- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അപ്പെന്ഡിക്സ് പൂർണമായും നീക്കം ചെയ്തില്ല; മുറിവ് ഉണങ്ങാത്തതിനാൽ യുവാവിന് ഒരു വർഷത്തോളം ചികിത്സയിൽ കഴിയേണ്ടി വന്നു; നേവിയിൽ അപ്രന്റീസ്ഷിപ്പ് നഷ്ടമായി; ചികിത്സാപ്പിഴവ് പുറത്ത് വന്നത് മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോൾ; പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ
കൊച്ചി: ചികിത്സാപിഴവിനെ തുടർന്ന് 20കാരന് നഷ്ടമായത് ജീവിത മാർഗ്ഗം. ശസ്ത്രക്രിയയിൽ അപ്പെന്ഡിക്സ് പൂർണമായും നീക്കം ചെയ്യാത്തതിനെ തുടർന്ന് ഒരു വർഷത്തോളമാണ് യുവാവിന് ചികിത്സയിൽ കഴിയേണ്ടി വന്നത്. എറണാകുളം സ്വദേശിനിയാണ് മകനുണ്ടായ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. കോഴഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയാണ് ആരോപണം. ശസ്ത്രക്രിയയുടെ മുറിവ് ഉണങ്ങാത്തതിനെ തുടർന്ന് നേവിയിൽ ലഭിച്ച ജോലിയാണ് യുവാവിന് നഷ്ടമായത്. പരാതിയിൽ പുത്തൻകുരിശ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ചികിത്സപ്പിഴവ് പറ്റിയിട്ടില്ലെന്നാണ് ഡിഎംഒയുടെ നിർദ്ദേശപ്രകാരം നടന്ന കണ്ടെത്തലിന്റെ റിപ്പോർട്ട്.
2023 ഓഗസ്റ് 14നാണ് വയറുവേദനയും പനിയും ബാധിച്ചതിനെ തുടർന്ന് യുവാവിനെ കോഴഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിക്കുന്നത്. യുവാവിന് അപ്പെന്റ്റൈടിസ് രോഗമാണെന്ന് പരിശോധനയിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് സർജറി ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശം നൽകി. ഓഗസ്റ്റ് 15നാണ് യുവാവിന്റെ ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസം യുവാവ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം 7 ദിവസത്തോളം യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ഈ കാലയളവിലും യുവാവിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു എന്നാണ് മാതാവ് മറുനാടനോട് പറഞ്ഞത്.
ഈ കാര്യം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പേടിക്കാനൊന്നും ഇല്ലെന്നും ആരോഗ്യ നില മെച്ചപ്പെടും എന്നുമായിരുന്നു മറുപടി എന്നാണ് പരാതിക്കാരി പറയുന്നത്. ഡിസ്ചാർജ് ചെയ്ത ശേഷവും യുവാവിന്റെ ആരോഗ്യ നിലയ്ക്ക് പുരോഗതിയുണ്ടായില്ല. തുടർന്ന് യുവാവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 ദിവസത്തോളം കുട്ടിയെ അഡ്മിറ്റ് ചെയ്തു. ശസ്ത്രക്രിയയുടെ മുറിവ് ഉണങ്ങിയിട്ടില്ലായിരുന്നു. ഇതിനാൽ എല്ലാ ദിവസവും ആശുപത്രിയിൽ എത്തി മരുന്ന് വെക്കണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിർദ്ദേശം. എന്നാൽ ദിവസവും ആശുപത്രിയിൽ കൊണ്ട് വരുന്നതിലുള്ള ബുദ്ധിമുട്ട് മാതാപിതാക്കൾ ഡോക്ടറോട് പറഞ്ഞിരുന്നു.
ആശുപത്രിയിൽ നിന്ന് മരുന്നുകൾ വാങ്ങി നഴ്സിനെ കൊണ്ട് വീട്ടിൽ വെച്ച് ചികിൽസിച്ചാൽ മതിയെന്നും ആശുപത്രിയിൽ രണ്ട് ദിവസം ആശുപത്രിയിൽ വന്നാൽ മതിയെന്നുമായിരുന്നു ഇവർക്ക് ലഭിച്ച മറുപടി. എന്നാൽ ദിവസങ്ങളോളം ചികിത്സ തുടർന്നിട്ടും ശസ്ത്രക്രിയയുടെ മുറിവ് ഉണങ്ങിയിരുന്നില്ല. മറ്റ് ആശുപത്രികളിൽ കൊണ്ട് പോയിട്ടും ഒരു പരിഹാരമുണ്ടായില്ല. ഇതിനിടെ യുവാവിന് നേവിയിൽ അപ്രന്റീസ്ഷിപ്പ് ലഭിച്ചു. എന്നാൽ മുറിവ് ഉണങ്ങാത്തതിനെ തുടർന്ന് ജോലി ലഭിക്കാതായി. അപ്പോഴേക്കും ശസ്ത്രക്രിയ കഴിഞ്ഞ് 6 മാസത്തോളമായെന്നാണ് പരാതിക്കാരി പറയുന്നത്. ഇതോടെ യുവാവുമായി മാതാപിതാക്കൾ വീണ്ടും ഡോക്ടറെ കണ്ടു.
മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്യണമെന്നായിരുന്നു ഡോക്റ്ററുടെ നിർദ്ദേശം. തുടർന്നാണ് യുവാവിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 2024 ഏപ്രിലിൽ യുവാവിനെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കി. അപ്പോഴാണ് ആദ്യ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ് പുറത്ത് വരുന്നത്. അപ്പെന്ഡിക്സ് പൂർണമായും നീക്കിയിട്ടില്ലെന്ന് കണ്ടെത്തി. ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി പോലീസിൽ അടക്കം മാതാപിതാക്കൾ പരാതി നൽകിയിരുന്നു. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഡിഎംഒ നിർദ്ദേശ പ്രകാരം നടന്ന അന്വേഷണത്തിൽ ആശുപത്രിയ്ക്ക് പിഴവ് പറ്റിയിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. ചികിത്സയ്ക്കായി 10 ലക്ഷത്തിൽപരം രൂപ ചിലവായെന്നാണ് പരാതിക്കാരി പറയുന്നത്.