കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ പരിപാടിക്കിടെ താഴേക്ക് വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ ചികിത്സക്കായി മെഡിക്കല്‍ സംഘം രൂപീകരിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം വൈകാതെ കൊച്ചിയില്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു. ന്യൂറോ ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ വിദഗ്ധ സംഘമാണ് ആശുപത്രിയില്‍ എത്തുക. റിനെയില്‍ ഉള്ള ഡോക്ടര്‍മാരും സംഘത്തിലുണ്ടായിരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

കോട്ടയം, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ സംഘത്തിലുണ്ട്. വീഴ്തയുടെ ആഘാതത്തില്‍ എംഎല്‍എയുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. വളരെ വേഗത്തില്‍ സുഖപ്പെടുന്ന പരിക്കുകളല്ല എംഎല്‍എക്കെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

റിനൈയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്:

എംഎല്‍എയെ കൊണ്ടുവന്നപ്പോള്‍ തന്നെ അബോധാവസ്ഥയിലായിരുന്നു. 15 അടിയോളം ഉയരത്തില്‍ നിന്നാണ് വീണിരിക്കുന്നത്. തലച്ചോറിനേറ്റ ക്ഷതത്തിന്റെ അളവ് പരിശോധിച്ചു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ശേഷമാണ് സ്‌കാനിംഗ് ഉള്‍പ്പെടെ നടത്തിയത്. തലച്ചോറിലും നട്ടെല്ലിലും പരിക്കേറ്റതായി കാണുന്നുണ്ട്. നട്ടെല്ലിന് ചെറിയ പൊട്ടലുണ്ട്. ശ്വാസകോശത്തിലും പരിക്കുണ്ട്. വാരിയെല്ല് ഒടിയുകയും ഇത് കൊണ്ടതിനാല്‍ ശ്വാസകോശത്തിന് കേടുപറ്റുകയും ചെയ്തിട്ടുണ്ട്.

ഇതുകൊണ്ട് തന്നെ ശ്വാസകോശത്തിനുള്ളില്‍ രക്തം കയറി. ശരീരം മുഴുവന്‍ എക്സ്റേ എടുത്തു. തലച്ചോറിലേയും ശ്വാസകോശത്തിലേയും പരിക്കാണ് കാര്യമായി പരിശോധിക്കേണ്ടത്. മുഖത്ത് ചെറിയ പൊട്ടലുകളുണ്ട്. അടിയന്തരമായി ഒരു ശസ്ത്രക്രിയയുടെ ആവശ്യമില്ല. തലയും വാരിയെല്ലും ഇടിച്ചാണ് വീണത്. ഇപ്പോള്‍ എംഎല്‍എ സ്റ്റേബിളാണെന്ന് പറയാന്‍ കഴിയില്ല, 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണ്. തിരക്ക് പിടിച്ച് ഒന്നും ചെയ്യാന്‍ പറ്റില്ല. വളരെ വേഗത്തില്‍ സുഖപ്പെടുന്ന പരിക്കുകളല്ല.

സുരക്ഷാ വീഴ്ച്ചയെന്ന് ഹൈബി ഈഡന്‍

അതേസമയം, ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള പരിപാടി സംഘടിപ്പിച്ച കലൂര്‍ സ്റ്റേഡിയത്തില്‍ മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. ഗാലറിക്ക് മുന്‍വശത്തായി മറ്റൊരു സ്റ്റേജ് നിര്‍മ്മിച്ചായിരുന്നു പരിപാടി. ഇത് വലിയൊരു സ്റ്റേജ് ആയിരുന്നില്ല. ഇവിടെയായിരുന്നു ഉദ്ഘാടന ച്ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇത് പരിശോധിക്കേണ്ടതാണ്. ഉയരത്തിലുള്ള ഗ്യാലറിക്ക് കൃത്യമായ ബാരിക്കേഡ് ഉണ്ടായിരുന്നില്ല. ഒരു ക്യു മാനേജര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനെക്കുറിച്ച് പരിശോധിക്കണം. ഇതൊന്നും പറയേണ്ട സമയമല്ലെന്നും എങ്കിലും ഇത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും എംപി പറഞ്ഞു.

സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുമെന്ന് സംഘാടകരും പ്രതികരിച്ചു. പരിപാടി സംബന്ധിച്ച് പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു. അന്വേഷണം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. അതിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

മന്ത്രി സജി ചെറിയാനും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കം ആശുപത്രിയില്‍ എത്തിയിരുന്നു. യിലെത്തിയിട്ടുണ്ട്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎല്‍എ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.

താഴെ കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ച് വീണ എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തലയിലെ പരിക്കില്‍ നിന്ന് രക്തം വാര്‍ന്നുപോയിട്ടുണ്ട്. തലക്കകത്ത് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും രക്തം കട്ടപിടിച്ചെന്നും സംശയമുണ്ട്. പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ വെന്റിലേറ്ററിലാണ് ഉമ തോമസ്.