- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രീമിയം കൂട്ടാന്‍ യൂണിയന് തയ്യാറല്ല; കവറേജ് വര്‍ദ്ധിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയുമില്ല; വന്‍ നേട്ടമെന്ന് കെട്ടിഘോഷിച്ച മെഡിസെപ്പ് അകാല ചരമത്തിലേക്ക്; മാരണം ഒഴിവായി പോട്ടേയെന്ന് പ്രാര്‍ത്ഥിച്ച് സര്‍ക്കാര്‍ ജീവനക്കാരും
തിരുവനന്തപുരം: പ്രതിസന്ധിയില്‍പ്പെട്ടെങ്കിലും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യസുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പ്രതിസന്ധിയിലേക്ക്. ആര്‍ക്കും വേണ്ടാത്ത പദ്ധതിയായി സര്‍ക്കാര്‍ കെട്ടിഘോഷിച്ചു കൊണ്ടുവെന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് മാറുകയാണ്. മെഡിസെപ്പിന്റെ പ്രശ്നങ്ങളില്‍ പലതും സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള തര്‍ക്കമാണെന്നാണ് സൂചന. 2022ല്‍ തുടങ്ങിയ പദ്ധതി ആദ്യവര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെങ്കിലും രണ്ടാം വര്‍ഷത്തില്‍ സേവനം മെച്ചമല്ലെന്ന പരാതിയാണ് ഉയരുന്നത്. ഇതിനിടെയാണ് പദ്ധതി നിലയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നത്.
മെഡിസെപ്പ് വഴിയുള്ള ക്ലെയിം തുക കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ പ്രതിമാസ പ്രീമിയം 500 രൂപയില്‍നിന്ന് 550 ആയി വര്‍ധിപ്പിക്കണമെന്ന് നടത്തിപ്പുകാരായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ആവശ്യമുന്നയിച്ചത്. വാര്‍ഷിക പ്രീമിയം 6,000 രൂപയില്‍നിന്ന് 6,600 രൂപയായി ഉയര്‍ത്തണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, പ്രീമീയം വര്‍ധിപ്പിക്കുന്നതിനോട് സര്‍ക്കാരിന് താല്‍പ്പര്യമില്ല. ജീവനക്കാരുടെ എതിര്‍പ്പ് തിരിച്ചറിഞ്ഞാണ് ഇത്. ജീവനക്കാരുടെ അതൃപ്തി വരുത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഫലമോ പദ്ധതിയില്‍ ക്ലെയിമുകള്‍ നല്‍കുന്നതില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനി മടികാണിക്കല്‍ തുടങ്ങി. എം പാനല്‍ ചെയ്ത ആശുപത്രികള്‍ പല ചികിത്സകള്‍ക്കും മെഡിസെപ്പില്‍ നിന്ന് നിന്ന് പിന്മാറി. ഇതോടെ വെട്ടിലായത് ജീവനക്കാരും പെന്‍ഷന്‍കാരുമാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് ഈ പദ്ധതിയെന്ന ചോദ്യമാണ് ഉയരുന്നത്.
സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ കുടുംബാംഗങ്ങളും അടക്കം ഏകദേശം 30 ലക്ഷത്തോളം പേരെ ഉള്‍പ്പെടുത്തി 2022 ജൂലായ് മുതലാണ് മെഡിസെപ്പ് നടപ്പാക്കിയത്. ജീവനക്കാരിലും പെന്‍ഷന്‍കാരിലും നിന്ന് മാസം 500 രൂപാവീതം പ്രീമിയം പിടിക്കുന്നുണ്ട്. പ്രതിവര്‍ഷം 660 കോടി രൂപയാണ് കരാറെടുത്ത ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് നല്‍കുന്നത്. എന്നാല്‍ ആദ്യവര്‍ഷം 750 കോടിയും രണ്ടാം വര്‍ഷം 700കോടിയും ചെലവായെന്ന് കമ്പനി പറയുന്നു. കൂടാതെ ഗുരുതര അസുഖത്തിനും അടിയന്തര ചികിത്സയ്ക്കും അവയവമാറ്റത്തിനുമായി 39 കോടിയോളം രൂപ വേറെയും ചെലവായി. ഇതോടെ പദ്ധതി നഷ്ടമാണെന്ന് പറഞ്ഞ് ഇന്‍ഷ്വറന്‍സ് കമ്പനി നടപടി ശക്തമാക്കിയതോടെ പലര്‍ക്കും ചികിത്സാസഹായം നിഷേധിക്കപ്പെട്ടിരുന്നു.
