കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാവണ്ണിലൂടെ ഒരുപാട് പേര്‍ക്ക് സംഘിപട്ടം ചാര്‍ത്തിക്കൊടുത്ത അവതാരകനാണ് അജിംസ്. 'അടുപ്പൂട്ടി ചര്‍ച്ച' എന്ന് സോഷ്യല്‍ മീഡിയ കളിയാക്കുന്ന, ഔട്ട് ഓഫ് ഫോക്കസ് എന്ന സി ദാവൂദ് നയിക്കുന്ന ചര്‍ച്ചയില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തൊട്ട് സുനില്‍ പി ഇളയിടം വരെയുള്ളവര്‍ക്ക് വിവിധ സമയങ്ങളിലായി അവരുടെ പ്രസ്താവനകള്‍ അടര്‍ത്തിയെടുത്ത് സംഘി പട്ടം നല്‍കിയയാളാണ് അജിംസും കൂട്ടരും. എന്നാല്‍ അതേ സന്ദര്‍ഭം ഇപ്പോള്‍ തിരഞ്ഞുകൊത്തുകയാണ്. 'എല്‍ഡിഎഫല്ലാതെ മറ്റാര്' എന്ന മുദ്രാവാക്യത്തെ വിമര്‍ശിക്കാന്‍ അജിംസ് മുസ്ലീങ്ങളുടെ അടിസ്ഥാന വിശ്വാസമായ 'ലാ ഇലാഹാ ഇല്ലല്ലാഹ' എന്നതുമായി താരതമ്യം ചെയ്തതാണ് വന്‍ വിവാദമായത്.

കഴിഞ്ഞ ദിവസം ഇലക്ഷന്‍ വാര്‍ റും എന്ന മീഡിയാവണ്‍ ചര്‍ച്ചക്കിടയാണ് അജിംസിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. -'എല്‍ഡിഎഫല്ലാതെ മറ്റാര് എന്നത് ഒരു അര്‍ത്ഥത്തില്‍ അല്‍പ്പം ഫാസിസ്റ്റ് ചായ്വുള്ള ഒരു മുദ്രാവാക്യമാണ്. അത് ഫാസിസ്റ്റാണ് എന്നല്ല പറയുന്നത്. ഇപ്പോള്‍ മോദി, ഗവണ്‍മെന്റ് ഫാസിസ്റ്റാണോ എന്ന് ചോദിച്ചാല്‍ സിപിഎം പറയുമല്ലോ, ഫാസിസ്റ്റ് പ്രവണതകള്‍ ഉള്ള സര്‍ക്കാര്‍ എന്നൊക്കെ, അതുപോലെ ഈ മുദ്രാവാക്യത്തിന് ചില ഫാസിസ്റ്റ് പ്രവണതകളുണ്ട്. മറ്റാരുമില്ല, എന്ന്. മുസ്ലീങ്ങളുടെ ഒരു ആപ്തവാക്യമുണ്ടല്ലോ, ലാ ഇലാഹില്ലള്ള, മറ്റൊരു ദൈവവുമില്ല അള്ളാഹുവല്ലാതെ, എന്ന് പറയുന്നതുപോലെ അല്‍പ്പം ഫാസിസ്റ്റ് ചായ്വുള്ള മുദ്രാവാക്യമാണ്. ഇത് ഒരു മാര്‍ക്സിയന്‍ രീതിയാണ്....''- ഇങ്ങനെ പറഞ്ഞുപോയി എല്‍ഡിഎഫിന്റെ മുദ്രവാക്യത്തെ വിമര്‍ശിക്കയാണ് അജിംസ്.

പക്ഷേ 'ലാ ഇലാഹാ ഇല്ല്ല്ലാഹ്' ഒരു ഫാസിസ്റ്റ് മൂദ്രാവാക്യമാണ് എന്ന് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അതോടെ വിശ്വാസികളില്‍ ഒരു വിഭാഗവും അജിംസിനെ നേരെ തിരിഞ്ഞു. മുസ്ലീങ്ങളുടെ അടിസ്ഥാന വിശ്വാസം ചോദ്യം ചെയ്ത അജിംസ് സംഘിയാണെന്നും, അറിയാതെ കൂവിപ്പോയ നീലക്കുറുക്കനാണെന്നും വരെ വിമര്‍ശനം വന്നു.

ഇതോടെ ആകെ അടിതെറ്റിപ്പോയ അജിംസ് മാപ്പുമായി രംഗത്തെത്തി. ഇന്ന് മീഡിയാവണ്‍ ചര്‍ച്ചക്കിടെ അദ്ദേഹം മാപ്പും പറഞ്ഞു-'ഇന്നലെ ഇലക്ഷന്‍ വാര്‍ റൂമില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ടാഗ് ലൈനിനെയും ലാ ഇലാഹ ഇല്ലള്ള എന്ന മുസ്ലീങ്ങളുടെ അടിസ്ഥാന വിശ്വാസവാക്യത്തെയും, താരതമ്യം ചെയ്ത് ഞാന്‍ ഒരു വാക്കുപറഞ്ഞിരുന്നു. അത് ഒരു തെറ്റായ സന്ദേശം കൊടുക്കുന്നതാണെന്ന് മനസ്സിലാക്കുന്നു, അതില്‍ നിര്‍വാജ്യം ഖേദിക്കുന്നു''- ഇങ്ങനെ പറഞ്ഞാണ് അജിംസ് തടിയെടുത്തത്.