കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്ന് വയസ്സുകാരിയെ പീഡ‍ിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അടുത്ത ബന്ധുവിനെ തെളിവെടുപ്പിനായി മറ്റക്കുഴിയിലെ വീട്ടിൽ എത്തിച്ചു. പ്രതിക്കു നേരെ നാട്ടുകാരുടെ ഭാഗത്തുനിന്നു കയ്യേറ്റ ശ്രമമുണ്ടായി. സ്ത്രീകൾ അടക്കം സംഘടിച്ചാണ് വീടിനു മുന്നിൽ എത്തിച്ചത്. ജീപ്പിൽനിന്ന് ഇറങ്ങിയ പ്രതിയെ മുഖം മറയ്ക്കാൻ നാട്ടുകാർ അനുവദിച്ചില്ല. നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നതെന്നു ചോദിച്ചായിരുന്നു ആക്രോശം. പ്രതിയുടെ അടുത്ത ബന്ധുക്കൾ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ പിതാവ് അടക്കമുള്ളവർ വീട്ടിൽ ഉണ്ടായിരുന്നില്ല.

പോലീസ് വളരെ പ്രയാസപ്പെട്ടാണ് തെളിവെടുപ്പ് നടത്തിയത്. അഞ്ച് മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. പ്രദേശത്ത് പൊലീസും പ്രദേശവാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇയാളെ ഇന്നലെയാണ് ചോദ്യം ചെയ്യാനായി പോക്സോ കോടതി 2 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പ് ഇന്നലെ നടന്നില്ല. ഇയാളുടെ പിതാവ് ഇന്നലെ മരിച്ചതിനെ തുടർന്നാണു തെളിവെടുപ്പ് ഒഴിവാക്കിയത്.

തിങ്കളാഴ്ച പ്രതിയെ കോടതിയിൽ തിരികെ ഹാജരാക്കണം. ഇയാൾ മറ്റു കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നറിയാനും സ്വഭാവ വൈകൃതങ്ങളെ കുറിച്ചു പരിശോധിക്കാനുമാണു പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. സുഹാഷ് കുട്ടിയെ ബൈക്കിൽ പല സ്ഥലത്തും കൊണ്ടുപോയിരുന്നു എന്ന വിവരത്തെ തുടർന്നാണു കുട്ടിയെ മറ്റെവിടെയെങ്കിലും കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടോ എന്നു പൊലീസ് പരിശോധിക്കുന്നത്. കുട്ടിയുടെ അമ്മ ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്. വെള്ളിയാഴ്ച മൂഴിക്കുളം പാലത്തിൽ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ പൊലീസ് കസ്റ്റഡി രണ്ടു ദിവസം കൂടി തുടരും. ആവശ്യം വന്നാൽ കസ്റ്റഡി നീട്ടാൻ പൊലീസ് പുതിയ അപേക്ഷ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, കുട്ടിയെ അമ്മ തന്നെയാണ് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. മറ്റക്കുഴിയിലെ ആ മൂന്ന് വയസുകാരി മരിച്ചത്. മൂഴിക്കുളം പുഴയില്‍ നിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്‌കൂബ ഡൈവിങ് സംഘവും രാത്രി വൈകിയും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഒന്‍പത് മണിക്ക് തുടങ്ങിയ തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് പിഞ്ചോമനയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികളിയായിരുന്നു.

കുഞ്ഞിനെ പുഴയിലെറിഞ്ഞത് താന്‍ തന്നെയാണെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മുന്‍പും കുട്ടിയെ യുവതി കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. തങ്ങള്‍ക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞിനെ താന്‍ പുഴയിലെറിഞ്ഞെന്നും മാതാവ് തന്നെ ബന്ധുക്കളോട് പറഞ്ഞതായും വിവരമുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി അയല്‍വാസികളും സ്ഥിരീകരിക്കുന്നുണ്ട്.

കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. മൂഴിക്കുളത്ത് വച്ച് ബസിറങ്ങി പാലത്തിനടുത്തേക്ക് നടന്ന ശേഷം യുവതി കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു.