ലണ്ടന്‍: ലോകമെമ്പാടും പ്രവര്‍ത്തിക്കാന്‍ ചാരന്‍മാരെ തേടി ബ്രിട്ടീഷ് ചാരസംഘടന. ചാരന്‍മാരുടെ വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തു വിടാതിരിക്കാന്‍ എംഐ-16 പുതിയ ഡാര്‍ക്ക് വെബ്ബും തുടങ്ങിയിരിക്കുകയാണ്. റഷ്യയില്‍ നിന്നുള്ള പുതിയ ചാരന്മാരെ ഓണ്‍ലൈനില്‍ ആകര്‍ഷിക്കുന്നതിനായിട്ടാണ് പ്രധാനമായും ഈ പോര്‍ട്ടല്‍ ആരംഭിച്ചത് എന്നാണ് പറയപ്പെടുന്നത്.

ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയാണ് സുരക്ഷിത സന്ദേശമയയ്ക്കല്‍ പ്ലാറ്റ്‌ഫോമായ സൈലന്റ് കൊറിയര്‍ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. എം ഐ 16 മേധാവി സര്‍ റിച്ചാര്‍ഡ് മൂര്‍ സ്വന്തം യൂട്യൂബ് വീഡിയോയിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് രഹസ്യമായി ഡാര്‍ക്ക് വെബിലേക്ക് ആക്‌സസ് ചെയ്യാന്‍ ലോകമെമ്പാടുമുള്ള ഇക്കാര്യത്തില്‍ താല്‍പ്പര്യമുളളവരോട് അഭ്യര്‍ത്ഥിച്ചു. റിച്ചാര്‍ഡ് മൂര്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്.

എം ഐ-16 മേധാവി എന്ന നിലയിലുള്ള തന്റെ അവസാന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. റഷ്യയെ കൂടാതെ ചൈന, ഇറാന്‍, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചാരന്മാരെ കൂടി ലക്ഷ്യമിട്ടാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചിരിക്കുന്നത്. ഇന്നലെ ഇസ്താംബൂളില്‍ നിന്ന് നടത്തിയ പ്രസംഗത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിന് തീരെ താല്‍പ്പര്യമില്ലെന്ന് റിച്ചാര്‍ഡ് മൂര്‍ കുറ്റപ്പെടുത്തി. പുട്ടിന് ഒരിക്കലും യുക്രൈനില്‍ വിജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യയുടെ സമ്പദ്വ്യവസ്ഥ ദീര്‍ഘകാല തകര്‍ച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ യുദ്ധ നീക്കങ്ങളെ ചൈന പിന്തുണയ്ക്കുന്നുണ്ടെന്നും എംഐ-16 മേധാവി ആരോപിച്ചു.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവൈറ്റ് കൂപ്പര്‍ നേരത്തേ വ്യക്തമാക്കിയ ഒരു കാര്യം ഏതൊരു സര്‍ക്കാരിന്റെയും പ്രഥമ കടമ ദേശീയ സുരക്ഷ ആണെന്നാണ്. 'ലോകം മാറുകയും നമ്മള്‍ നേരിടുന്ന ഭീഷണികള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍, യു.കെ എപ്പോഴും എതിരാളികളേക്കാള്‍ ഒരു പടി മുന്നിലാണെന്ന് ഉറപ്പാക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടന്റെ ഇന്റലിജന്‍സ് സംവിധാനം ലോകോത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ പോര്‍ട്ടല്‍ വെള്ളിയാഴ്ച മുതല്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. പോര്‍ട്ടല്‍ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ എം ഐ.16 ന്റെ പരിശോധിച്ചുറപ്പിച്ച യൂ ട്യൂബ് ചാനലില്‍ ലഭ്യമാകും. 2023 ല്‍ അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എ റഷ്യയില്‍ നിന്നുള്ള ചാരന്‍മാര്‍ക്കായി സമാനമാ.യ

രീതിയില്‍ സംവിധാനം ഒരുക്കിയിരുന്നു. ഇതിന് മുമ്പ് സി.ഐ.എയുടെ ചൈനയിലെ ചാരന്‍മാര്‍ക്ക് വലിയ തോതിലുള്ള തിരിച്ചടി ഏറ്റതിന് ശേഷമാണ് അമേരിക്ക ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത്.