തിരുവനന്തപുരം: മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരായ 28 കുട്ടികള്‍ക്കായി മറുനാടന്‍ മലയാളി ശേഖരിച്ച 1.12 കോടി രൂപ നവംബര്‍ 20 ബുധനാഴ്ച്ച വിതരണം ചെയ്യുമെന്ന് മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറിയിച്ചു. നേരത്തെ തുക വിതരണം ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ഇത് നീണ്ടു പോകുകയായിരുന്നു. 19ന് തുക വിതരണം ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അന്നേ ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീയ്യതി വീണ്ടും നീട്ടുന്നത്. ദുരിതബാധിതരില്‍ അര്‍ഹരായവര്‍ക്കുള്ള തുകയുടെ വിതരണം മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ വെച്ച് പത്തര മണിയോടെ നടക്കും. അന്നേദിവസം കൃത്യസമയത്ത് ധസഹായത്തിന് അര്‍ഹരായവര്‍ എത്തിച്ചേരേണ്ടതാണെന്നും ഷാജന്‍ സ്‌കറിയ അറിയിച്ചു.

മറുനാടന്‍ മലയാളിയും സഹോദര സ്ഥാപനമായ യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും തിരുവനന്തപുരത്തെ ചപ്പാത്തില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗ്രാം എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ നടത്തിയ മേപ്പാടി അപ്പീല്‍ വഴി സമാഹരിച്ചത് ഒരു കോടി 12 ലക്ഷം രൂപയാണ്. ഈ തുകയാണ് അര്‍ഹരായവരിലേക്ക് എത്തിക്കുക. മുഴുവന്‍ തുകയും വിതരണത്തിന് തയ്യാറായി ശാന്തിഗ്രാമിന്റെ അക്കൗണ്ടില്‍ എത്തിക്കഴിഞ്ഞു. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെയും സ്ഥലത്തെ സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ ഫണ്ട് നല്‍കുന്ന 28 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ഇവരില്‍ 11 പേര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നല്‍കുമ്പോള്‍ 12 പേര്‍ക്ക് മൂന്നര ലക്ഷം രൂപ വീതവും അഞ്ച് പേര്‍ക്ക് മൂന്ന് ലക്ഷം രൂപയും വീതമാണ് നല്‍കുന്നത്. ചൂരല്‍മല സ്വദേശിയായ അജയുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് അര്‍ഹതപെട്ടവരെ തെരഞ്ഞെടുത്തത്. ഈ ലിസ്റ്റ് പഞ്ചായത്ത് ഭാരവാഹികളുടെയും സ്ഥലം എംഎല്‍എയുടെയും പരിഗണക്ക് അയച്ചതിനു ശേഷമാണ് അന്തിമ രൂപം നല്‍കിയത്. കണ്ടെത്താന്‍ കഴിഞ്ഞ അച്ഛനോ അമ്മയോ മരിച്ച കുട്ടികള്‍ക്കെല്ലാം തന്നെ സഹായം നല്‍കുന്നുണ്ട്.

മേപ്പാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് പരിപാടി ഉദ്ഘാടനം ചെയ്യും. അജയ് ചൂരല്‍മല സ്വാഗതം പറയും. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ആമുഖ പ്രഭാഷണം നടത്തും. ചൂരല്‍ മല ഡിവിഷന്‍ മെമ്പര്‍ രാഘവന്‍ സി, മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, മേപ്പാടി വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി നാസര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ രാധാമണി ടീച്ചര്‍, വാര്‍ഡ് മെമ്പര്‍മാരായ ജോബിഷ് കുര്യന്‍, എന്‍.കെ. സുകുമാരന്‍, നൂറുദ്ധീന്‍ സി, രാജീവ് യൂത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ, റഷീദ് പറമ്പന്‍, ജ്വാല ഡയറക്ടര്‍ സി.കെ. ദിനേശന്‍ തുടങ്ങിയവരും സംബന്ധിക്കും. ശാന്തിഗ്രാം ഡയറക്ടര്‍ എല്‍ പങ്കജാക്ഷന്‍ കൃതജ്ഞത അറിയിക്കും.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഫണ്ട് ശേഖരണാര്‍ത്ഥം 28 പേര്‍ സ്‌കൈ ഡൈവിങ് നടത്തി ശേഖരിച്ചത് 77 ലക്ഷം രൂപയാണ്. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ മാത്രം സ്‌കൈ ഡൈവിംഗിലൂടെ യുകെയില്‍ 15 ലക്ഷം രൂപ ശേഖരിച്ചു. യുകെയിലെ നിരവധി നേഴ്‌സിങ് ഹോമുകളുടെ ഉടമയും ഒഐസിസി പ്രസിഡന്റുമായ ഷൈനു ക്ലെയര്‍ മാത്യുസ് 11 ലക്ഷം രൂപയും കായല്‍ റെസ്റ്റോറന്റ് ഉടമയായ ജെയ്മോന്‍ വഞ്ചിത്താനം ഒന്‍പതു ലക്ഷം രൂപയും ഫാ. ജോര്‍ജ്ജ് പുത്തൂര്‍ മൂന്നു ലക്ഷം രൂപയും സാം ജോര്‍ജ്ജ് തിരുവാതിലില്‍, നോയല്‍ സാബു എന്നീ കുട്ടികള്‍ മൂന്നു ലക്ഷം രൂപ വീതവും സമാഹരിച്ചു.

