അടൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അടൂര്‍ കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അപ്രേമിനെ ഭദ്രാസന ഭരണത്തില്‍ നിന്നു നീക്കി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെതാണ് തീരുമാനം.

സഭയുമായി ബന്ധപ്പെട്ട എല്ലാ ഭരണപരമായ കാര്യങ്ങളില്‍ നിന്നും സഭയുടെ വൈദിക സെമിനാരിയിലെ ചുമതലകളില്‍ നിന്നും താല്ക്കാലികമായി മാറ്റി. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് നടത്തിയ പ്രസംഗങ്ങളില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക നിലപാടുകള്‍ക്ക് എതിരായ പരാമര്‍ശങ്ങളാണ് നടപടിക്ക് കാരണമായത്.

'1934 ലെ ഭരണഘടന' എന്ന പേരില്‍ അറിയപ്പെടുന്ന മലങ്കര സഭാ ഭരണഘടനയെ താഴ്ത്തി സംസാരിച്ചു, സഭയ്ക്ക് അനുകൂലമായ കോടതി വിധികള്‍ അപ്രധാനമാണെന്ന് പ്രചരിപ്പിച്ചു. ഇത് വിശ്വാസികള്‍ക്കിടയില്‍ എതിര്‍പ്പുകളും പ്രതിഷേധങ്ങളും സൃഷ്ടിച്ചിരുന്നു.





സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ലഭിച്ച പരാതികള്‍ പരിഗണിക്കുവാന്‍ ചേര്‍ന്ന പ്രത്യേക സുന്നഹദോസിലാണ് മാര്‍ അപ്രേമിനെ ചുമതലകളില്‍ നിന്നും നീക്കാന്‍ തീരുമാനിച്ചത്. 30 അംഗങ്ങളില്‍ 29 പേരും മാര്‍ അപ്രേമിന് എതിരായ നിലപാടാണ് സ്വീകരിച്ചത്.