തൃശ്ശൂര്‍: ദാമ്പത്യ ജീവിതം സുന്ദരവും സമാധാനപരവുമാക്കാന്‍ ധ്യാന ക്ലാസുകള്‍ നടത്തി വരുന്ന മോട്ടിവേഷന്‍ പ്രഭാഷകരായ മാരിയോ ജോസഫും ഭാര്യ ജിജി മാരിയോയും തമ്മിലടിച്ച് കേസായത് ഇവരുടെ അനുയായികളെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയരായ ദമ്പതികള്‍ ദാമ്പത്യ തകര്‍ച്ച നേരിടുന്ന നിരവധി പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി പ്രശസ്തരാണ്. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരാണ് ദമ്പതികള്‍.

മാരിയോ ആന്‍ഡ് ജിജി ബ്ലോഗ് വഴി നല്ല കുടുംബജീവിതം നയിക്കാന്‍ ഉപദേശങ്ങള്‍ നല്‍കി വരുന്ന മാരിയോ ജോസഫിന് എതിരെ ഭാര്യ ജിജി അതിക്രമത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ചാലക്കുടി പൊലീസ് ജിജി മാരിയോയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ 'നിങ്ങള്‍ ഇതുവരെ കേട്ടതൊന്നുമല്ല സത്യം 'എന്ന് മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയോട് വിശദീകരിക്കുകയാണ് മാരിയോ ജോസഫ്.

'ചുമരില്‍ തുടരെ തല ഇടിച്ചു പൊട്ടിച്ചു. ചോര ഒലിക്കുന്ന തലയുമായി 25 കിലോമീറ്ററോളം കാര്‍ ഓടിച്ചു. കേസ് കൊടുത്തത് ട്രസ്റ്റില്‍ അവള്‍ക്ക് ഇഷ്ടപെട്ട ആളുകളെ ചേര്‍ക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗം.' തലയടിച്ച് പൊട്ടിച്ചെന്നും എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭാര്‍ത്താവ് നശിപ്പിച്ചെന്നുമുള്ള ഭാര്യ ജിജി മാരിയോയുടെ ആരോപണങ്ങള്‍ക്ക് മാരിയോ ജോസഫ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

https://youtu.be/ieLLm_vagHc


'ഞാനും അമ്മയും ജിജിയും ചേര്‍ന്ന് 2024ലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഒരു വര്‍ഷത്തോളം ഇത് നിഷ്‌ക്രിയമാക്കി വെച്ചു. ബാങ്ക് അക്കൗണ്ട് പോലും തുടങ്ങാതെ മരവിപ്പിച്ചു. പിന്നീട് രജിസ്റ്റര്‍ ചെയ്ത വക്കീലാണ് ഇത് ആരംഭിക്കണം ഇല്ലെങ്കില്‍ വലിയ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് പറയുന്നത്. ഞാന്‍ പറഞ്ഞു എനിക്കത് വേണ്ട. അങ്ങനെ ഞങ്ങള്‍ മൂന്ന് പേരും രാജി നല്‍കി. ഈ സമയത്താണ് ഫിലോകാലിയ ഫൗണ്ടേഷന്‍ എന്നത് മനോഹരമായൊരു പേരല്ലേയെന്നും, ലോകം മുഴുവന്‍ ഇപ്പോള്‍ അങ്ങനെയല്ലേ അറിയുന്നതെന്നും വക്കീല്‍ ചോദിച്ചു. ഇപ്പോള്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്താല്‍ ആ പേര് ചിലപ്പോള്‍ നഷ്ടമായേക്കാമെന്നും വക്കീല്‍ പറഞ്ഞു. അങ്ങനെയാണ് അജ്മലിനെയും, മാഷിനെയും ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തത്. എന്തിനാണെന്ന് പോലും അറിയാതെയാണ് അവര്‍ ഐഡി കാര്‍ഡ് തന്നത്. രജിസ്ട്രേഷന്‍ കഴിഞ്ഞതിന് ശേഷമാണ് കാര്യം അവരോട് പറഞ്ഞത്. ആ പേര് നിലനിര്‍ത്താന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. വഴക്കുണ്ടാകുമെന്ന് കരുതി ഇക്കാര്യം ജിജിയോട് പറഞ്ഞിരുന്നില്ല.

ജിജി അമേരിക്കയിലേക്ക് പോയപ്പോഴായിരുന്നു ഞാന്‍ രജിസ്‌ട്രേഷന്റെ കാര്യം ജിജിയോട് പറഞ്ഞത്. എപ്പോള്‍ തിരിച്ചു വരുന്നുവോ അപ്പോള്‍ ജിജിയും മകളും ഇതില്‍ അംഗമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. മൂത്ത മകള്‍ക്ക് ഈ സ്ഥാപനത്തില്‍ വലിയ പ്രതീക്ഷയാണ്. അതുകൊണ്ട് അവളും ഉണ്ടാവണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അജ്മലും, മാഷും തന്റെ ഒപ്പം ഇരിക്കാന്‍ പറ്റിയ ആളുകള്‍ അല്ലെന്നും അവരെ ഒഴിവാക്കി താന്‍ പറയുന്ന ആളുകളെ ഉള്‍പ്പെടുത്തണം എന്നുമായിരുന്നു ജിജി പറഞ്ഞത്. അന്ന് മുതല്‍ വഴക്കുകള്‍ തുടങ്ങിയിരുന്നു.

