കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ പൊലീസ് കേസെടുത്തേക്കും. ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ആന്റണിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അതിജീവിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് തീരുമാനം. അതിജീവിത മുഖ്യമന്ത്രിയെ കണ്ടിരുന്നു. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെ കുറിച്ചും അതിക്രമത്തെ കുറിച്ചും അതിജീവിത മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിരുന്നു. വീഡിയോ പ്രചരിപ്പിക്കുന്നതില്‍ നടപടി വേണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദിലീപിനു കേസില്‍ പങ്കില്ലെന്നാണ് വീഡിയോ വിശദീകരിക്കുന്നത്. കേസില്‍ മാര്‍ട്ടിന്‍ ആന്റണി 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.

കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിവിധിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടപ്പോള്‍ ഈ ഉറപ്പും നല്‍കി. കേസിന്റെ വിശദാംശങ്ങളും കോടതി വിധിയും ചര്‍ച്ചയായി. സര്‍ക്കാര്‍ ഒപ്പം ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിധിയിലുള്ള സംശയങ്ങളും അതൃപ്തിയും അതിജീവിത മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് അവര്‍ അറിയിച്ചു. അതിജീവിതയെ മുഖ്യമന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു. കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി അവരെ അറിയിച്ചു.

വിധി നാളെ വരാനിരിക്കെയാണ് കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നത്. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയാണ് സോഷ്യല്‍ മീഡിയയിലൂടെ മാര്‍ട്ടിന്റെ വീഡിയോ പുറത്ത് വിട്ടത്. കേസിന് ആസ്പദമായ സംഭവമേ നടന്നിട്ടില്ലെന്നും ദിലീപിന് എതിരെയാണ് ഗൂഢാലോചന നടന്നത് എന്നതടക്കമുളള വിചിത്രമായ കാര്യങ്ങളാണ് മാര്‍ട്ടിന്‍ പറയുന്നത്. വീഡിയോയില്‍ മാര്‍ട്ടിന്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ: '' എന്റെ പേര് മാര്‍ട്ടിന്‍ എന്നാണ്. നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ രണ്ടാം പ്രതിയായി 5 കൊല്ലത്തോളം റിമാന്‍ഡില്‍ ആയിരുന്നു. അതിന് ശേഷം സുപ്രീം കോടതി ജാമ്യത്തിലാണ് ഇറങ്ങിയത്. ഈ കേസില്‍ ഞാന്‍ കണ്ടതും കേട്ടതുമായ യഥാര്‍ത്ഥ സത്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ നടന്‍ ലാല്‍ പല രീതിയില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

മാര്‍ട്ടിന്റെ വീഡിയോ ഇങ്ങനെ; പറയുന്നതെല്ലാം പച്ചക്കള്ളം

ദിലീപിനെ ചതിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു കെണിയാണ് ഈ കേസ്. സത്യസന്ധമായ ഒരുപാട് കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്. ഇതിന്റെ പേരില്‍ എന്റെ ജീവന് പോലും ഭീഷണി നിലനില്‍ക്കുന്നുണ്ട്. യഥാര്‍ത്ഥ സത്യങ്ങള്‍ കോടതി മുന്‍പാകെ രഹസ്യമൊഴി കൊടുത്തിട്ടുണ്ട്. പുറത്ത് കാണുന്നതല്ല യഥാര്‍ത്ഥ കഥകള്‍. മാധ്യമങ്ങള്‍ ഉണ്ടാക്കിയ കഥകളാണ് പുറത്ത് വന്നിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നടന്നത് ഇതൊന്നുമല്ല. നടിയെ ആക്രമിച്ചു എന്ന് പറയുന്നത് വെറുതേയാണ്.-ഇതാണ് മാര്‍ട്ടിന്‍ പറയുന്നത്. ഇതെല്ലാം പച്ചക്കള്ളമാണെന്ന് അതിജീവിത പറയുന്നു.