പല ആശുപത്രികളും മെഡിസെപ്പ് പ്രകാരമുള്ള ചികിത്സ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു.ഓറിയന്റല്‍ ഇന്‍ഷ്വറന്‍സുമായുള്ള കരാര്‍ 2025 ജൂണ്‍ 30നാണ് അവസാനിക്കുക. അതിന് മുമ്പ് കമ്പനി പിന്‍മാറിയാല്‍ അത് കരാര്‍ ലംഘനമാകും. നിയമനടപടികള്‍ക്ക് സര്‍ക്കാരിന് അധികാരമുണ്ട്. അതിനാല്‍ നഷ്ടം സഹിച്ചാണെങ്കില്‍ പോലും കമ്പനിക്ക് മെഡിസെപ്പ് അതുവരെ തുടരേണ്ടിവരും. അതു കഴിഞ്ഞ് മുമ്പോട്ട് പോകാന്‍ ഇടയില്ല. അടിയന്തര ചികിത്സയും അവയവമാറ്റ ചികിത്സയുംപോലുള്ളവയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരുവര്‍ഷം കൂടി മെഡിസെപ്പ് പരാതികളില്ലാതെ കൊണ്ടുപോകാം. പക്ഷേ അത് വിവാദങ്ങള്‍ക്ക് ഇട നല്‍കും. ഒരു വര്‍ഷത്തേക്ക് കരാര്‍ പരിഷ്‌കരിച്ച് പ്രീമിയം കൂട്ടുകയാണ് മറ്റൊരു വഴി. എന്നാല്‍ ഇതിനെ ജീവനക്കാരുടെ സംഘടന അനുകൂലിക്കുന്നില്ല. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ നഷ്ടം നികത്താന്‍ ഒരു നിശ്ചിത തുക നല്‍കുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. എന്നാല്‍ സര്‍ക്കാരിന്റെ ധനപ്രതിസന്ധി ഇതിന് അനുവദിക്കുന്നില്ല.
മെഡിസെപ്പ് കാര്‍ഡുമായി പോകുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ മുഖം ചുളിക്കുകയാണെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മറ്റ് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയും ആനുകൂല്യങ്ങളും മെഡിസെപ്പിന് ഇല്ലെന്ന് സര്‍ക്കാര്‍ ജീവനക്കാരും രോഗികളും കുറ്റപ്പെടുത്തുന്നു. പാക്കേജുകളുടെ പേരില്‍ ചൂഷണം നടക്കുന്നുവെന്ന വിമര്‍ശനവും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ മെഡിസെപ്പ് വേണ്ടെന്ന നിലപാടിലാണ് ജീവനക്കാര്‍. വെറുതെ കൈയ്യില്‍ നിന്നും പണം പോകുന്നത് മാത്രമാണ് നടക്കുന്നത്. അല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് അവര്‍ പറയുന്നു. ചികിത്സക്കായി രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോള്‍ പറയുന്ന ആനുകൂല്യത്തിന്റെ മൂന്നിലൊന്നുപോലും ചികിത്സയ്ക്ക് ശേഷം ലഭിക്കുന്നില്ലെന്നാണ് പരാതി. അതുകൊണ്ട് മെഡിസെപ്പിനെതിരാണ് ജീവനക്കാരുടെ ചിന്ത.
ശസ്ത്രക്രിയ്ക്ക് മൂന്ന് ലക്ഷം രൂപ വേണ്ടിവന്നാല്‍, മെഡിസെപ്പിലൂടെ പകുതിയിലധികം തുക ലഭിക്കേണ്ടതാണ്. എന്നാല്‍, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് എഴുതിവാങ്ങുമ്പോഴാണ് രോഗികളും സര്‍ക്കാര്‍ ജീവനക്കാരും മെഡിസെപ്പ് പരിരക്ഷയുടെ യഥാര്‍ഥ കണക്ക് മനസിലാകുന്നത്. ഇരുപത് ശതമാനം തുകപോലും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ജീവനക്കാരില്‍നിന്ന് മാത്രം പ്രീമിയം ശേഖരിച്ചാണ് മെഡിസെപ്പ് പരിരക്ഷയ്ക്കുള്ള തുക സര്‍ക്കാര്‍ കണ്ടെത്തുന്നത്. ഒരുകുടുംബത്തില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ഉണ്ടെങ്കില്‍ രണ്ടാളും പ്രീമിയം അടക്കേണ്ടിവരും. പക്ഷേ ആനുകൂല്യത്തിന്റെ പരിധിയില്‍ ഒരാള്‍ മാത്രമെ വരികയുള്ളൂ. ഇതിന് പുറമേ പാക്കേജുകളുടെ അടിസ്ഥാനത്തിലാണ് മെഡിസെപ്പില്‍ രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നത്. ഒന്നിലധികം അസുഖങ്ങള്‍ക്ക് ഒരേസമയം ചികിത്സ അനുവദിക്കുന്നില്ല. ഒരു അസുഖത്തിന് ചികിത്സയിലിരിക്കെ മറ്റ് അസുഖങ്ങള്‍ക്ക് അതേ ആശുപത്രിയില്‍ പണം അടച്ച് ചികിത്സ തേടേണ്ട സ്ഥിതിയും ഇതുണ്ടാക്കിയിരുന്നു.
മെഡിസെപ്പില്‍ മൂന്ന് ലക്ഷം രൂപയാണ് ചികിത്സാ പരിധിയെങ്കിലും ആദ്യത്തെ ഒരു വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം രൂപ ഉപയോഗിച്ചിരിക്കണമെന്ന വ്യവസ്ഥയുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ ആ തുക പിന്നീട് ഇന്‍ഷുറന്‍സ് കാലയളവില്‍ ഉപയോഗിക്കാനാകാതെ ലാപ്സാകും. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിരസിക്കപ്പെടുകയും ആശുപത്രികള്‍ പിന്മാറുകയും ചെയ്യുമ്പോള്‍ മെഡിസെപ്പ് കരാര്‍ ജീവനക്കാര്‍ക്കു തന്നെ തിരിച്ചടിയാവുകയും ചെയ്തുവെന്നതാണ് വസ്തുത.