തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച് മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന്‍. താന്‍ പണം വാങ്ങിയെന്നൊരു മൊഴി അനന്തു നല്‍കിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ടയിടങ്ങളില്‍നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അനന്തുകൃഷ്ണനില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും മാത്യു കുഴല്‍നാടന്‍ തുറന്നടിച്ചു. അനന്തുകൃഷ്ണനില്‍ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിനെ വെല്ലുവിളിക്കുകയാണെന്നും ഒരൊറ്റ പൈസ വാങ്ങിയിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.

ഞാന്‍ ഏഴുലക്ഷം രൂപ വാങ്ങിച്ചെന്ന് തെളിയിക്കേണ്ട. സാധാരണക്കാരന്, സാമാന്യജനത്തിന് പ്രഥമദൃഷ്ട്യാ സംശയംതോന്നുന്ന സാഹചര്യങ്ങള്‍ എങ്കിലും ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ആ മൊഴി കണ്ടുവെന്നാണ് ചാനല്‍ പറയുന്നത്. എന്താണ് നിങ്ങളുടെ വിശ്വാസ്യതയെന്നും കുഴല്‍നാടന്‍ ചോദിച്ചു. അനന്തു കൃഷ്ണനില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഈ സമയം വരെ തന്റെ പേര് മൊഴിയില്‍ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. ഒരു അടിസ്ഥാനവും ഇല്ലാതെയാണ് തനിക്കെതിരെയുള്ള വാര്‍ത്തയെന്നും അദ്ദേഹം പ്രതികരിച്ചു. 'കൈരളി' പോലും നല്‍കാത്ത വാര്‍ത്തയാണ് 'റിപ്പോര്‍ട്ടര്‍' നല്‍കുന്നതെന്നും മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ടര്‍ ചാനല്‍ തനിക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കിയെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം. ഏഴു ലക്ഷം രൂപ മാത്യു കുഴല്‍നാടന് നല്‍കിയെന്ന് അനന്തുകൃഷ്ണന്‍ മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടര്‍ ചാനലിലെ പരാമര്‍ശത്തിലാണ് മാത്യു കുഴല്‍നാടന്‍ തുറന്നടിച്ചത്. കൈരളി ടിവി നിങ്ങളേക്കാള്‍ ഭേദമാണെന്നും അവര്‍ അവരുടെ നയം വിട്ട് പെരുമാറില്ലെന്നും നിങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടമായെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. രാജാവിനേക്കാള്‍ വലിയ രാജഭക്തി നിങ്ങള്‍ കാണിക്കുമ്പോള്‍ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാകും.

സ്ഥാപിത രാഷ്ട്രീയം വെച്ചാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഇടപെടുന്നത്. തനിക്കെതിരെ അനന്തുകൃഷ്ണന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. പൊതുപ്രവര്‍ത്തനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തകര്‍ക്കാന്‍ എന്ത് അധികാരമാണ് റിപ്പോര്‍ട്ടര്‍ ചാനലിനുള്ളതെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകന്റെ മേലങ്കി അണിഞ്ഞല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്.

തെളിവിന്റെ ഒരംശം എങ്കിലും പുറത്തുവിടാന്‍ റിപ്പോര്‍ട്ടര്‍ ചാനലിനെ താന്‍ വെല്ലുവിളിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ പണം വാങ്ങിയാണ് വാര്‍ത്തകള്‍ ചെയ്യുന്നതെന്ന് സംശയിക്കുന്നുവെന്നും അവര്‍ നടത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. പാതി വില തട്ടിപ്പിന്റെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ എങ്ങോട്ടാണ് ആരോപണം പോകുന്നത് വ്യക്തമാകുമെന്നും അങ്ങനെയിരിക്കെ തന്നെ ഇതിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

പാതിവില തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. എറണാകുളം ജില്ലയിലെ ഒരു എംഎല്‍ ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാന്‍സിസ് ജോര്‍ജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട വിവരം. മൂവാറ്റുപുഴയിലെ യുവ കോണ്‍ഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നല്‍കിയെന്നും മൊഴിയുണ്ട്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണന്‍ പൊലീസിന് നിര്‍ണ്ണായക മൊഴി നല്‍കിയതെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ വിശദമാക്കിയിരുന്നു.

മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് പണം ബാങ്കിലേയ്ക്ക് നല്‍കാമെന്ന് പറഞ്ഞെങ്കിലും പണമായി കൈമാറിയാല്‍ മതിയെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയുടെ ഉള്ളടക്കം. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന് കൈമാറിയ 45 ലക്ഷം രൂപയില്‍ 15 ലക്ഷം തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കും ബാക്കി 30 ലക്ഷം രൂപ വ്യക്തിപരമായും കൈമാറിയെന്നാണ് മൊഴി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന് 25 ലക്ഷം രൂപ കൈമാറിയെന്നും മൊഴിയില്‍ പറയുന്നു. തങ്കമണി സര്‍വീസ് സഹകരണ ബാങ്കിലേയ്ക്ക് പണം അയച്ചുവെന്നാണ് മൊഴി. അവിടേയ്ക്ക് അയച്ചാല്‍ മറ്റാരുടെയെങ്കിലും പേരില്‍ മാറ്റിയെടുക്കാമെന്ന് സി വി വര്‍ഗീസ് പറഞ്ഞുവെന്നും മൊഴിയിലുണ്ട്.

എന്നാല്‍ അനന്തു കൃഷ്ണനില്‍ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനും നിഷേധിച്ചിരിരക്കുകയാണ്. റിപ്പോര്‍ട്ടറിന്റെ മോര്‍ണിംഗ് ഷോയായ കോഫി വിത്ത് അരുണില്‍ സംസാരിക്കവെ ഇരുവരും ആരോപണം നിഷേധിച്ചിരുന്നു. അനന്തു കൃഷ്ണനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.