ബ്രിട്ടീഷ് മലയാളി- മറുനാടന്‍ മലയാളി വായനക്കാര്‍ നല്‍കിയ സംഭാവനയാണ് ഈ തുക. മറുനാടന്‍ മലയാളിയുടെ വായനക്കാര്‍ ശാന്തിഗ്രാമിന്റെ അക്കൗണ്ടിലേക്ക് 35 ലക്ഷം രൂപ നല്‍കി. യുകെയില്‍ നിന്നുള്ള പണം ശാന്തിഗ്രാമിന്റെ അക്കൗണ്ടില്‍ എത്തിയതോടെയാണ് ആകെ തുക 1.12 കോടി രൂപ ആയി മാറിയത്. സഹായത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പൂര്‍ണവിവരമാണ് ചുവടെ കൊടുത്തിരിക്കുന്നത്:

അഞ്ച് ലക്ഷം വീതം ലഭിക്കുന്നവര്‍




മൂന്നര ലക്ഷം വീതം ലഭിക്കുന്നവര്‍




മൂന്ന് ലക്ഷം വീതം ലഭിക്കുന്നവര്‍




ഇത്തരത്തില്‍ 28 പേര്‍ക്കാണ് വയനാട് ഉരുള്‍പൊട്ടല്‍ അതിജീവന പദ്ധതിയിലേക്ക് ബ്രിട്ടീഷ് മലയാളിയും മറുനാടന്‍ മലയാളിയും ചേര്‍ന്ന് സഹായം എത്തിക്കുന്നത്. ഞങ്ങളുടെ പ്രാദേശിക പ്രതിനിധിയും കോ-ഓര്‍ഡിനേറ്ററുമായ അജയ് മുഖേനെ ഏതാണ്ട് 70-ലധികം അപേക്ഷകളാണ് ലഭിച്ചത്. തുടര്‍ന്ന് പ്രാദേശിക എം.എല്‍.എ ടി സിദ്ദിഖ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, പ്രാദേശിക സന്നദ്ധ സംഘടനകളായ ആര്‍ഷഭാരത ബഹുജന സമിതി, എബ്രഹാം തുടങ്ങിയവരിലൂടെ അന്വേഷണം നടത്തുകയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സാബു ചുണ്ടക്കാട്ടിലും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയും അടങ്ങുന്ന സംഘം ദുരന്ത ബാധിത പ്രദേശത്ത് എത്തി നേരിട്ടെത്തി കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു.

തുടര്‍ന്ന് തിരഞ്ഞെടുത്ത 28 അപേക്ഷകളില്‍ നിന്നും ദുരന്തത്തിന്റെ തീവ്രത, നിലവിലെ സാഹചര്യം, പ്രായം എന്നിവ അനുസരിച്ച് അവയെ മൂന്നായി തരം തിരിക്കുകയായിരുന്നു. അങ്ങനെയാണ് ആദ്യ മുന്‍ഗണനാ ഗുണഭോക്താക്കളായ 11 പേര്‍ക്ക് അഞ്ചു ലക്ഷം രൂപാ വീതവും രണ്ടാം കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് 3,50,000 രൂപാ വീതവും ബാക്കിയുള്ള മൂന്നാം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഞ്ചു പേര്‍ക്ക് 3,00,000 ലക്ഷം രൂപാ വീതവും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 28 പേരില്‍ ആറു നഴ്സിംഗ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്.