ഇസ്താംബുള്‍: തുര്‍ക്കിയില്‍ കണ്ടെത്തിയ പുരാതന ശവകുടീരങ്ങളും പുരാവസ്തുക്കളും കൊളോസേ എന്ന പുരാതന നഗരത്തെ കുറിച്ചുള്ള പുതിയ തെളിവുകള്‍ നല്‍കുന്നു. ബൈബിളില്‍ സെന്റ് പോള്‍ എഴുതിയ ലേഖനങ്ങളിലൂടെ അനശ്വരമാക്കിയ നഗരമാണിത്. ഹോനാസ് പര്‍വതത്തിന്റെ താഴ്വരയിലെ ഈജിയന്‍ പ്രദേശത്ത് നടത്തിയ ഖനനങ്ങളില്‍ 2,200 വര്‍ഷത്തിലേറെ പഴക്കമുള്ള 60-ലധികം ശവകുടീരങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

ഈ മാസം ആറിന് തുര്‍ക്കിയിലെ സര്‍ക്കാരിന്റെ കീഴിലുള്ള അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത ഈ കണ്ടെത്തലുകള്‍, കൊളോസ്യര്‍ക്കുള്ള തന്റെ ലേഖനത്തില്‍ വിശുദ്ധ പൗലോസ് അഭിസംബോധന ചെയ്ത ഒരു ആദ്യകാല ക്രിസ്ത്യന്‍ സമൂഹത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്ന മേഖലയാണ് കൊളോസേ. യേശു എല്ലാത്തിനും മീതെ പരമോന്നതനാണെന്നും വിശ്വാസികള്‍ അവനില്‍ പൂര്‍ണ്ണരാണെന്നും ആത്മീയ ശക്തികളില്‍ നിന്നും നിയമപരമായ ആചാരങ്ങളില്‍ നിന്നും സ്വതന്ത്രരാണെന്നും പൗലോസ് തന്റെ കത്തില്‍ പറയുന്നു.

നാല് അധ്യായങ്ങളിലായി 95 വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ കത്ത്. ക്രിസ്തുവിന്റെ പങ്കിനെ താഴ്ത്തിക്കെട്ടുന്ന തെറ്റായ പഠിപ്പിക്കലുകള്‍ക്കെതിരെ പൗലോസ് കൊളോസ്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പകരം പുതിയ സൃഷ്ടികളായി ജീവിക്കാനും, മുകളിലുള്ള കാര്യങ്ങളില്‍ മനസ്സ് കേന്ദ്രീകരിക്കാനും, സ്നേഹം, ദയ, ക്ഷമ എന്നിവ ഉള്‍ക്കൊള്ളാനും അവരെ പ്രേരിപ്പിക്കുന്നു. പുതുതായി കണ്ടെത്തിയ നെക്രോപോളിസ് അനറ്റോലിയയിലെ ഇത്തരത്തിലുള്ള നിര്‍മിതികളില്‍ ഏറ്റവും വലുതായിരിക്കാമെന്ന് പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നത്.

പാറയില്‍ വെട്ടിയെടുത്ത തൊട്ടിയുടെ ആകൃതിയിലുള്ള ശവകുടീരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുരാവസ്തു ഗവേഷകനായ ബാരിസ് യെനര്‍ പറഞ്ഞത് ഉപരിതലത്തിലെ മണ്ണ് നീക്കം ചെയ്ത ശേഷം, തങ്ങള്‍ ഏകദേശം 65 ശവകുടീരങ്ങള്‍ തിരിച്ചറിഞ്ഞു എന്നും അതില്‍ 60 എണ്ണം കുഴിച്ചെടുത്തു എന്നുമാണ്. ക്രിസ്തുമതത്തിന്റെ ആഗമനത്തിന് മുമ്പുള്ള കൊളോസിയുടെ ആത്മീയവും സാംസ്‌കാരികവുമായ ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന ശ്രദ്ധേയമായ ഒരു കൂട്ടം പുരാവസ്തുക്കള്‍ ഈ ശവകുടീരങ്ങളില്‍ ഉണ്ടായിരുന്നു.

മരിച്ചയാളുടെ നാണയങ്ങള്‍, ചെരിപ്പുകള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവയ്‌ക്കൊപ്പം ടെറാക്കോട്ട സെറാമിക്സ്, ഗ്ലാസ് കുപ്പികള്‍, എണ്ണ വിളക്കുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തര്‍സസിലെ സാവൂള്‍ എന്ന പേരില്‍ ജനിച്ച സെന്റ് പോള്‍ ക്രിസ്തുമതത്തിന്റെ പ്രചാരണത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു. എ.ഡി. 64 അല്ലെങ്കില്‍ 68-ല്‍ റോമില്‍ അദ്ദേഹത്തെ ശിരഛേദം ചെയ്ത് രക്തസാക്ഷിത്വം വരിച്ചതായി ബൈബിള്‍ പറയുന്നു.

നീറോ ചക്രവര്‍ത്തി ക്രിസ്ത്യാനികളെ പീഡിപ്പിച്ച സമയത്തായിരിക്കാം ഇത്. ക്രിസ്ത്യന്‍ കാലഘട്ടത്തിന് മുമ്പുള്ളതാണ് ഈ ശവകുടീരങ്ങള്‍ എങ്കിലും, കൊളോസെയെ ചരിത്രപരവും സാംസ്‌കാരികവുമായ ഒരു കേന്ദ്രമായി മനസ്സിലാക്കുന്നതിന് അവയുടെ കണ്ടെത്തല്‍ ഏറെ സഹായകരമാകും.