മേപ്പാടി: വയനാട്ടില്‍ ഉണ്ടായത് സമാനതകളില്ലാത്ത കാര്‍ഷിക ദുരന്തം. മേപ്പാടി ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലുണ്ടായത് ശതകോടികളുടെ നഷ്ടമാണ്. കൃഷി വകുപ്പ് തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പ്രദേശത്തെ 310 ഹെക്ടറില്‍ കൃഷി നശിച്ചതായി പറയുന്നു. ചൂരല്‍മലയോട് ചേര്‍ന്നുള്ള അപൂര്‍വ സസ്യജാലങ്ങള്‍ ഉള്ള മേഖല സമ്പൂര്‍ണമായും ഇല്ലാതായി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 7 പുതിയ സസ്യ ജാലങ്ങളെ കണ്ടെത്തിയ സ്ഥലമാണ് നശിച്ചത്.

750ല്‍ അധികം കുടുംബങ്ങള്‍ പ്രദേശത്ത് കൃഷിയെ ആശ്രയിച്ചു മാത്രം ജീവിച്ചവരാണ്. ഇവരുടെ ഉപജീവന മാര്‍ഗം അടഞ്ഞു. വാസയോഗ്യമല്ലെന്ന് വിധിയെഴുതിയ പ്രദേശത്ത് ഇനി കൃഷിയിറക്കുന്നതില്‍ പ്രതിസന്ധികളുമുണ്ട്. 6 ഹെക്ടറില്‍ അധികം വനഭൂമിയാണ് ചെളിയില്‍ പൊതിഞ്ഞു. 50 ഹെക്ടര്‍ ഏലം, 100 ഹെക്ടര്‍ കാപ്പി എന്നീ കൃഷികളാണ് പ്രധാനമായും നശിച്ചത്. 70 ഹെക്ടര്‍ കുരുമുളക്, 55 ഹെക്ടര്‍ തേയില, തെങ്ങും, കവുങ്ങും വാഴയും പത്ത് ഏക്കര്‍ വീതവും നശിച്ചു.

2021ലെ പക്ഷി സര്‍വേയില്‍166 ഇനം പക്ഷികളെ അടയാളപ്പെടുത്തിയ പ്രദേശം കൂടിയാണ് ഇത്. 80 കാട് വെട്ട് യന്ത്രങ്ങള്‍, 150 സ്‌പ്രേയര്‍, 750 കാര്‍ഷിക ഉപകരണങ്ങള്‍, 200 പമ്പ് സെറ്റുകള്‍, 150 ലധികം മറ്റ് ഉപകരണങ്ങള്‍ എന്നിവയും നശിച്ചു. അങ്ങനെ കൃഷി സ്ഥലത്തിനൊപ്പം കര്‍ഷകരുടെ പണിയായുധങ്ങളും ഉരുളെടുത്തു. ഒരാഴ്ച മുമ്പാണ് കേരളത്തിന്റെ നെഞ്ചുതകര്‍ത്തുകൊണ്ട് വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ പ്രദേശത്ത് ഉരുള്‍പൊട്ടിയത്.

ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരന്തപ്രദേശമായ മൂന്നുവാര്‍ഡുകളിലെ 750-ഓളം കുടുംബങ്ങള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നെന്നാണ് മേപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ കണക്ക്. വീട്ടുവളപ്പിലെ കൃഷിയും ദുരന്തപ്രദേശത്തെ നഷ്ടമായി കണക്കാക്കുന്നു. കര്‍ഷകര്‍ക്കായി വിതരണംചെയ്ത കാര്‍ഷികവായ്പകള്‍ വിലയിരുത്തുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ് പറഞ്ഞു.

ദുരന്തബാധിതരായി കഴിയുന്നവര്‍ക്ക് അതിജീവനത്തിനായി സാംസ്‌കാരികകേരളം അണിനിരക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംഗീതം, നൃത്തം, മാജിക് തുടങ്ങിയവയിലൂടെ അതിജീവനത്തിന്റെ പുതുലോകം സൃഷ്ടിക്കും. സമാനതകളില്ലാത്ത ദുരന്തമാണ് നമുക്ക് നേരിടേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമഗ്രമായ പുനരധിവാസ പ്ലാന്‍ തയ്യാറാക്കിവരുകയാണ്. ദുരന്തബാധിതരെ മാനസികമായി ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്-മന്ത്രി പറയുന്നു.

അതിജീവനത്തിന്റെ സന്ദേശം പകരുന്ന മികച്ച സാംസ്‌കാരികപരിപാടികളിലൂടെ ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ ഒട്ടേറെ സാംസ്‌കാരിക സാഹിത്യ പ്രതിഭകള്‍ സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പുനരധിവാസഘട്ടത്തിലും സന്നദ്ധപ്രവര്‍ത്തകരുടെ സാന്നിധ്യം ആവശ്യമുണ്ട്. സാഹചര്യത്തിനനുസരിച്ച് അതിനാവശ്യമായ ക്രമീകരണങ്ങള്‍ സാംസ്‌കാരികവകുപ്പ് ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.