ജിജി അമേരിക്കയില്‍ നിന്നും വന്നപ്പോള്‍ ഭയങ്കര വയലന്റായി. ഒരു ദിവസം ഓഫീസില്‍ കയറി വന്ന് മറ്റ് സ്റ്റാഫുകളുടെ മുന്നിലിട്ട് അജ്മലിനെ തല്ലി. മാഷിനെ അസഭ്യം പറഞ്ഞു. എല്ലാവരുടെയും മുന്നിലിട്ട് ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ അവര്‍ കളഞ്ഞിട്ട് പോകുമെന്നായിരുന്നു ജിജിയുടെ വിചാരം. പക്ഷെ അവര്‍ക്ക് എന്നെ ഒരുപാട് കാലങ്ങളായി അറിയാം. 2018 മുതല്‍ അജ്മല്‍ എന്നോടൊപ്പമുണ്ട്. പിന്നീട് ഞാന്‍ ഒരു കള്ളത്തരം പിടിച്ചു. എന്റെ വീടിനോട് അടുത്തിരിക്കുന്ന ഒരു കോണ്‍വെന്റ് അനിയന്‍ വാങ്ങിയതായി ജിജി പറഞ്ഞിരുന്നു. നല്ല വിലയുള്ള സ്ഥലമാണത്. അത് വാങ്ങാനുള്ള കാശ് അവന്റെ കയ്യില്‍ ഇല്ലെന്ന് എനിക്കറിയാം. അത് ചോദിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്ന ജിജി എന്നെ കത്തി കൊണ്ട് കുത്തി. ആഴത്തിലുള്ള മുറിവായിരുന്നു. നാണക്കേട് ആകുമെന്ന് കരുതി പരാതി നല്‍കിയില്ല.

കുറച്ച് ദിവസം മുന്‍പ് ചാറ്റേര്‍ഡ് അക്കൗണ്ടന്റ് എന്നെ വിളിച്ചിട്ട് പറഞ്ഞു ജിജിയ്ക്ക് 4 ലക്ഷം രൂപ ടാക്‌സ് അടക്കണമെന്ന് പറഞ്ഞു. എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്ന് ഞാന്‍ അവളോട് ചോദിച്ചു. ഇഡി അന്വേഷണം വരുമെന്നും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഞാന്‍ പറഞ്ഞപ്പോഴും ജിജി ഒഴിഞ്ഞുമാറി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജിജിയും അനുജത്തിയും അടക്കം എട്ട് പേര് ഓഫിസിലെത്തി. ഇത് കണ്ട ഞാന്‍ ഡോര്‍ ലോക്ക് ചെയ്തു. ഇതോടെ ഇവര്‍ പടികളിലൂടെ ആദ്യ നിലയിലെത്തി. ജിജി തലകൊണ്ട് ഗ്ലാസ്സില്‍ ഇടിച്ചു. ഇത് ഒരു സ്റ്റാഫ് കണ്ടിരുന്നു. ഞാന്‍ ഈ വിവരം ഫോണില്‍ പറയുന്നത് കേട്ട് ജിജി ചുമരില്‍ തല കൊണ്ട് ഇടിച്ചു. ഞാന്‍ ഇത് ഷൂട്ട് ചെയ്തു. ശേഷം ഭീഷണി മുഴക്കി ഇവര്‍ പോയി. സെറ്റ് ടോപ് ബോക്‌സ് കൊണ്ട് തലയില്‍ അടിച്ചു എന്നാണ് പറയുന്നത്. പക്ഷെ ആ വീട്ടില്‍ ടിവി പോലുമില്ല. ചാലക്കുടിയില്‍ ഒരുപാട് ആശുപത്രിയുണ്ടായിട്ടും എന്തിനാണ് അപ്പോളോയില്‍ പോയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

ചോര ഒലിക്കുന്ന തലയുമായി 25 കിലോമീറ്ററോളം കാര്‍ ഓടിച്ച് മാഷിന്റെ വീട്ടില്‍ ജിജി രാത്രി പോയി. എന്നിട്ട് അയാളെ ഭീഷണിപ്പെടുത്തി. അവിടെയും പ്രശനങ്ങളുണ്ടാക്കി. പിന്നീടാണ് ജിജി പോലീസിനെ സമീപിച്ചത്. ഭര്‍ത്താവ് ഉപദ്രിവിച്ചെന്നും എന്നാല്‍ കേസെടുക്കണ്ടെന്നും ഒത്ത് തീര്‍പ്പാക്കണമെന്നും ആയിരുന്നു ആവശ്യം. സംഭവം കേസ് ആക്കാതെ ഇരിക്കണമെങ്കില്‍ അജ്മലിനെയും മാഷിനെയും ട്രസ്റ്റില്‍ നിന്നും മാറ്റണമെന്നും അവള്‍ പറയുന്ന ആളുകളെ ചേര്‍ക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഞാന്‍ ഇതിന് സമ്മതിച്ചില്ല. തുടര്‍ന്നാണ് ഞാന്‍ പോലീസില്‍ പരാതി നല്‍കുന്നത്. ഞാന്‍ പരാതി നല്‍കിയ വിവരം അറിഞ്ഞ് ജിജിയും കേസ് കൊടുത്തു.