പള്‍സര്‍ സുനിയും മഞ്ജു വാര്യരും രമ്യ നമ്പീശനും നടന്‍ ലാലും കൂടി ദീലിപിനെ തകര്‍ക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തി ഉണ്ടാക്കിയ കള്ളക്കേസാണ് ഇത്. യഥാര്‍ത്ഥ സത്യം തനിക്ക് അറിയാം. നടന്‍ ലാലിന്റെ വീട്ടില്‍ നിന്ന് ലാലിന്റെ വണ്ടിയിലാണ് സംഭവദിവസം രാത്രി തന്നെ വിട്ടത്. തൃശൂരില്‍ താന്‍ പോയി വരുന്നതിനിടയ്ക്ക് നടിയെ വണ്ടി തട്ടി ആക്രമിച്ചു എന്നത് പള്‍സര്‍ സുനി നുണ പറയുന്നതാണ്. ലാലും മഞ്ജു വാര്യരും ചേര്‍ന്നുളള ഗൂഢാലോചനയുടെ അനന്തരഫലമാണ് ഈ കേസെന്നും മാര്‍ട്ടിന്‍ പറയുന്നു. ഈ വാദമെല്ലാം കോടതിയും തള്ളി.

എന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നത് പള്‍സര്‍ സുനിയാണ്. അത് ലാലിന്റെ വീട്ടില്‍ വെച്ച് ലാല്‍ എന്റെ കുത്തിന് പിടിച്ച് വാങ്ങിച്ചു. 5 വെള്ളപ്പേപ്പറില്‍ ഒപ്പിട്ട് വാങ്ങിച്ചു. നീ എന്റെ കയ്യില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിച്ചതിനുളള തെളിവാണ് എന്ന് പറഞ്ഞു. കണ്ടതും കേട്ടതുമായ സത്യങ്ങള്‍ പുറത്ത് പറയരുത് എന്ന് ആവശ്യപ്പെട്ട് ലാലും പ്രൊഡ്യൂസര്‍ ആന്റോ ജോസഫും ലാലിന്റെ മകന്‍ ജീന്‍ പോള്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനൂപ് ഇവരെല്ലാവരും അവിടെ ഉണ്ടായിരുന്നു. എന്നെ ശരിക്കും ഉപദ്രവിച്ചു. അത് കഴിഞ്ഞാണ് യതീഷ് ചന്ദ്ര ഐപിഎസ്സിന് എന്നെ കൈമാറുന്നത്.

ഡിജിപി ലോക്നാഥ് ബെഹ്റയെ ലാല്‍ വിളിച്ചിട്ട് പറഞ്ഞു, ഡ്രൈവര്‍ പയ്യന്‍ ഇവിടെ ഉണ്ട്. അവന്റെ കാര്യങ്ങള്‍ ബാക്കി എന്താണെന്ന് വെച്ചാല്‍ സര്‍ ചെയ്തോളൂ എന്ന് ലാല്‍ പറഞ്ഞു. അതിന് ശേഷം എന്നെ കൊണ്ട് പോയി കുറേ ഉപദ്രവിച്ചു, കണ്ടതും കേട്ടതും പുറത്ത് പറയരുത് എന്ന് പറഞ്ഞു, പിന്നീട് പോലീസ് കൊണ്ടുപോയി റിമാന്‍ഡ് ചെയ്തു. നാളെ എന്റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദി നടന്‍ ലാലും നടി മഞ്ജു വാര്യരും രമ്യ നമ്പീശനും ശ്രീകുമാര്‍ മേനോനുമാണ്.

പല രീതിയിലുളള ഭീഷണികള്‍ എനിക്ക് നിലനില്‍ക്കുന്നുണ്ട്. ഒരു പെറ്റി കേസ് പോലും ഇന്നേവരെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ആദ്യമായാണ് ഞാന്‍ അറിയാത്ത ഒരു കേസില്‍ എന്നെ ചതിച്ച് 5 വര്‍ഷത്തോളം ജയിലില്‍ കിടന്ന് അനുഭവിച്ചത്''.-മാര്‍ട്ടിന്‍ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്.