തിരുവനന്തപുരം: വയനാട് ദുരന്തത്തിന് ശേഷം മുല്ലപെരിയാര്‍ വിഷയം കേരളത്തില്‍ ആശങ്കജനിപ്പിക്കുന്ന വിഷയമായി ഉയര്‍ന്നു വരുന്നുണ്ട്. ഇതിനിടെ വിഷയത്തില്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തുണ്ട്. ഡാ ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവും പലരും ഉയര്‍ത്തുന്നു. സോഷ്യല്‍ മീഡിയയിലും കാമ്പയിനുകള്‍ സജീവമാണ്. ഇതിനിടെയാണ് വിഷയത്തില്‍ പ്രതികരണവുമായി നര്‍ത്തകി മേതില്‍ ദേവിക രംഗത്തുവന്നത്.

ഭരണത്തില്‍ ഇരിക്കുന്ന രാഷ്ട്രീയ നേതാക്കളോടാണ് അവര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഭ്യര്‍ത്ഥനയുമായി രംഗത്തുവന്നത്. ഒരു വലിയ ദുരന്തമുണ്ടാകാന്‍ കാത്തുനില്‍ക്കാതെ, രാഷ്ട്രീയ വ്യത്യാസം മറന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരിഹാരത്തിനായി എല്ലാവരും ഇടപെടണമെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ദുരന്തം ഒഴിവാക്കാന്‍ മാനുഷിക ഇടപെടലാണ് വേണ്ടത്. മുല്ലപ്പെരിയാല്‍ ഡാമിന്റെ ഇപ്പോഴത്തെ സ്ഥിതി ആശങ്കാജനകമാണെന്ന ആധികാരിക റിപ്പോര്‍ട്ടുകള്‍ അടക്കം പുറത്തുവന്നതാണ്. എന്നിട്ടും പലകാരണങ്ങള്‍ കൊണ്ടു കൃത്യമായ നടപടികള്‍ എടുക്കാതെ നീട്ടിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്. ഇതില്‍ പൗരസമൂഹവും ശാസ്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും, സെലിബ്രിറ്റികളും എല്ലാവരും പൊതുജനതാല്‍പ്പര്യം മുന്‍നിര്‍ത്തി മുന്നിട്ടിറങ്ങേണ്ട സമയമാണിത്. അധികാരികളില്‍ സമ്മര്‍ദ്ദധം ചെലുത്തി എത്രയും വേഗം വിഷയം ശ്രദ്ധയില്‍ പെടുത്തണം. ആശങ്കകള്‍ അകറ്റാന്‍ വേണ്ടത് ടണല്‍ നിര്‍മാണമോ അതോ ഡാം ഡീകമ്മീഷന്‍ ചെയ്യലോ ആണ് മാര്‍ഗ്ഗമെങ്കില്‍ എത്രയും വേഗം വേണ്ടതുണ്ടെന്നും മേതില്‍ ദേവിക പോസ്റ്റില്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.

മുല്ലപ്പെരിയാര്‍ വിഷയം ഇന്നലെ ഇടുക്കി എം പി ലോക്‌സഭയില്‍ ഇന്നലെ ഉന്നയിച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നുമാണ് അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്.

മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നുമാണ് ആവശ്യമെന്ന് ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണം. പുതിയ ഡാം വേണമെന്നതുതന്നെയാണ് ആവശ്യം. 130 വര്‍ഷം പഴക്കമുള്ള ഡാമാണത്. പിന്നെ എങ്ങനെ അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാന്‍ കഴിയും. പുതിയ ഡാം പുതിയ കരാര്‍ എന്നതായിരുന്നു കേരളം മുന്നോട്ടുവെച്ചിരുന്നത്. അതോടെപ്പം തമിഴ്‌നാടിന് ആവശ്യത്തിന് ജലം നല്‍കണമെന്ന നിലപാടും സംസ്ഥാനം സ്വീകരിച്ചിരുന്നു.

നിയമസഭയില്‍ പാസാക്കിയ കാര്യമാണിത്. വിഷയത്തില്‍ ഇടപെടാതെ കേന്ദ്രം കൈയും കെട്ടി നില്‍ക്കുകയാണ്. തമിഴ്‌നാടിനെകൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഡാം നിര്‍മിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. രണ്ട് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ വിളിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണം. എം.കെ. സ്റ്റാലിനുമായി സംസാരിക്കുമെന്ന് പലതവണ പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് നടക്കുന്നില്ല, ഡീന്‍ പറഞ്ഞു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എം.പി. രാജ്യസഭയില്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.