ്ടി വന്നാല്‍ രണ്ടാം വിമോചന സമരവും നടത്തേണ്ടി വരും. അതിലേക്ക് ഞങ്ങളെ തള്ളിവിടരുത് എന്നാണ് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനുള്ളതെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നു.

'ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും ഞങ്ങള്‍ക്കും വേണം.ഞങ്ങളെ തഴഞ്ഞാല്‍ മറ്റുള്ളവരെയും ഞങ്ങള്‍ തഴയും. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതേ സമീപനം തന്നെ ആയിരിക്കും സ്വീകരിക്കുക.ഇപ്പോള്‍ പരസ്യമായി ഒരു നിലപാട് പറയാന്‍ ആഗ്രഹിക്കുന്നില്ല.സഭ സംഘടിപ്പിക്കുന്ന സമുദായ ജാഗ്രത സദസില്‍ ഇക്കാര്യങ്ങള്‍ എല്ലാം വിശദമായി ചര്‍ച്ച ചെയ്യും,' മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.

രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുകയാണെന്നും മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആശങ്ക അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭയെ വിദേശ സഭയായി ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്നു. ക്രൈസ്തവ സഭയ്ക്ക് രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ സഭ ഭാരതീയമാണ്. സഭ വിദേശിയല്ലെന്നും ഭാരത സഭ തന്നെയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുകയാണ്. മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണം. ആക്രമണങ്ങളില്‍ വേദന ഉണ്ട്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന്റെ തലപ്പത്ത് ക്രൈസ്തവ സമുദായംഗം വരാത്തത് എന്ന് ചോദിച്ച അദ്ദേഹം ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, അധ്യാപകരുടെ നിയമന കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ വിദ്യാഭ്യാസ വകുപ്പിനെയും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിമര്‍ശിച്ചു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ക്രൈസ്തവരോട് വിവേചനം കാട്ടുന്നു. ഭരണഘടനക്ക് എതിരായി ചില മതങ്ങളെ അംഗീകരിക്കുക ചില മതങ്ങളെ എതിര്‍ക്കുക എന്ന സമീപനം ഭരണഘടനക്ക് എതിരാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും തങ്ങള്‍ക്കും വേണം. ഞങ്ങളെ തഴഞ്ഞാല്‍ മറ്റുള്ളവരെയും ഞങ്ങള്‍ തഴയും. തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതേ സമീപനം തന്നെ ആയിരിക്കും സ്വീകരിക്കുക. ഇപ്പോള്‍ പരസ്യമായി ഒരു നിലപാട് പറയാന്‍ ആഗ്രഹിക്കുന്നില്ല. സഭ സംഘടിപ്പിക്കുന്ന സമുദായ ജാഗ്രത സദസില്‍ ഇക്കാര്യങ്ങള്‍ എല്ലാം വിശദമായി ചര്‍ച്ച ചെയ്യും.