യുവാക്കള്‍ക്കും ദമ്പതികള്‍ക്കും വേണ്ടി ധ്യാനങ്ങള്‍ നടത്തി ശ്രദ്ധ പിടിച്ചുപറ്റിയവരാണ് മാരിയോ - ജിജി ദമ്പതിമാര്‍. കുടുംബ ജീവിതത്തിലെ വിഷയങ്ങള്‍ പരിഹരിക്കുന്ന കൗണ്‍സിലര്‍മാര്‍ എന്ന നിലയിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഫിലോകാലിയ എന്ന സംഘടനയിലൂടെ വര്‍ഷങ്ങളായി ധ്യാനങ്ങളും, നിര്‍ദ്ധനര്‍ക്ക് വീട് വെച്ച് കൊടുക്കുന്നതുള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ട്. വയനാട് ദുരന്തബാധിതര്‍ക്ക് ഉള്‍പ്പടെ ഇവര്‍ വീടും വെച്ച് നല്‍കിയിട്ടുണ്ട്.

ക്രൈസ്തവമതത്തില്‍ ആകൃഷ്ടനായി മതംമാറ്റം

ഇസ്ലാം മതവിശ്വാസിയായിരുന്ന സുലൈമാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുമതത്തില്‍ ആകൃഷ്ടനായി മതം മാറി മാരിയോ ജോസഫ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. പിന്നീട് ജിജിയെ വിവാഹം കഴിച്ചു. മാരിയോയുടെ ചില പ്രഭാഷണങ്ങള്‍ മുന്‍പ് തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

കുടുംബജീവിതം, ദാമ്പത്യബന്ധം എന്നിവയെക്കുറിച്ച് ഓണ്‍ലൈനിലും അല്ലാതെയും ക്ലാസ്സുകളും വീഡിയോകളും അവതരിപ്പിച്ച് കൊണ്ടാണ് മാരിയോ ജോസഫും ജിജി മാരിയോയും പ്രശസ്തരായത്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ധ്യാന പ്രഭാഷണങ്ങളോട് അടുത്തുനില്‍ക്കുന്ന ശൈലിയിലാണ് വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. ഇവയുടെ സ്ഥിരം പ്രേക്ഷകരായി ഒട്ടേറെ ആളുകള്‍ ഫോളോ ചെയ്യുന്നുമുണ്ട്.

മാരിയോ ഭാര്യയുടെ തലയ്ക്കടിച്ചെന്നും, ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. വഴക്കിനിടയില്‍ മാരിയോ ജോസഫ് സെറ്റ് അപ് ബോക്സ് എടുത്ത് തലയ്ക്ക് അടിക്കുകയും കയ്യില്‍ കടിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വഴക്കിനിടെ തന്റെ 70000 രൂപയുടെ മൊബൈല്‍ നശിപ്പിച്ചെന്നും ജിജി ചാലക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബിഎന്‍എസ് 126 (2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെ:

പ്രൊഫഷണല്‍ പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ 9 മാസമായി അകന്നുജീവിക്കുകയായിരുന്നു ഭാര്യാ ഭര്‍ത്താക്കന്മാരായ പരാതിക്കാരിയും ഭര്‍ത്താവും. കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി കഴിഞ്ഞ മാസം 25 ന് വൈകിട്ട് 5.30 ന് ഭര്‍ത്താവ് മാരിയോ ജോസഫിന്റെ വീട്ടില്‍ ഇരുന്ന് സംസാരിക്കവേയാണ് വാക്കേറ്റവും ദേഹോപദ്രവവും ഉണ്ടായത്. ദേഹോപദ്രവം ഏല്‍പ്പിക്കണം എന്ന ഉദ്ദശത്തോടെ മാരിയോ ജോസഫ് ടിവിയുടെ സെറ്റ്‌ടോപ്പ് ബോക്‌സ് എടുത്ത് ജിജിയുടെ തലയില്‍ അടിച്ചു. അതുകൂടാതെ ഇടതുകയ്യില്‍ കടിക്കുകയും തലമുടിയില്‍ പിടിച്ചുവലിക്കുകയും ചെയ്തു. ജിജിയുടെ കയ്യില്‍ ഇരുന്ന മൊബൈല്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചതിലൂടെ 70,000 രൂപയുടെ നഷ്ടം വരുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.