- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാവ് മുറി അന്വേഷിച്ച രണ്ടംഗ കമ്മീഷൻ കണ്ടെത്തിയത് വീടുപണിക്ക് ഈ തടി ഉപയോഗിച്ചെന്ന വസ്തുത; ഏര്യാ കമ്മറ്റി അംഗത്തെ ലോക്കലിലേക്ക് തരം താഴ്ത്തി പാർട്ടി കോടതി! മറവൻതുരുത്ത് ഗവ യുപി സ്‌കൂളിന്റെ മുറ്റത്തു നിന്നിരുന്ന പ്ലാവു കൊണ്ട് വീടു പണിതത് സഖാവ്; മോഷണം പൊലീസിനെ അറിയിക്കാതിരിക്കുമ്പോൾ
വൈക്കം: മറവൻതുരുത്ത് ഗവ. യു.പി.സ്‌കൂളിന്റെ മുറ്റത്തുനിന്നിരുന്ന പ്ലാവുകൊണ്ട് വീടുപണിത സിപിഎം. ഏരിയാ കമ്മിറ്റിയംഗത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് പാർട്ടി തരംതാഴ്‌ത്തിയിട്ടും കേസും മറ്റു നടപടികളൊന്നുമില്ല. മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപനെതിരേയാണ് നടപടി. പാർട്ടി അംഗങ്ങൾ നൽകിയ പരാതിയിലാണ് അന്വേഷണവും നടപടിയും. എന്നാൽ പാർട്ടിക്ക് പുറത്തേക്ക് പരാതി എത്തിയതുമില്ല.
പാർട്ടി രണ്ടംഗ കമ്മീഷനെവച്ചാണ് സംഭവം അന്വേഷിച്ചത്. പ്രതാപന്റെ വീടുപണിക്ക് ഈ തടി ഉപയോഗിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യു.പി.സ്‌കൂളിലെ അമ്മച്ചിപ്ലാവെന്ന് വിളിക്കുന്ന വർഷങ്ങൾ പഴക്കമുള്ള പ്ലാവാണ് ചട്ടം ലംഘിച്ച് മുറിച്ചത്. പൊതുസ്ഥലത്തെ മരംമുറിക്കാനും വിൽക്കാനുമുള്ള നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ല. തത്വത്തിൽ മോഷണമാണ് ഏര്യാ കമ്മറ്റി അംഗം നടത്തിയത്. അതുകൊണ്ട് തന്നെ പൊലീസിൽ പരാതി കൊടുത്താൽ പൊലീസ് കേസെടുക്കും. അതാണ് വേണ്ടത്. അതു ചെയ്യാതെ പാർട്ടി കോടതി തീർപ്പു കൽപ്പിക്കുന്ന രീതിയാണ് ഉണ്ടായത്.
തടിവെട്ടാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ, വനംവകുപ്പ് നിർദ്ദേശപ്രകാരം ട്രീ കമ്മിറ്റി പരിശോധിക്കുകയും അനുമതി നൽകുകയും വേണം. ഇതൊന്നും ഉണ്ടായില്ല. വിദ്യാഭ്യാസ ഓഫീസിൽപോലും അറിയിച്ചിരുന്നില്ല. മരത്തിന്റെ കൊമ്പുകൾ ഉണങ്ങിയെന്ന് സ്‌കൂളിൽനിന്ന് പഞ്ചായത്തിന് പരാതി കിട്ടിയതോടെ വൈസ് പ്രസിഡന്റ് ആളെക്കൊണ്ടുവന്ന് മരം മുറിച്ചുകൊണ്ടുപോയെന്നാണ് പാർട്ടിക്ക് ലഭിച്ച പരാതി. ഈ തടി വീട്ടിൽ കെട്ടിടം പണിക്ക് ഉപയോഗിച്ചതോടെ തന്നെ അത് മോഷണമായി. ഐപിസി പ്രകാരമുള്ള ക്രിമിനൽ കുറ്റം.
മരംമുറിയിൽ വിവാദമില്ലെന്നും പ്രതികരിക്കാനില്ലെന്നും തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെൽവരാജ് പറഞ്ഞു. ലേലംചെയ്താണ് മരം മുറിച്ചുനീക്കിയതെന്നും രേഖകളുണ്ടെന്നും ലേലത്തിൽ ആർക്കുവേണമെങ്കിലും തടി വാങ്ങാമായിരുന്നെന്നും പ്രതാപൻ പറഞ്ഞു. ചില കാര്യങ്ങളിൽ ജാഗ്രതാക്കുറവുണ്ടായെന്നും പ്രതാപൻ പറഞ്ഞു.
എന്നാൽ മരംമുറിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് സ്‌കൂളിലെ പ്രധാന അധ്യപകൻ പറഞ്ഞു. ഇതിൽ തന്നെ മോഷണത്തിന്റെ സാധ്യത നിറയുന്നുണ്ട്. എന്നിട്ടും ആരും പൊലീസിൽ കേസു കൊടുത്തില്ലെന്നതാണ് വിചിത്രമായ കാര്യം. വിദ്യാഭ്യാസ വകുപ്പിന് അടക്കം പൊലീസിൽ പരാതി നൽകേണ്ടതാണ്.
മറുനാടന് മലയാളി ബ്യൂറോ